2013, ഡിസംബർ 31, ചൊവ്വാഴ്ച

തുമ്പി

വാലില്‍ കെട്ടിയിട്ട
സ്വപ്നവുമായി,
പറന്നുയരാനാവാതെ...
തളര്‍ന്നുവീണ
നോവിന്‍ കല്ലെടുത്തൊരു
തുമ്പി ഞാന്‍.....

2013, ഡിസംബർ 30, തിങ്കളാഴ്‌ച

കവിത

കണ്ണ് ചിമ്മാതെ
കണ്‍കോണില്‍
മൊട്ടിട്ട കണ്ണീര്‍ക്കണം
ഒന്ന് തൊട്ടാല്‍
കണ്ണുകളില്‍ പൂത്ത്,
നെഞ്ചിന്നുള്ളില്‍
നോവിന്‍ പൂവായ്
ഒരു കവിത വിരിയും...

2013, ഡിസംബർ 29, ഞായറാഴ്‌ച

കണ്ണാടി

ജനുവരി തന്‍
മകരമഞ്ഞില്‍
പൊതിഞ്ഞൊരു
കുഞ്ഞുതുള്ളി..
പുലരി തന്‍
കണ്ണാടി !

മഴയുടെ മണമൊപ്പി
ഉറവയുടെ പിറവികളില്‍ സ്വയം
കലഹിച്ചു തെളിയുന്നു
കാട്ടരുവി..


കാറ്റില്‍ തളരാതെ..
കൊഴിയാന്‍ കാത്തിരിക്കുന്ന,
അവസാനത്തെ ഇതളെന്ന പോലെ,
ഇന്നു ഞാന്‍ ഇത് വഴി പോകുന്നൊരു
കാറ്റിനെയും പ്രതീക്ഷിച്ചിരിക്കുകയാണ്‌ ...
കാത്തിരുപ്പിന്‌ നീളം വെച്ചപ്പോള്‍
കാറ്റുമത് പറഞ്ഞ് പിരിഞ്ഞു...
തിരിച്ചു വരാത്ത ഏതോ രാത്രിയിലേക്കാണ്‌
അവനിന്നു പടിയിറങ്ങിപ്പോയത്...

എന്നിട്ടും എന്തേ..
നീയിന്നു പെയ്തിറങ്ങി..എന്റെ ഓര്‍മ്മയിലേക്ക്‌..!
പടര്‍ന്നൊഴുകി..ഇന്നെന്റെ ഹൃദയത്തിലേക്ക്‌.....!

ജീവിത മോഹ
കടലിലേയ്ക്ക്
ശിരസ്സിലേറ്റിയ
പ്രതീക്ഷകളെ
മറവിയുടെ
കാണാക്കയങ്ങളില്‍
കല്ലുകെട്ടി
താഴ്ത്തിയവള്‍...
വാക്കുകള്‍ക്കുമപ്പുറത്തേക്ക്
നീ ഒഴുകി പരക്കുമ്പോഴൊന്നും
ഞാനറിഞ്ഞിരുന്നില്ല..
അതെനിക്ക് നിലയില്ലാതെ
മുങ്ങി മരിക്കാനുള്ള
ഒരു സമുദ്രമാകുമെന്ന്‍....

2013, ഡിസംബർ 28, ശനിയാഴ്‌ച

ഞാനെന്ന പൂവ്‌
നീയെന്ന മഞ്ഞുതുള്ളിയെ
നെഞ്ചിൽ ചുമക്കാനായ് മാത്രം
ഇന്നും വിരിഞ്ഞു...

2013, ഡിസംബർ 5, വ്യാഴാഴ്‌ച

മനസ്സിലെത്തുന്ന ചിന്തകൾ

ഒരു വെളിപാട് പോലെ മനസ്സിലെപ്പോളോ
ആരോ ഓതിതരുന്ന കാര്യങ്ങൾ ഞാൻ
ഇവിടെ പറയാറുണ്ട് ...
എന്തിനങ്ങിനെ പറയുന്നുവെന്നോ എന്ത് കൊണ്ടാണങ്ങിനെ തോന്നുന്നതെന്നോ എനിക്കറിയില്ല .

