2011, ജൂലൈ 31, ഞായറാഴ്‌ച

സന്തോഷം മാത്രo നിറഞ്ഞ ഒരു ജീവിതo....
വെറുതെയെങ്കിലും ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും.?......

അതു മാത്രമാണ്ചിന്താവിഷയം എന്നായിരിക്കും പലരുടെയും ഉത്തരം..ചിന്തിക്കുക മാത്രമല്ല..പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു....

അതുകൊണ്ടുതന്നെ ലോകത്തില്‍ എവിടെയും നാട്യം മാത്രം സ്ഥാനം പിടിച്ചു.....അഭിനയത്തികവിന്‍റെ മൂര്‍ത്തീ ഭാവങ്ങളായി ഓരോരുത്തരും അഭിനയിക്കുന്നു...

ജീവിതമെന്ന അഭിനയത്തിലൂടെയേ ഈ സമൂഹത്തില്‍ ജീവിക്കാനാവൂ എന്ന പരമാര്‍ഥം മനസ്സിലാക്കിയേ പറ്റൂ. .....
പക്ഷേ ജീവിതം നൂറ് ശതമാനം അഭിനയമാകുമ്പോഴാണ് ചിലര്‍ തകരുന്നതും...


എല്ലാവര്‍ക്കും സന്തോഷവും,സമാധാനവും മാത്രം, രോഗങ്ങളോ, വേദനകളോ,മരണമോ ഇല്ലാത്ത, തമ്മില്‍ കലഹിക്കാത്ത ,പരസ്പരം കൊല ചെയ്യാത്ത ഒരു ലോകമായിരുന്നെങ്കില്‍.....

സ്ത്രീകളുടെപോലെ പുരുഷന്‍‌മാരുടെ കണ്ണുനീര്‍ ഒഴുകാതിരുന്നെങ്കില്‍...!എല്ലാവരും പരസ്പരം സ്നേഹിച്ചിരുന്നെങ്കില്‍ .....ജാതിമതങ്ങള്‍ ഇല്ലാതായെങ്കില്‍ ....
ഇതെല്ലാം എന്റെ സ്വപ്നം മാത്രമാണ്.

എന്തിനോ വേണ്ടി നിങ്ങളെപ്പോലെ ഞാനും വെറുതെയെന്നുപോലും അവകാശപ്പെടാന്‍ അനുവദിക്കാത്ത ഒരു നല്ല നാളെയെ സ്വപ്നം കാണുന്നു ...

നല്ലൊരു ലോകത്തെപ്പറ്റി സ്വപ്നം കണ്ടുറങ്ങിയാലും ഞാന്‍ വീണ്ടും ഉണരുന്നത്, വലിച്ചെറിയപ്പെടുന്നത്...നടനകാപട്യത്തിന്റെ തിരശീല പൊങ്ങിയ അരങ്ങത്ത് തന്നെ ........

എല്ലാം മറന്ന്‌ ആടി തീര്‍ക്കാവുന്നത്ര ആടിത്തിമര്‍ക്കുമ്പോഴുo.......ഭൂമിയില്‍ ജനിച്ചുപോയ ഒരു ആത്മാവ്..... വിലപിക്കുന്നതിത്ര മാത്രo.........

''ആര്‍ക്കും വേണ്ടാത്ത മനുഷ്യ ജന്മങ്ങള്‍ ഇനി പിറക്കാതിരുന്നെങ്കില്‍'' ........

കാറ്റിനോട് സല്ലപിച്ചവള്‍-

സൗഹൃദം പങ്കിട്ടു.

മഴയോട് മത്സരിച്ചവള്‍-

സംഗീതം പഠിച്ചു.

നിലാവുള്ള രാത്രിയില്‍-

നിഴലിനെ

പ്രണയിച്ചവള്‍-

വഴിനിറയെ പകലിനെ-

പഴി പറഞ്ഞും

ചോദ്യങ്ങള്‍ ചോദിച്ചും-

ഉത്തരം മുട്ടിച്ചു.

ചിലപ്പോള്‍ അവള്‍ -

ഉറക്കെ ചിരിച്ചും ചിന്തിച്ചും-

ഉത്തരം കിട്ടാത്ത -

ഒരു ചോദ്യ ചിഹ്നമായും-

നിരത്തില്‍ നിറഞ്ഞു നിന്നു.

നിലാവ്, മഴ, കാറ്റ്, മഞ്ഞ് ...

പിന്നെ പിന്നെ അവള്‍ക്കിഷ്ടമയതെല്ലാം-

അന്യരുടെതായിരുന്നു. ....

