2011, ജനുവരി 31, തിങ്കളാഴ്‌ച


രാധാമാധവം

മനസ്സുകൊണ്ട് ഞാനൊരു കൃഷ്ണ ഭക്തയാണെങ്കിലും രാധയെ കുറിച്ച് ചിന്തിച്ചാല്‍ ഞാന്‍ പലപ്പോഴും ആശയക്കുഴപ്പത്തിലാവും.

പ്രണയം അന്നും ഇന്നും സ്ത്രീക്ക് വേദന മാത്രമാണെന്നാണ് രാധാകൃഷ്ണ പ്രണയത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്..കൃഷ്ണനെ അവതാര പുരുഷന്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ ,ഒരു പാവം പെണ്‍കുട്ടിയെ പ്രണയത്തില്‍ പെടുത്തി ദു:ഖപുത്രി ആക്കി മാറ്റിയ ഒരാളായിട്ടെ കാണുവാന്‍ കഴിയൂ..തന്നെക്കാള്‍ പ്രായക്കൂടുതലുള്ള രാധയോടുള്ള പ്രണയം മാംസ നിബദ്ധമായിട്ടെ കരുതുവാന്‍ നിവൃത്തിയുള്ളൂ....ഗീതാഗോവിന്ദത്തില്‍ ഒഴികെ എവിടെയും രാധയെ ഒരു മുഖ്യ കഥാപാത്രമായി വര്‍ണ്ണിക്കുന്നില്ല..കൃഷ്ണന്‍റെ ബാല്യകാല സഖി എന്ന നിലയില്‍ മാത്രമേ രാധക്ക്സ്ഥാനം ഉള്ളൂ..

പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് രാധയുടെ ജീവിതം കൃഷ്ണ ഭക്തിയില്‍ ഒതുങ്ങിയോ?അതോ ,രുഗ്മിണിയും ,സത്യഭാമയും കൃഷ്ണന്‍റെ ഭാര്യമാരായി വന്നപ്പോള്‍ രാധ അവരുടെ നിഴലായി മാറിയോ??
ഭക്തിയുടെ മറവില്‍ എന്ത് പേര് വിളിച്ചാലും എന്‍റെ ചിന്തകളില്‍ രാധ എന്നും ഒരു ദു:ഖപുത്രി ആണ്.. പുരുഷന്‍റെ ഇന്ഗിതത്തിനു വഴങ്ങി ഒടുവില്‍ ജീവിതം നഷ്ടപ്പെട്ട ഒരു പ്രണയിനി...മൂല്ല്യമില്ലാതെ പോയ അനേകം സ്ത്രീ ജന്മങ്ങളുടെ മാതൃക...സ്നേഹത്താല്‍ ..സര്‍വ്വവും സമര്‍പ്പിച്ച ശേഷം പരിത്യജിക്കപ്പെട്ടവള്‍...

2011, ജനുവരി 29, ശനിയാഴ്‌ച


''Why Did God Let This Happen To Me Ha.....?????''

ജീവിതത്തില്‍ സംഭവിച്ച, സംഭവിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ കഷ്ടതകള്‍ക്കും" എന്തേ എനിക്ക് മാത്രo ഇങ്ങനെ ദൈവമേ !!!!! " എന്ന് നമ്മള്‍ സ്വയം ചോദിച്ചു നിരാശപ്പെടുമ്പോള്‍ എന്ത് കൊണ്ട് നാം ജിവിതത്തില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങള്‍ക്കും " എന്തേ എനിക്ക് മാത്രo ഇങ്ങനെ ദൈവമേ!!!! " എന്ന് ചോദിക്കുന്നില്ല??????..

2011, ജനുവരി 28, വെള്ളിയാഴ്‌ച

മഞ്ഞുതുള്ളി

മേഘങ്ങൾ തമ്മിൽ
പുണർന്നപ്പോൾ
ചരടറ്റുപോയ
മാലയില്‍ നിന്നും
ഒന്നിനു പിറകെ
മറ്റൊന്നായി
ഊര്‍ന്നു വീണ
മുത്തവൾ...

ഇലത്തുമ്പിലിരുന്നപ്പോൾ
വൈഡൂര്യമായിരുന്നവൾ.,
കാറ്റതറിയാതെ
തട്ടിത്തൂവിയപ്പോൾ
ഉള്ളിലൊളിപ്പിച്ച
മഴവിൽ ചന്തം പൊലിഞ്ഞതും
പളുങ്കുമേനി പൊട്ടിച്ചിതറി തെറിച്ചതും.,
മണ്ണോടു ചേർന്നു
വെറുമൊരു മഴത്തുള്ളിയായ് മാറിയവൾ
ഭൂമിതൻ മാറിലൊളിച്ചു
മനുജന് ചുരന്നെടുക്കാനായ്...