പക്ഷെ ..ഞാൻ അറിഞ്ഞ വെളിപാടുകൾ യാഥാർത്യമാകുമ്പോൾ
സ്വപനങ്ങൾ സത്യമാകുമ്പോൾ
മനസ്സിലെത്തുന്ന ചിന്തകൾ
എന്നെ ഭയപ്പെടുത്തുന്നു .

കണ്ണുകളെ ഈറനണിയിക്കുന്ന
കാഴ്ച്ചകളുടെ മുന്നിലേക്ക്‌ എന്തിനെന്നറിയാതെ വീണ്ടും വീണ്ടും ഞാൻ ആനയിക്കപ്പെടുമ്പോൾ കണ്ണുകളിൽ ഇരുട്ട് മൂടുന്ന കാഴ്ച്ചകൾ കാണുമ്പോൾ കൈ വിറക്കുന്നു........ കണ്ണുകൾ നിറയുന്നു ......

ഈ അജ്ഞതയിൽ ഒരു നിയോഗമെന്നെ പിന്തുടരുന്നുണ്ട്..
കാലവും കർമ്മവും വെളിപ്പെടുത്താത്ത ഒരു നിയോഗം.
ഈ ഏകാന്തതയിലും എന്റെ യാത്ര അതിന്റെ ഉള്ളടക്കം തേടി തന്നെയാണ് ....

ഇരുട്ടിൽ മറഞ്ഞിരുന്നു എന്നെ നിയന്ത്രിക്കുന്ന ആ അദൃശ്യ ശക്തിയുടെ ഉറവിടം തേടി .............

2013, ഡിസംബർ 1, ഞായറാഴ്‌ച

''പ്രണയം''

പറഞ്ഞതിനും പറയാതിരുന്നതിനും
ഇടയ്ക്കെപ്പോഴോ ഒളിഞ്ഞുനോക്കിയ
ഒരു വാക്ക്...

ഉറക്കത്തിനും ഉണര്‍വിനും ഇടയ്ക്കെപ്പോഴോ
നഷ്‌ടമായ പാതി വെന്ത ഒരു സ്വപ്നം

കണ്ണിനും കണ്ണാടിക്കുമിടയില്‍
മിന്നിമറഞ്ഞോടിയ ഒരു പ്രതിബിംബം

ചോദ്യത്തിനും ഉത്തരത്തിനും ഇടയ്ക്ക്
വിട്ടുപോയ ഒരു ശരിയുടെ തെറ്റ്

''പ്രണയം''


നിനക്ക് വേണ്ടി
ഞാൻ
ഒരിക്കല്‍ കൂടി
ഈ വാക്കിവിടെ
മറന്നു വയ്ക്കുന്നു....
ഇന്നും..

തമ്മിലൊരിക്കലും
കൂട്ടിമുട്ടാനൊരു
നിയമമില്ലാതെ
ആകാശത്തോളം
അതിരും വരച്ച്
പായുന്ന മൌനത്തിന്റെ
രണ്ടു ചരടറ്റങ്ങളാണ് നാം..

2013, നവംബർ 26, ചൊവ്വാഴ്ച

 























പുളിയിലക്കരച്ചേല ഞൊറിഞ്ഞുടുത്ത്,
നെറ്റിയില്‍ സിന്ദൂരപ്പൊട്ടു കൊണ്ടൊരു
പൂര്‍ണചന്ദ്രനെ തീര്‍ത്ത്,
പ്രണയം തുടിക്കുമീ മോതിര-
വിരല്‍ ചേര്‍ത്തൊരീറന്‍ ചന്ദനപ്പൊട്ടും വരച്ച്,
നനവുണങ്ങാത്ത മുടിയില്‍ അരുമയായ്
തുളസിക്കതിരൊന്നിറുത്തും വെച്ച്,
മഞ്ഞു പെയ്യുന്നോരീ നാട്ടു വയല്‍ വരമ്പിലൂടെ
നിന്നോമല്‍ കൈയും കോര്‍ത്ത്‌ പോരണമെനിക്ക്.

ഓലചൂട്ടൊന്നു വീശി വീശി,
കൈകള്‍ നിറയെ കരിവള കിലുക്കി,
നഗ്ന പാദങ്ങളാലീ നനുത്ത മണ്ണിനെ തൊട്ട്,
വിശ്വാസങ്ങളുറങ്ങുന്ന കാവിലെ
ഉണര്‍ത്തു പാട്ടിന്‍റെ രാത്രിയുത്സവം കാണാന്‍.

