2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച


നഷ്ടങ്ങള്‍ 


 നഷ്ടങ്ങള്‍ എത്ര ചെറുതാണെങ്കിലും വേദനയാണ്‌. കരുതിവച്ചിരുന്നതെന്തോ കൈവിട്ടു പോകുന്നു. ആ സംഗതിയോടുള്ള ഇഷ്ടംകൊണ്ടല്ലേ ഞാനത്‌ സ്വന്തമാക്കിയത്‌. എന്നിട്ടിപ്പോള്‍ അതെന്റേതല്ലാതാകുന്നു. കുഞ്ഞും നാളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ലൊട്ടുലൊടുക്ക്‌ സാമാനങ്ങള്‍, ഒരു പക്ഷിത്തൂവല്‍,ഒഴുകാൻ മറന്നൊരു കടലാസു തോണി..
പൊട്ടിയ സ്ലേറ്റ്, പെൻസിൽ..
വക്കുപൊട്ടിയ കണ്ണൻ ചിരട്ട..
ചിതറിയ മഴവില്ലിന്റെ വളപ്പൊട്ടുകൾ....
.... എവിടെയോ കളഞ്ഞു പോകുന്നു. എനിക്കുചുറ്റുമുള്ള ലോകം തന്നെ ഇല്ലാതാകുന്നതുപോലെ. എന്നിട്ടും ഒരു സത്യമുണ്ട്‌. വേഗം, ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വേഗം ഞാനവയൊക്കെ മറന്നുപോയി. ഇത്തിരി നൊമ്പരത്തിന്റെ ഓര്‍മ്മ പോലും പാടെ ഇല്ലാതായി.

പക്ഷേ ഇപ്പോള്‍ ഞാനൊരു നഷ്ടത്തിലാണ്‌. സമയത്തിനു മായ്ക്കാന്‍ വയ്യാത്ത ഒരു നഷ്ടം. ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണെനിക്ക്‌ നഷ്ടമായിരിക്കുന്നത്‌. ഒരു സ്വപ്നം! ഏറെ മധുരതരവും, സുഖകരവുമായ ഒരു സ്വപ്നം. എത്ര സങ്കടനേരത്തും കണ്ണീരിലും ആ സ്വപ്നത്തിന്റെ നനുത്തവിരലുകള്‍ എന്റെ കണ്ണുനീരൊപ്പിയിരുന്നു. നിലാവില്ലാത്ത രാത്രിയില്‍ കടലില്‍ ആകാശത്തിനും വെള്ളത്തിനുമിടയില്‍ ഒഴുകിയലഞ്ഞിരുന്ന എനിക്കുമുന്‍പില്‍ അങ്ങുദൂരെയെങ്കിലും തെളിഞ്ഞു കത്തിയിരുന്ന ഒരിത്തിരി വെട്ടമായിരുന്നു ആ സ്വപ്നം. അതിന്ന് കെട്ടുപോയിരിക്കുന്നു.

ഞാനെത്രയോ തവണ കണ്ണടച്ചും തുറന്നും നോക്കി. ഇല്ല... ഒരു കണികപോലും അവശേഷിച്ചിട്ടില്ല. തികച്ചും അനന്തതയിലെക്കുള്ള ഒരൊളിച്ചോട്ടം. ഒരു യാത്രപോലും പറായാതെ.... പകരം വയ്ക്കാനാവില്ല. തിരിച്ചു കിട്ടാനും പോണില്ല. ഹോ കാലമേ, വസന്ത ശിശിരങ്ങളെ തേരിലേറ്റി നീ എന്റെ തലയ്ക്കു മീതെ പാഞ്ഞു പോകുമ്പോള്‍ ഞാനറിയാതെ മോഹിക്കുന്നു. ഏതോ ഒരു നിലാ പൗര്‍ണ്ണമിയില്‍ നീ എടുത്തുകൊണ്ടുപോയ ആ സ്വപ്നം ഒരു നിമിഷത്തേയ്ക്കെങ്കിലും ഒന്നു തിരിച്ചുതരില്ലേ?

