2013, ഡിസംബർ 31, ചൊവ്വാഴ്ച

തുമ്പി

വാലില്‍ കെട്ടിയിട്ട
സ്വപ്നവുമായി,
പറന്നുയരാനാവാതെ...
തളര്‍ന്നുവീണ
നോവിന്‍ കല്ലെടുത്തൊരു
തുമ്പി ഞാന്‍.....

2013, ഡിസംബർ 30, തിങ്കളാഴ്‌ച

കവിത

കണ്ണ് ചിമ്മാതെ
കണ്‍കോണില്‍
മൊട്ടിട്ട കണ്ണീര്‍ക്കണം
ഒന്ന് തൊട്ടാല്‍
കണ്ണുകളില്‍ പൂത്ത്,
നെഞ്ചിന്നുള്ളില്‍
നോവിന്‍ പൂവായ്
ഒരു കവിത വിരിയും...

2013, ഡിസംബർ 29, ഞായറാഴ്‌ച

കണ്ണാടി

ജനുവരി തന്‍
മകരമഞ്ഞില്‍
പൊതിഞ്ഞൊരു
കുഞ്ഞുതുള്ളി..
പുലരി തന്‍
കണ്ണാടി !

മഴയുടെ മണമൊപ്പി
ഉറവയുടെ പിറവികളില്‍ സ്വയം
കലഹിച്ചു തെളിയുന്നു
കാട്ടരുവി..


കാറ്റില്‍ തളരാതെ..
കൊഴിയാന്‍ കാത്തിരിക്കുന്ന,
അവസാനത്തെ ഇതളെന്ന പോലെ,
ഇന്നു ഞാന്‍ ഇത് വഴി പോകുന്നൊരു
കാറ്റിനെയും പ്രതീക്ഷിച്ചിരിക്കുകയാണ്‌ ...
കാത്തിരുപ്പിന്‌ നീളം വെച്ചപ്പോള്‍
കാറ്റുമത് പറഞ്ഞ് പിരിഞ്ഞു...
തിരിച്ചു വരാത്ത ഏതോ രാത്രിയിലേക്കാണ്‌
അവനിന്നു പടിയിറങ്ങിപ്പോയത്...

എന്നിട്ടും എന്തേ..
നീയിന്നു പെയ്തിറങ്ങി..എന്റെ ഓര്‍മ്മയിലേക്ക്‌..!
പടര്‍ന്നൊഴുകി..ഇന്നെന്റെ ഹൃദയത്തിലേക്ക്‌.....!

ജീവിത മോഹ
കടലിലേയ്ക്ക്
ശിരസ്സിലേറ്റിയ
പ്രതീക്ഷകളെ
മറവിയുടെ
കാണാക്കയങ്ങളില്‍
കല്ലുകെട്ടി
താഴ്ത്തിയവള്‍...
വാക്കുകള്‍ക്കുമപ്പുറത്തേക്ക്
നീ ഒഴുകി പരക്കുമ്പോഴൊന്നും
ഞാനറിഞ്ഞിരുന്നില്ല..
അതെനിക്ക് നിലയില്ലാതെ
മുങ്ങി മരിക്കാനുള്ള
ഒരു സമുദ്രമാകുമെന്ന്‍....

2013, ഡിസംബർ 28, ശനിയാഴ്‌ച

ഞാനെന്ന പൂവ്‌
നീയെന്ന മഞ്ഞുതുള്ളിയെ
നെഞ്ചിൽ ചുമക്കാനായ് മാത്രം
ഇന്നും വിരിഞ്ഞു...

2013, ഡിസംബർ 5, വ്യാഴാഴ്‌ച

മനസ്സിലെത്തുന്ന ചിന്തകൾ

ഒരു വെളിപാട് പോലെ മനസ്സിലെപ്പോളോ
ആരോ ഓതിതരുന്ന കാര്യങ്ങൾ ഞാൻ
ഇവിടെ പറയാറുണ്ട് ...
എന്തിനങ്ങിനെ പറയുന്നുവെന്നോ എന്ത് കൊണ്ടാണങ്ങിനെ തോന്നുന്നതെന്നോ എനിക്കറിയില്ല .

പക്ഷെ ..ഞാൻ അറിഞ്ഞ വെളിപാടുകൾ യാഥാർത്യമാകുമ്പോൾ
സ്വപനങ്ങൾ സത്യമാകുമ്പോൾ
മനസ്സിലെത്തുന്ന ചിന്തകൾ
എന്നെ ഭയപ്പെടുത്തുന്നു .

കണ്ണുകളെ ഈറനണിയിക്കുന്ന
കാഴ്ച്ചകളുടെ മുന്നിലേക്ക്‌ എന്തിനെന്നറിയാതെ വീണ്ടും വീണ്ടും ഞാൻ ആനയിക്കപ്പെടുമ്പോൾ കണ്ണുകളിൽ ഇരുട്ട് മൂടുന്ന കാഴ്ച്ചകൾ കാണുമ്പോൾ കൈ വിറക്കുന്നു........ കണ്ണുകൾ നിറയുന്നു ......

ഈ അജ്ഞതയിൽ ഒരു നിയോഗമെന്നെ പിന്തുടരുന്നുണ്ട്..
കാലവും കർമ്മവും വെളിപ്പെടുത്താത്ത ഒരു നിയോഗം.
ഈ ഏകാന്തതയിലും എന്റെ യാത്ര അതിന്റെ ഉള്ളടക്കം തേടി തന്നെയാണ് ....

ഇരുട്ടിൽ മറഞ്ഞിരുന്നു എന്നെ നിയന്ത്രിക്കുന്ന ആ അദൃശ്യ ശക്തിയുടെ ഉറവിടം തേടി .............

2013, ഡിസംബർ 1, ഞായറാഴ്‌ച

''പ്രണയം''

പറഞ്ഞതിനും പറയാതിരുന്നതിനും
ഇടയ്ക്കെപ്പോഴോ ഒളിഞ്ഞുനോക്കിയ
ഒരു വാക്ക്...

ഉറക്കത്തിനും ഉണര്‍വിനും ഇടയ്ക്കെപ്പോഴോ
നഷ്‌ടമായ പാതി വെന്ത ഒരു സ്വപ്നം

കണ്ണിനും കണ്ണാടിക്കുമിടയില്‍
മിന്നിമറഞ്ഞോടിയ ഒരു പ്രതിബിംബം

ചോദ്യത്തിനും ഉത്തരത്തിനും ഇടയ്ക്ക്
വിട്ടുപോയ ഒരു ശരിയുടെ തെറ്റ്

''പ്രണയം''


നിനക്ക് വേണ്ടി
ഞാൻ
ഒരിക്കല്‍ കൂടി
ഈ വാക്കിവിടെ
മറന്നു വയ്ക്കുന്നു....
ഇന്നും..

തമ്മിലൊരിക്കലും
കൂട്ടിമുട്ടാനൊരു
നിയമമില്ലാതെ
ആകാശത്തോളം
അതിരും വരച്ച്
പായുന്ന മൌനത്തിന്റെ
രണ്ടു ചരടറ്റങ്ങളാണ് നാം..