മാക്കവും, കതിവന്നൂര്‍ വീരനും,
പേരറിയാത്ത കടുത്ത ചായങ്ങളും
നിറഞ്ഞാടുന്നൊരാ കളിയാട്ട രാവിന്‍
ചമയങ്ങള്‍ കൊണ്ടു മിഴി നിറഞ്ഞു തൂവാന്‍.

കൌതുകത്തോടെ, ഭയത്തോടെ,
നിന്‍റെ തോളുരുമ്മി നിന്ന്
കരിമഷിക്കണ്ണുകളിളക്കി,
വിസ്മയത്തോടെ, ഭക്തിയോടെ..
തുടി കൊട്ടില്‍ സ്വയം മറന്നീ
ചായങ്ങളുടെ ലഹരിയില്‍ മുങ്ങിത്താഴണമെനിക്ക്....

2013, നവംബർ 25, തിങ്കളാഴ്‌ച

2013, നവംബർ 24, ഞായറാഴ്‌ച

നീയെന്നില്‍
സൂചിയും
നൂലുമായ്
മാറിയെന്നെ
തുന്നിച്ചേര്‍ക്കും വരെ
ഞാനിങ്ങനെ
കീറിപ്പറിഞ്ഞു
തുടരും..

2013, നവംബർ 20, ബുധനാഴ്‌ച

അഴുകിയഴുകി
അടിത്തട്ടിലമരുന്നു ഞാൻ ,
ഇതെനിക്കുള്ള ശിക്ഷ!
നേരല്ലെന്നറിഞ്ഞിട്ടും കാലം കാണിച്ച
കൈവഴികളിലൂടെ തെന്നി
വഴി മാറിയൊഴുകിയതിന്..
അല്ലെങ്കിൽ കാലത്തിനൊപ്പം
ഒഴുകാതിരുന്നതിന്...
കൈവഴികളെ തകര്‍ത്തൊടുവില്‍
നിന്നിലലിഞ്ഞ്,
ഇപ്പോഴുമിങ്ങനെ
കെട്ടിക്കിടക്കുന്നതിന് ....

2013, നവംബർ 19, ചൊവ്വാഴ്ച

ലാങ്കി ലാങ്കി പൂക്കൾ



ചില പുസ്തകങ്ങള്‍ വായിച്ചിരിക്കുമ്പോള്‍ അതില്‍ നിന്ന് ചിന്തയിലേക്കും,സ്വപ്നങ്ങളിലെയ്ക്കും വഴുതി വീഴുന്ന പുതിയ ശീലത്തിലാണ് ഞാന്‍....
പണ്ട് ഒരു മണിക്കൂര്‍ കൊണ്ട് വായിച്ചു തീരുന്നവ, ഇപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് മാത്രം തീര്‍ക്കാന്‍ കഴിയുന്നതിനു കാരണവും ഇതാണ്....
ജീവിതമെന്ന മഹാത്ഭുതം....ഒക്കെ കഴിഞ്ഞു എന്ന് നമ്മള്‍ ചിന്തിക്കുന്നിടത്താകും പലതിന്റെയും തുടക്കം...ദുഖത്തിന്റെ അന്തമില്ലാത്ത കടല്‍ എന്ന് കരുതി മുങ്ങി മരിക്കാന്‍ മനസ്സ് കൊണ്ട് തയ്യാറെടുക്കുമ്പോള്‍ കാല്‍ കീഴില്‍ ഉറപ്പുള്ള മണ്ണ്
ഓരോ നിമിഷവും ജീവിതം പുതിയ പാഠങ്ങള്‍ നല്‍കുന്നു....

നഗരത്തിന്റെ തിരക്കില്‍,ജോലിയുടെ ഓട്ടത്തില്‍ എനിക്കെന്നെ നഷ്ടമായി എന്ന് കരുതിയിരുന്ന കാലം ഉണ്ടായിരുന്നു....നഗരമോ ഗ്രാമമോ ഒന്നുമല്ല നമ്മുടെ കണ്ണും കാതും തുറന്നു വച്ചാല്‍ മാത്രം മതി എന്നതാണ് സത്യം..
മനസ്സുകൊണ്ട് ശ്രമിച്ചാല്‍ നമുക്കു ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ സാധിക്കും...ജീവിതം മനോഹരമാക്കുന്നത് ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങള്‍ ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍....