ചിതറിത്തെറിച്ച സ്വപ്നങ്ങളെ
തിരിച്ചെടുക്കാന്‍ ഞാന്‍ മെനക്കെട്ടില്ല;
കൈവിട്ടതിനെ തിരികെ നേടാനും.......

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഉണരുന്നത്

വീണ്ടും കരഞ്ഞു

തളര്‍ന്നുറങ്ങാന്‍!

കൊതിക്കുന്നു പലതും

കൊതിപ്പിക്കുന്നു പലരും!

ഒരു ചെറു പുഞ്ചിരിയാല്‍

ഞാനിന്നറിയുന്നു;

ജീവിതം പലപ്പോഴും

ഒരു നല്ല ചോദ്യ ചിഹ്നം ''?''

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

നീ മാത്രമെനിക്ക് ഭാവനയുടെ ചിലങ്കകള്‍ സമ്മാനിച്ചു , ഒരു കൊട്ടാരം നര്‍ത്തകിയെപ്പോലെ ഞാന്‍ മതിമറന്നു നൃത്തം ചെയ്തു....എന്റെ മനസ്സില്‍ ആനന്ദമായിരുന്നു ..പക്ഷേ..അരികില്‍ നിന്നും നീ മാത്രം മാഞ്ഞതും ഋതുക്കള്‍ മാറിയതും , ഞാനറിഞ്ഞില്ല ...... എന്റെ കാല്‍ചിലങ്കകളുടെ ശബ്ദം മാത്രം ഞാന്‍ കേട്ടു...

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

കാറ്റിന്
സ്നേഹത്തിന്റെ കുളിരാണ്.
ഓര്‍മ്മകള്‍ തികട്ടുമ്പോള്‍,
പ്രണയത്തിന്റെ ചുടു നിശ്വാസങ്ങള്‍ക്ക്
കുളിരു പകരുവാന്‍ വെമ്പല്‍
കൊള്ളുന്ന പോലെ.
പൂക്കളില്‍ തഴുകി,
ഓളങ്ങളില്‍ തഴുകി,
എന്നടുത്തെത്തുമ്പോള്‍
ആ കുളിരില്‍ ഞാന്‍ ലയിച്ചു
പോയെങ്കില്‍ എന്നാശിച്ചു പോകും. ..

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

വാക്കുകള്‍ ഹൃദയത്തിന്റെ
താളിലെഴുതുമ്പോള്‍
തുടിക്കുന്നൊരീ മനസ്സിന്റെ കാഴ്ചയില്‍
നിറങ്ങള്‍ നിറയുന്നു...

ചില്ലുടഞ്ഞ കണ്ണാടിയില്‍
കാണുന്ന വ്യത്യസ്ത
മുഖങ്ങള്‍ പോലെ,
പല പല ചിന്തയില്‍
ചുട്ടെടുത്ത അക്ഷരങ്ങള്‍.

ഉള്ളിന്റെ ഉള്ളില്‍ എവിടൊക്കെയോ
പുകയുന്ന നഷ്ടബോധം

കുറിക്കുന്നു ഞാനിവിടെ...

നിന്നെ മറന്നെന്നു കരുതി  

ആശ്വസിക്കുമ്പോഴും ,

ഇടയ്ക്ക് ,

നിന്‍റെ മേല്‍വിലാസമന്യേഷിച്ച്,

ഒറ്റയ്ക്കും തെറ്റക്കുമായി 

ചില വാക്കുകള്‍ 

എന്‍റെ വീട്ടുപടിക്കലെത്താറുണ്ട് . 

ഇരുമ്പു പട്ടയടിച്ച,

         അടച്ചിട്ട വാതിലിനു മുന്‍പില്‍ 

         നിന്ന് പരുങ്ങാറുണ്ട് 

         കണ്ണുകളില്‍ ദൈന്യം നിറച്ച് 

       കാത്തു കാത്തിരിക്കാറുണ്ട് .

       ഒരു ദിവസം ഒരു പൂ പോലെ 

       വാടി തളര്‍ന്നു വീഴും .

