2009, ഡിസംബർ 18, വെള്ളിയാഴ്‌ച

ഇന്ന്, വീണുടഞ്ഞ
കണ്ണാടി പോലെ
നീ മനസ്സിലെവിടെയും
ചിതറിക്കിടക്കുന്നു.
നിന്നെക്കടന്നു പോകുമ്പോഴെല്ലാം
എന്റെ ചിന്തകള്‍ക്ക്‌
മുറിവേല്‍ക്കുന്നു...

2009, ഡിസംബർ 2, ബുധനാഴ്‌ച

മത്തിതേടി..

വിശപ്പിനെ വെല്ലുവിളിച്ച്
അരി വാങ്ങാന്‍ കാശിനായി
..
മത്തിതേടി കടലില്‍ പോയവന്‍
ആറു കൊല്ലം കഴിഞ്ഞും
മടങ്ങി വന്നില്ല. ,

കരയില്‍ കാത്തിരുന്നവളുടെ
പുകയൂറ്റിയ കണ്ണുകളില്‍
കാണാം അടങ്ങാത്ത
ഒരു കടല്‍.,

കരഞ്ഞു കരഞ്ഞു
അവളുടെ കണ്ണീരിന്നും
വരണ്ടുണങ്ങിയ ചുണ്ടിൽ
ഒഴുകിയെത്തിയെങ്കിലും.,

വര്‍ഷങ്ങള്‍ക്കക്കരെ
നിന്ന് തീരത്തേക്ക്‌
തുഴഞ്ഞടുക്കുന്ന ഒരു കൊച്ചു
തോണിക്കാരനുമവന്റെ പാട്ടും.,

അച്ഛനോടൊത്തുണ്ണാന്‍
കാത്ത്‌ കാത്ത്‌,മയങ്ങിപ്പോയ
കുഞ്ഞുകിടാങ്ങളുടെ സ്വപ്നം.

ഇന്നവളുടെ
മുറ്റത്തെ കിണര്‍
വെള്ളത്തിലുപ്പ്‌ ചേര്‍ത്തതാര്‌??

കണ്ണീരോ കടലോ.. ..
അതോ.,അവളുടെ
കഷ്ടപ്പാടിന്റെ
വിയർപ്പുതുള്ളികളോ??