ഈയിടെയായി അതിരാവിലെ പ്രണയം നിറച്ച ഒരു കുയില്‍ നാദം കേള്‍ക്കാറുണ്ട് ..
മഞ്ഞു മൂടിയ ഈ തണുത്ത രാവില്‍, തീര്‍ത്തും അപ്രതീക്ഷിതമായി എനിക്കായി ഒരു കുയില്‍ പാടുന്നു. ആഹ്ലാദത്തോടെ..........കുസൃതിയോടെ, ഞാനും തിരിച്ചു പാടി.....കൂ.........കൂ...........!
വാശിയോടെ അതും തിരിച്ചു കൂവുന്നതു കേള്‍ക്കാന്‍ എന്തു രസം..
ഗ്രാമത്തിലാണേല്‍,..ഉറക്കെ കൂവുമായിരുന്നു... ഇപ്പോള്‍,അമ്മ ഓര്‍മിപ്പിക്കും, ''ഇത് നമ്മുടെ ഗ്രാമമല്ല.,,ഹൌസിംഗ് കോളണിയില്‍ അടുത്തടുത്ത്‌ വീടുകളുണ്ട്.''

പ്രഭാതങ്ങളില്‍ വിളിച്ചുണര്‍ത്താന്‍ ഇമ്പം നിറഞ്ഞ കുയില്‍ നാദം!
മനസ്സില്‍ സംഗീതവും സന്തോഷവും നിറയാന്‍ വേറെയെന്തു വേണം?

പെട്ടന്നാണ് ഞാന്‍ ഓര്‍ത്തത്, പാട്ടും പാടി കൊണ്ടിരുന്നാല്‍ മതിയോ
ഇന്ന് ഓഫീസില്‍ പോവേണ്ടേ എനിക്ക്‌?....
എത്ര തിരക്കിട്ട് ഓടിയാലും ,അത് കൂവുന്നതു കേള്‍ക്കുമ്പോള്‍ പിന്നെയും ഒരു ചെറുപുഞ്ചിരി വിടരും....

മഴത്തുള്ളികൾ ഉമ്മവെച്ച ലാങ്കി ലാങ്കി പൂക്കൾ മണക്കുന്ന വഴിയിലൂടെ നടക്കുമ്പോള്‍
മനസ്സ്‌ നിറയുമായിരുന്നു..എന്നും! മനംമയക്കുന്ന സുഗന്ധമൊന്നുമില്ലെങ്കിലും പൂത്തു നില്‍ക്കുന്ന ശീമക്കൊന്നമരങ്ങള്‍ അതിരിട്ടു നില്‍ക്കുന്ന റോഡിലൂടെ പോകുമ്പോള്‍, മനസ്സില്‍ പുഞ്ചിരി വിരിഞ്ഞു തുടങ്ങും..കാരണം തറവാട്ടുവീട്ടിലെ ഒഴിവുകാലത്തിലേക്ക് മനസ്സ് ചെന്നെത്തും..എത്രകാലത്തിനു ശേഷമാണ് സുന്ദരമായ റോസ്‌ നിറത്തിലുള്ള പൂക്കുലകള്‍ കാണുന്നത്!

തറവാട്ടിലെ തൊടിയിലാണ്...ആദ്യമായി, പൂത്തുനില്‍ക്കുന്ന ശീമക്കൊന്ന മരങ്ങള്‍ കാണുന്നത്, പച്ച ഇലകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന റോസ് നിറത്തിലുള്ള പൂക്കുലകള്‍ മനസ്സില്‍ ഉടക്കിയത് അന്ന് മുതലാണ്‌...തീരെ ശുശ്രുക്ഷിക്കാതെ,നമ്മുടെ ശ്രദ്ധ ലഭിക്കാതെ നമുക്ക് പൂക്കള്‍ തരുന്ന മരമാണ്,ശീമക്കൊന്ന...പിന്നീടു വീട്ടിലെ വളപ്പില്‍ അതിരില്‍ വേലിക്കു പകരം നിറയെ ശീമക്കൊന്നമരങ്ങള്‍ നിരന്നു....വളര്‍ന്നു....!

