2009, ഡിസംബർ 18, വെള്ളിയാഴ്‌ച

ഇന്ന്, വീണുടഞ്ഞ
കണ്ണാടി പോലെ
നീ മനസ്സിലെവിടെയും
ചിതറിക്കിടക്കുന്നു.
നിന്നെക്കടന്നു പോകുമ്പോഴെല്ലാം
എന്റെ ചിന്തകള്‍ക്ക്‌
മുറിവേല്‍ക്കുന്നു...

2009, ഡിസംബർ 2, ബുധനാഴ്‌ച

മത്തിതേടി..

വിശപ്പിനെ വെല്ലുവിളിച്ച്
അരി വാങ്ങാന്‍ കാശിനായി
..
മത്തിതേടി കടലില്‍ പോയവന്‍
ആറു കൊല്ലം കഴിഞ്ഞും
മടങ്ങി വന്നില്ല. ,

കരയില്‍ കാത്തിരുന്നവളുടെ
പുകയൂറ്റിയ കണ്ണുകളില്‍
കാണാം അടങ്ങാത്ത
ഒരു കടല്‍.,

കരഞ്ഞു കരഞ്ഞു
അവളുടെ കണ്ണീരിന്നും
വരണ്ടുണങ്ങിയ ചുണ്ടിൽ
ഒഴുകിയെത്തിയെങ്കിലും.,

വര്‍ഷങ്ങള്‍ക്കക്കരെ
നിന്ന് തീരത്തേക്ക്‌
തുഴഞ്ഞടുക്കുന്ന ഒരു കൊച്ചു
തോണിക്കാരനുമവന്റെ പാട്ടും.,

അച്ഛനോടൊത്തുണ്ണാന്‍
കാത്ത്‌ കാത്ത്‌,മയങ്ങിപ്പോയ
കുഞ്ഞുകിടാങ്ങളുടെ സ്വപ്നം.

ഇന്നവളുടെ
മുറ്റത്തെ കിണര്‍
വെള്ളത്തിലുപ്പ്‌ ചേര്‍ത്തതാര്‌??

കണ്ണീരോ കടലോ.. ..
അതോ.,അവളുടെ
കഷ്ടപ്പാടിന്റെ
വിയർപ്പുതുള്ളികളോ??

2009, ജൂലൈ 26, ഞായറാഴ്‌ച

ചില രാത്രികളില്‍ മാത്രമാണ്
ഭാവനയുണരുന്നത്;
ഗര്‍ഭപാത്രത്തെച്ചുട്ടുനീറ്റുന്ന
പേറ്റുനോവ്‌ പോലെ ,
ഉച്ചി മുതല്‍ പാദം വരെ
പെരുത്തു കയറുന്ന വേദനയാണ്
നെഞ്ചിലൊരു പുളിച്ചു തികട്ടല്‍ !
അസ്ഥികളിലൂടെ
അരിച്ചരിച്ചിറങ്ങുന്ന വേദന
കടിച്ച്ചമര്‍ത്തിപ്പുലരുവോളം!
പേറെടുപ്പിനു
സാക്ഷ്യം വഹിച്ച പ്രഭാതം ;
പിറവിക്കു പേരുമിട്ടു,കവിത !!

2009, മേയ് 10, ഞായറാഴ്‌ച

ഇന്നലെയുടെ അര്‍ത്ഥതലങ്ങള്‍ ഭയന്ന്
പണ്ടേ പടിയടച്ച്‌ പിണ്ഡം വെച്ചവ:

ആത്മഹത്യയും ഭ്രാന്തും
പടിപ്പുരയില്‍ മുട്ടിവിളിച്ചുകൊണ്ടേയിരുന്നു...

വാതില്‍ കടക്കുന്ന നിമിഷത്തില്‍
അവ വ്യാഖ്യാനങ്ങള്‍ എഴുതിത്തുടങ്ങും..

ഡയറിത്താളില്‍ കുറിച്ചിട്ട കവിതയില്‍ നിന്ന്
പ്രണയ നൈരാശ്യം ചികെഞ്ഞെടുക്കും..

അടഞ്ഞു കിടക്കുന്ന മുറികളില്‍ കയറിയിറങ്ങി
അനാഥത്വത്തെ തട്ടിയുണര്‍ത്തും..

കരിന്തിരി കത്തുന്ന വിളക്കില്‍ നിന്ന്
ദാരിദ്ര്യം കണ്ടെടുക്കും...

അതിനാല്‍ ഞാന്‍ പടിപ്പുരവാതില്‍
എന്നെന്നേക്കുമായി അടച്ചു;
നിലാവില്‍ ഉണങ്ങാനിട്ട
സ്വപ്നങ്ങള്‍ക്ക് കാവലിരുന്നു...