തിരിഞ്ഞു നോക്കാതെ
നീ പോയ്‌ക്കൊൾക
മഥുരാ പുരിയിലെക്ക് ,
യാത്രാ മംഗളങ്ങൾ നേരുവാൻ
ഈ രാധ വഴിവക്കിലില്ല ,
ഓർത്തു വിലപിക്കുവാൻ
ഇവൾക്ക് മനസുമില്ല .
കാളിന്ദിയിൽ
നിൻറെ കരസ്പർശത്തിൻ
അവസാന ഓർമ്മയും
കഴുകിക്കളഞ്ഞിരിക്കുന്നു ഇവൾ
നടന്നു കൊൾക നീ
അവതാര ലക്ഷ്യത്തിലേക്ക് ........

2011, ജൂലൈ 30, ശനിയാഴ്‌ച

മാര്‍ച്ചിന്‍
അവസാന പടവിലിരുന്ന്
നീ എനിക്കായ് നീട്ടിയ
കടലാസു പൂക്കളില്‍
ഇന്നും മഷിയുണങ്ങീല...
ഒരു പച്ചമഷി വരയില്‍
കുരുങ്ങിക്കിടന്നെന്‍
വിദ്യാ വസന്തത്തിന്‍ മരം
ചിതലരിച്ചുവെങ്കിലും ...............
ഇതാ ഇവിടെ

ഇരുട്ടിൻറെ മാറാല തൂങ്ങിയ

ഈ നാല് ചുവരുകൾക്കുള്ളിൽ ,

പൊടി പിടിച്ചയീ തറയിൽ

എന്റെ പ്രണയത്തിന്റെ ജഡം .

ഉണങ്ങി കരിഞ്ഞ ഇലകളും,

കറുത്ത് പോയ ഇതളുകളുമായി ,

ഒരു ചുവന്ന ദിനത്തിന്റെ

ഓർമ്മയിൽ കുരുക്കിട്ട്

ശ്വാസം കിട്ടാതെ പിടഞ്ഞതിൻറെ

പാടുകളേതുമില്ലാതെ ,

യാതൊരു പരിഭവങ്ങളുമില്ലാതെ

മരിച്ചു കിടക്കുന്നു ..

2011, ജൂലൈ 29, വെള്ളിയാഴ്‌ച

അക്ഷരങ്ങൾ കണക്കു പറയുന്ന ഈ ഗ്രാഫിന്റെ ഒരറ്റത്ത് 
ഞാൻ ആത്മഹത്യ ചെയ്യുന്നു.....
ഇവിടെ ഒരു രാധ പുനര്‍ജനിക്കുന്നു ...
ഉപേക്ഷിക്കപെട്ടവളല്ല , ഉപേക്ഷിച്ചവൾ ....

2011, ജൂലൈ 28, വ്യാഴാഴ്‌ച

എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട് പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

2011, ജൂലൈ 24, ഞായറാഴ്‌ച

ഈ മഴയ്ക്കപ്പുറം പെയ്യുന്ന മിഴികളിൽ നോക്കിയോ നീ?
പെയ്ഴിതൊഴിയുന്നതത്രയും ആരുടെ വർണ്ണങ്ങളെന്നോർത്തുവോ നീ?
ഈ നീല മിഴികളിൽ മഷി പടർത്തിയതാരുടെ കരങ്ങളെന്നറിഞ്ഞുവോ നീ? ........

2011, ജൂലൈ 18, തിങ്കളാഴ്‌ച

ഞാനീ പെയ്തു കൂട്ടിയതു മുഴുവനും

നിൻറെയീ രണ്ടു കണ്ണിലൊളിപ്പിക്കാനെ

ഉണ്ടായിരുന്നുള്ളൂ !!!!....

2011, ജൂലൈ 16, ശനിയാഴ്‌ച

നഷ്ടപെട്ട ഗുൾമോഹറിനെ പറ്റി
വരും വസന്തവും എന്നോട് ചോദിക്കും
ഉത്തരമില്ലാതെ ഞാനുരുകുമ്പോൾ
വരിക നീ പേമാരിയായ്‌
എന്റെ കണ്ണുനീര് മറയ്ക്കുവാൻ .......................

2011, ജൂലൈ 15, വെള്ളിയാഴ്‌ച

എണ്ണാന്‍ മറന്ന മഞ്ചാടിക്കുരുക്കള്‍ എന്‍റെ നഷ്ടങ്ങള്‍ ആണ്..

വര്‍ണ്ണ പ്രപഞ്ചം തീര്‍ത്ത വളപ്പൊട്ടുകള്‍-
വഴിചിതറി പോയിരിക്കുന്നു...

എങ്കിലും പുസ്തകത്തില്‍-
ആകാശം കാണാത്ത മയില്‍പ്പീലി അപ്പോഴും ഉണ്ടായിരുന്നു....
പ്രസവ വേദനയുടെ കാലൊച്ച-
കേള്‍ക്കാത്തതിനാല്‍ തുറക്കാന്‍ ഭയമായിരുന്നു...

പുസ്തകം മാറോട് ചേര്‍ത്ത്
മനസുക്കൊണ്ട് മഞ്ചാടി എണ്ണാനും-
വളപ്പൊട്ടുകള്‍ കൊണ്ട്-
വര്‍ണ്ണം തീര്‍ക്കാനും തുടങ്ങിയിരുന്നു .