ആരും ശ്രദ്ധിക്കാതെ, വഴിപ്പോക്കാരുടെ കണ്ണിനു ഉത്സവമായി ചെടികളില്‍ നിറഞ്ഞ പൂക്കുലകള്‍ ഒരുപാടിഷ്ടമായിരുന്നു.. ഇപ്പോഴും അതങ്ങിനെ തന്നെ!
മെല്ലെ മെല്ലെ ഹൃദയം ആര്‍ദ്രമാക്കുന്ന ഈ പൂക്കള്‍ കാണാന്‍ എന്ത് ഭംഗി !മെല്ലെ കിനാവിന്റെ ജാലകങ്ങള്‍ തുറന്ന്..ഈ പൂക്കള്‍ എന്നില്‍ മോഹങ്ങള്‍ ഉണര്‍ത്തുന്നു. . കവിതയുടെ ഈരടികള്‍ പിറക്കുന്നു. .ഹൃദയമിടിപ്പുകള്‍ ഉച്ചത്തിലാകുന്നു...എങ്ങിനെയാ പറയേണ്ടത് എന്നെനിക്കറിയുന്നില്ല... എന്തുകൊണ്ട് ഈ പൂക്കളെ ഞാനിത്രയധികം ഇഷ്ടപെടുന്നു....എന്ന് ചിന്തിച്ചു തീര്‍ന്നില്ല...അപ്പോഴേക്കും ഓഫീസ്‌ എത്തിയിരുന്നു!

2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

അന്നു പുല്‍പ്പായയില്‍ വെച്ചു
മറന്നുറങ്ങിയ എത്രയോ നോവുകള്‍....
തലയിണ നനവറിഞ്ഞ
എത്രയോ നഷ്ട സ്വപ്നങ്ങള്‍....

ഇന്നു തൂലികതുമ്പിലൂടൊഴുകിയ....
വെറും കഥയായ്‌..
കവിതയായ്‌...
കടലാസിൻ മാറിൽ !

ജീവിതം

ജീവിതം
ജീവിതത്തെ
ജീവിതത്തില്‍ നിന്നും
ജീവിതം കൊണ്ട്
ജീവിതത്തിനു
ജീവിക്കാന്‍ വേണ്ടി
ജീവിതമായി
ജീവിക്കുന്നു......
ഒടുവില്‍ ഞാനൊരു
അസ്‌തമയ തീരത്ത്
മോഹത്തിന്‍ മാറത്ത്,
സ്വപ്നങ്ങൾ മണ്ണിട്ട്
ഒരു നാളുമുണരാതുറങ്ങും !

2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

അന്നൊരിക്കല്‍ അവന്‍ പറഞ്ഞു.,
ആത്മഹത്യയെ ഭീരുക്കളുടെ
ഒളിച്ചോട്ടമെന്നു വിളിച്ചതാരാണ്??
മുന്നിലെ ജീവിതം വലിച്ചെറിഞ്ഞു
പോകുവാനല്ലേ ഏറ്റവുമധികം ധൈര്യം വേണ്ടത്??

അവന്‍ പോയപ്പോഴും അവര്‍ പറഞ്ഞു;
''നേരത്തേ പോയി ''ദൈവത്തിന് പ്രിയപ്പെട്ടവന്‍' '

ആയുസ്സെത്തും മുന്‍പേ മൃതി പുണരുന്നവന്
അവസാനയാത്രയില്‍ കൊണ്ട് പോകാനൊരു പട്ടം!

മരിച്ചത് അവനല്ല
അവനിലെ സ്നേഹമാണ്!
അവനെക്കുറിച്ചല്ല,
അവനുവേണ്ടി കരുതി വച്ച സ്നേഹത്തിന്റെ-
ഭാരവും പേറി ജീവിച്ച് തീര്‍ക്കേണ്ടവരെക്കുറിച്ച്..

അവരെക്കുറിച്ച് മാത്രമാണെന്റെ വ്യഥ!

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

തുള്ളി

ഇനിയുമെത്ര മഴ തിമിര്‍ത്തുപെയ്താലും
ഞാനെന്ന പുല്‍നാമ്പിനു വേണ്ടത്
നീയെന്ന ഒരു തുള്ളി മാത്രം ...!

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

നിന്‍റെ കവിളുകളെത്ര പൊള്ളിച്ചിട്ടും..
നിന്‍ ചുടു നിശ്വാസം
കാറ്റായ് വന്നു ചുംബിക്കുകയാണ്
എന്‍റെ നാളങ്ങളെ ...