       പിന്നെയെങ്ങോട്ടോ 

        മറയും .

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച



എഴുതാന്‍ ഒരു വിഷയമില്ല
എന്ന ചിന്തയായിരുന്നു...മനസ്സില്
...അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കറണ്ട്‌പോക്ക്.....

വൈകുന്നേരങ്ങളിലെ കാറ്റും മഴയും കറണ്ട്‌ പോക്കും ഒരു ശീലമായപ്പോൾ മെഴുകുതിരിയെ ആശ്രയിക്കാതെ വയ്യ....

മെഴുകുതിരികള്‍ എടുത്തു നടന്നു.
അടുക്കളയിൽ ചെന്നിട്ടു ഭഗീരഥപ്രയത്നം തന്നെ വേണ്ടി വന്നു തീപ്പെട്ടി തപ്പിയെടുക്കാൻ.. "അമ്മയ്ക്കിതോന്നെടുത്തു എളുപ്പം കിട്ടുന്നിടത്തു വെച്ചൂടെ...?"


കട്ടിലിന്റെ തലവശത്ത് തന്നെ മെഴുകുതിരി പ്രതിഷ്ടിച്ചു. അതിന്റെ ഇഴപിരിഞ്ഞു നിന്നിരുന്ന രണ്ടു നാരുകൾ ഒരുമിച്ചു കത്തുന്നത് കാണാൻ നല്ല കൗതുകം . ഒരിക്കലും പിരിയാത്ത സുഹൃത്തുക്കളാണെന്ന് തോന്നിപ്പോകും. ഈ നാരുകളാണ് മെഴുകുതിരിക്കു ജീവൻ നല്കുന്നത്. വ്യക്തമായി പറഞ്ഞാൽ മെഴുകുതിരിയുടെ ആത്മാവ്. തിരികൾ കത്തിത്തീരുന്നതിനനുസരിച്ചു അത് അതിന്റെ മെഴുകു ആവരണം പോഴിച്ചുകൊന്ടെയിരുന്നു. ഒന്നാലോചിച്ചാൽ മനുഷ്യന്റെ അവസ്ഥയും ഇത് തന്നെയല്ലേ...? ആത്മാവ് നശിച്ചു പോകുമ്പോൾ അതും അതിന്റെ ബാഹ്യമായ ആവരണം ഉപേക്ഷിക്കുന്നു.


അയ്യോ...!. മെഴുകുതിരി മുക്കാൽ ഭാഗത്തോളം കത്തിത്തീർന്നിരിക്കുന്നു. എത്ര പെട്ടന്നാ ല്ലേ...!
ഒരു മെഴുകുതിരിയുടെ ജനനവും മരണവും, എല്ലാം നിമിഷങ്ങൾ കൊണ്ട് തീര്ന്നു പോകുന്നു... സമീപത്തെ മേശമേൽ വെച്ച മെഴുകുതിരി എന്നെ നോക്കി ചിരിക്കുന്നപോലെ... ഇനി അവന്റെ ഊഴമാ...
സ്വയം എരിഞ്ഞുമറ്റുള്ളവര്ക്ക് പ്രകാശമാകുന്നവർ

നമിക്കാതെ വയ്യ...!
ഏകാന്തതയുടെ ചുവ മാത്രമുള്ള ദിവസങ്ങള്‍..
പറയുവാനോ പറയുന്നത് കേള്‍ക്കുവനോ 
 മറ്റൊരാളില്ലാത്ത നിമിഷങ്ങള്‍..
വേദന അമര്‍ന്നു കണ്ണിലൂടെ ഒലിച്ചിറങ്ങിയ 
നിശബ്ദമായി നീറുന്ന നിമിഷങ്ങള്‍... 
പ്രതീക്ഷകള്‍ക്ക് നാളെ എന്നൊന്നില്ലാത്ത ദിനങ്ങള്‍...
മഴ തോരുവോളം നാല് ചുവരുകള്‍ ...
സാക്ഷി നിര്‍ത്തി തേങ്ങി കരഞ്ഞു.. ആരും കേള്‍ക്കാതെ കാണാതെ.....