2011, ജൂലൈ 13, ബുധനാഴ്‌ച

ഞാന്‍ ഇന്നലെകള്‍ മറക്കാന്‍ തുടങ്ങിയത്‌
ഇന്നോ ഇന്നലെയോ എന്നെനിക്കോര്‍മയില്ല ....

നാളെയുടെ സ്വപ്നങ്ങള്‍ എന്നെ ഉറങ്ങാന്‍ കൊതിപ്പിക്കുന്നു,
ഇന്നലെയുടെ ഓര്‍മ്മകള്‍ എന്റെ ഉറക്കം കെടുത്തുന്നു....

2011, ജൂലൈ 7, വ്യാഴാഴ്‌ച

പ്രണയം ........

പ്രതീക്ഷയോടെ എടുത്ത്
പൊളിച്ചു ഉള്ളിലെത്തിയപ്പോഴേക്കും
ശൂന്യം ..

കൈ നാറിയതും
കണ്ണ് നിറഞ്ഞതും ബാക്കി ...

2011, ജൂലൈ 6, ബുധനാഴ്‌ച

കരഞ്ഞു തീര്‍ക്കാതെ
കരളില്‍ കാത്തു വച്ച
മൗനത്തിന്റെ രണ്ടു കണങ്ങളാണ് ...
നീയും നിന്റെ പ്രണയവും.
നിറഞ്ഞു പെയ്തിട്ടും
നീ അറിയാതെ പോയ
 മേഘമായ് ഞാനും.....

2011, ജൂലൈ 5, ചൊവ്വാഴ്ച

നീ...


 ഇന്നും..നീ എനിക്ക്..
 എഴുതാന്‍ കഴിയാത്ത
കവിതയുടെ വേദനയാകുന്നു ......
എന്‍റെ ഹൃദയ വ്യഥയുടെ
അപാരതയില്‍ നിന്‍റെ ശബ്ദം
തുഷാരമായി അലിഞ്ഞു ചേരുമ്പോള്‍ ....


എന്നും....ജീവിതവും മരണവുമില്ലാത്ത
ഭാവനയുടെ സരോവരത്തില്‍
ഹൃദയ വീണ മീട്ടി ഭ്രാന്തമായി പാടും ......
കേള്‍ക്കാന്‍ ആരുമില്ലാതെ .......

2011, ജൂലൈ 4, തിങ്കളാഴ്‌ച

കണ്ണന്റെ മാത്രം ......

എങ്കിലും
ഉത്തരം കിട്ടിയ പ്രാർത്ഥനകളെന്നിൽ
പ്രാര്‍ത്ഥനയുടെ പ്രതീക്ഷകൾ ബാക്കിയാക്കി.....

സ്നേഹം എന്ന് കേള്‍ക്കുമ്പോള്‍ ഓടിയെത്തുന്ന മുഖമെന്‍ കണ്ണന്റെ മാത്രം ,
പ്രണയമെന്‍ മനസ്സില്‍ തുടിക്കുമ്പോള്‍ തെളിയുന്ന പുഞ്ചിരി എന്‍ കണ്ണന്‍ ,
വിരഹമെന്‍ മനസ്സില്‍ വിങ്ങലാകുമ്പോള്‍ ഒരു തലോടലായ് എന്‍ കണ്ണന്റെ കുസൃതിയും ..
എന്നെന്നും എപ്പോളും എന്‍ കണ്ണന്‍ കൂട്ടിനുണ്ടല്ലോ .................

അസാധ്യമെന്നചിന്തയെ ജയിച്ചെനിക്കുവളരണം
അമൂല്യരത്നമമ്മതന്ന സ്നേഹമെന്നറിയണം
തികഞ്ഞഭക്തിയോടെ ജന്മനാടിനെനമിക്കണം
ഗുരുപദാംബുജങ്ങളെന്നുമുണ്മയായ് സ്മരിക്കണം
തിന്മബാഷ്പമാക്കുമാത്മ സൗഹൃദങ്ങളേകണം
നന്മപ്രോജ്ജ്വലിച്ചിടുന്ന ദീപമായ് വിളങ്ങണം
അറിവിനായടങ്ങിടാത്ത ദാഹമുള്ളിലെരിയണം
അറിഞ്ഞതേകമാത്രയെന്നൊരെളിമയില്‍ തെളിയണം
ശത്രുവെങ്കിലും കരം ഗ്രഹിക്കുവാന്‍ കഴിയണം
മിഴികള്‍ കൊണ്ടു മാനസം തലോടുവാന്‍ പഠിക്കണം
നാവില്‍ നല്ലവാക്കുകള്‍ സദാതുളുമ്പിനില്‍ക്കണം
നിറഞ്ഞപുഞ്ചിരിക്കുമുന്‍പിലായുധങ്ങള്‍തോല്ക്കണം ...