ചാഞ്ഞും ചെരിഞ്ഞും ഞാന്‍
മരണത്തിന്‍റെ ചില്ലകളില്‍ ചേക്കേറി
ഇരുട്ടിലേക്ക് മെല്ലെ പൂവിടുന്നു......

2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ഒരു പാട് തനിച്ച്.!

നെഞ്ചകം പൊള്ളിത്തിണര്‍ക്കും
ചിലപ്പോള്‍ എകയാണെന്ന ഓര്‍മപ്പെടുത്തലില്‍...
ഏകയായ് വന്നു ചേര്‍ന്നതും
ഏകയായ് പോകാനുള്ളതും മറക്കും!

''വഴിയില്‍ മാത്രം ഞാനെന്തിനു കൂട്ടു തേടണം''

എന്നിട്ടും കാറ്റടിക്കുമ്പോള്‍,
കരിയിലയായ് പറക്കുമ്പോള്‍
ഒരു മണ്ണാങ്കട്ടയെ തിരയും..
കാറ്റും മഴയും ഒരുമിച്ചു
വരുമെന്നതു മറക്കും!

തുള വീണ ഹൃദയത്തിലേക്ക്
വന്നുവീഴുമീ കല്ലുകള്‍..
ആരെറിഞ്ഞാലും എത്ര കൂര്‍ത്താലും
കോരിയെടുക്കും ഒരു കുടം ചോര
കടിച്ചെടുക്കും ഒരു തുടം മാംസം...

യാത്ര ഇനിയധികമില്ല എങ്കിലും
വേദനയോടെ ഓര്‍ക്കുന്നു..

തനിച്ചാണല്ലോ ഈ വിജനവഴിയില്‍
ഒരു പാട് തനിച്ച്.!...........!


ക്ഷണികമെങ്കിലും
നിന്നില്‍ നിന്നുമെറിഞ്ഞ
ഒരു വാക്കിന്റെ
ഏറിനാലാണ്
നാം ഒറ്റയായത് ,

ഊതിയുരുക്കി..
തല്ലി പതം വരുത്തി..
മിനുക്കിയെടുത്ത
ഒരേയൊരു
വാക്കിന്റെ
ഏറിനാൽ...

2013, ജൂലൈ 28, ഞായറാഴ്‌ച



മഷിയൊഴിഞ്ഞ പേനയുമായി

അലയുമ്പോഴാണ്..എന്റെ കണ്ണുകള്‍.,

ജീവിതം മുഴുവൻ തൂവാൻ മഷിയെഴുതിയ

നിന്റെ കണ്ണുകളിലുടക്കിയത് ...

2013, ഏപ്രിൽ 28, ഞായറാഴ്‌ച

ആത്മനിര്‍വൃതിയുടെ നിമിഷങ്ങളിലും
വിരുന്നെത്തുന്ന വിങ്ങുന്ന ഹൃദയത്തില്‍
എപ്പോഴും ഒരു കവിത ബാക്കിയുണ്ടാവും
ഓരോ കവിത എഴുതി തീര്‍ക്കുമ്പോഴും
ഉള്ളില്‍ വീണ്ടും വീണ്ടും വിങ്ങുന്ന
നെഞ്ചില്‍ വീണ്ടും വീണ്ടും പുകയുന്ന
ഉമിത്തീ പോലൊന്ന് ... !
മഴ തോരാത്ത കാട് പോലെ
തീരം കാണാത്ത തിര പോലെ ..
മുള പൊട്ടാത്ത വിത്ത്‌ പോലെ ..!
മരണമെത്ര അടുത്തെത്തിയാലും
കുതറി മാറാന്‍ ഊര്‍ജ്ജം നല്‍കുന്ന
ജീവന്‍റെ ഒരേയൊരു കിളിര്‍പ്പ് .. !
ഒരു കവിത...
കവിയുടെ അവസാന കവിത
കവിയുടെ ആദ്യ ഭാവന... !!

2013, മാർച്ച് 17, ഞായറാഴ്‌ച

ഇളംകാറ്റിന്റെ
കഴുത്തില്‍ തൂങ്ങി
മറുപുറം തേടുന്ന
അപ്പൂപ്പന്‍താടി പോലെ
നീ പറന്നു നടക്കുമ്പോള്‍ ....

ഇന്നു നിന്റെ ചിന്തകളില്‍
കടിച്ചു തൂങ്ങി ചീര്‍ത്തു
വലുതാകുകയാണ്
നീ എനിക്ക് തന്ന
സ്നേഹത്തിന്റെ

2013, മാർച്ച് 3, ഞായറാഴ്‌ച


ഇന്ദ്രിയങ്ങള്‍ തന്‍ വാതിൽ ഞാന്‍ കൊട്ടിയടച്ചു ...

എന്നാല്‍ ചിന്തകള്‍ പഴുതുകള്‍ കണ്ടെത്തികൊണ്ടിരിക്കുന്നു...

ചിന്തകള്‍ കാടുകയറി തുടങ്ങിയിരിക്കുന്നു...

കടിഞ്ഞാണിടാനായി ഒരു വള്ളി തേടിപ്പോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

2013, ഫെബ്രുവരി 26, ചൊവ്വാഴ്ച


വര്‍ഷങ്ങള്‍ക്കു ശേഷം അവളെ വീണ്ടും ഇങ്ങനെ കാണേണ്ടി വരുമെന്ന്
ഞാന്‍ കരുതിയിരുന്നില്ല!!
പുതിയ ജോലിയുടെ പരിശീലനം നേടി എറണാകുളത്തുനിന്ന് വീട്ടിലേക്കുള്ള ഒരു മടക്കയാത്രയാണ്‌ അതിന് വഴിയൊരുക്കിയത്. വിശപ്പിന്‍റെ കാഠിന്യം കൊണ്ട് വീട്ടില്‍ എത്തിച്ചേരാനുള്ള തിടുക്കത്തോടെ ഓടിക്കയറിയ വണ്ടി നേരിട്ടു പോകേണ്ട വഴിയിലൂടെയല്ല നീങ്ങുന്നതെന്ന് അല്‍പ്പം വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്‌. പാതി വഴിയിലിറങ്ങാന്‍ മടി അനുവദിക്കാത്തതുകൊണ്ട് അടുത്ത പ്രധാന ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാമെന്നു തീരുമാനിച്ചു.
അപ്പോഴാണ് എന്റെ തൊട്ടടുത്ത സീറ്റില്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ നവവധു എന്നു തോന്നുന്ന ഒരു പെണ്‍കുട്ടിയിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്..
അടുത്തുവരുന്ന വിവാഹം എന്നിലുണ്ടാക്കിയെക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ഞാനും അപ്പോള്‍ ചിന്തിച്ചു തുടങ്ങി.... എന്നാല്‍, ചിന്തകള്‍ വികസിപ്പിക്കാന്‍ ഒരവസരം ലഭിക്കും മുന്‍പേ വണ്ടി അതിന്‍റെ ഭാരം കുറക്കാന്‍ നിര്‍ത്തപ്പെടുകയും, എന്‍റെ നോട്ടം വഴിയരികിലെ ഒരു പെട്ടിക്കടയിലേക്ക് അറിയാതെ തിരിയുകയും ചെയ്തു. തന്‍റെ മുന്നില്‍ നിരത്തി വച്ച കുപ്പി ഗ്ലാസ്സുകളില്‍ അപ്പോള്‍ സര്‍ബത്ത് പകര്‍ന്നുകൊണ്ട് കടക്കുള്ളില്‍ നിന്നിരുന്നത് അവള്‍ തന്നെയാണെന്ന് ഞാന്‍ തിരിച്ചറിയുന്നതിനിടയില്‍ വണ്ടി വീണ്ടും അതിന്‍റെ യാത്ര ആരംഭിച്ചിരുന്നു...

പിന്നീട് കുറേ ദിവസങ്ങള്‍ അവളെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ആറുവര്‍ഷക്കാലം ഒരേ വിദ്യാലയത്തില്‍, ഒരേ 'ക്ലാസ്സില്‍' ഇരുന്നാണ് ഞങ്ങള്‍ പഠിച്ചത്. സൗഹൃദം എന്ന വാക്കിന് അന്ന് ഞാന്‍ കല്‍പ്പിച്ചിരുന്ന അര്‍ത്ഥത്തിന്റെ വ്യാപ്തിക്കുറവുകൊണ്ട് "എന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി" എന്നവളെക്കുറിച്ചു പറയാന്‍ നിര്‍വാഹമില്ല.
കാഴ്ച്ചയില്‍ ഒരു സുന്ദരി എന്നൊന്നും വിശേഷിപ്പിക്കാന്‍ വയ്യ എന്നാല്‍ യാതൊരു വിധ അഭംഗികളും ഉണ്ടായിരുന്നില്ല താനും. കഞ്ഞിവെള്ളത്തിന്‍റെ മണമുള്ള, ഒരിക്കലും വൃത്തിയായി മെടഞ്ഞു കെട്ടാത്ത അവളുടെ
മുടി മാത്രം ഒരു അഭംഗി ആയി വേണമെങ്കില്‍ പറയാം. പഠനത്തിലും ഒട്ടും പിന്നിലല്ലായിരുന്ന എന്‍റെ ഈ സഹപാഠി പത്താം തരത്തില്‍ ഉയര്‍ന്ന നിലവാരത്തോടെ പരീക്ഷ വിജയിക്കുകയും ചെയ്തിരുന്നു.
പരീക്ഷകള്‍ക്കും, ഫലമറിയലിനും പിന്നാലെ ഞാന്‍ ബാംഗ്ലൂരിലോട്ട് ചേക്കേറിയ ശേഷം വളരെക്കാലത്തേക്ക് അവളെക്കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞില്ല.

ഞാന്‍ ബിരുദത്തിനു രണ്ടാം വര്‍ഷം പഠിക്കുമ്പോളാണ് എന്നാണ് ഓര്‍മ്മ; ഒരിക്കല്‍ എന്റെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍വന്നപ്പോള്‍ അവിടെവച്ച് ഞാന്‍ അവളെ കണ്ടിരുന്നു.
അന്ന് ഏതാണ്ട് ഏഴു മാസത്തോളം പ്രായം തോന്നിക്കുന്ന അവളുടെ വയറിലേക്ക് നോക്കി "ഭര്‍ത്താവ് എന്ത് ചെയ്യുന്നു?" എന്ന് ചോദിക്കുകയുണ്ടായി ഞാന്‍... അതിനുത്തരമായി അല്‍പ്പം ലജ്ജയോടെ അവള്‍
പറഞ്ഞ മറുപടി, കാലം എന്‍റെ സ്മൃതിയില്‍ നിന്ന് മായ്ചെങ്കിലും വിവാഹിതയായി ഒരു വര്‍ഷത്തോളമാകുന്നു എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു...

പിന്നെ, കുറച്ചധികം കാലങ്ങള്‍ക്കിപ്പുറം അവളെ കണ്ടതാവട്ടെ ആ പെട്ടിക്കടക്കുള്ളിലും!

മക്കളെ പോറ്റാന്‍ അവളെന്ന അമ്മ കാണുന്ന ഏക മാര്‍ഗ്ഗം ആയിരിക്കുമോ ആ കട? എങ്കിലും, എല്ലാ ജോലിക്കും അതിന്‍റെതായ മഹത്വം ഉണ്ടെന്നു വിശ്വസിക്കുമ്പോള്‍ തന്നെ, അവള്‍ എത്തേണ്ടിയിരുന്ന ഒരിടമായിരുന്നു. അതെന്നുള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നു...
യാത്ര വഴിയില്‍ നിര്‍ത്തി വച്ച് അവള്‍ക്കരികിലേക്ക് ചെന്നിരുന്നെങ്കില്‍ എന്തായിരുന്നിരിക്കാം..അവളുടെ പ്രതികരണമെന്നും, എന്തെല്ലാം അവളെന്നോട് പറയുമായിരുന്നിരിക്കാം എന്നും
ഇടയ്ക്കിടെ ഞാന്‍ ചിന്തിക്കാറുണ്ട്... അവള്‍ക്കെന്നെക്കൊണ്ടാവുന്ന ഈശ്വരന്‍ വിധിച്ച സഹായം ഞാന്‍ നിഷേധിച്ചിട്ടുണ്ടാവുമോ എന്നും വിഷമിക്കുന്നു....
ഞങ്ങളോടൊപ്പം പഠിച്ച അവളെക്കാള്‍ മിടുക്കരൊന്നുമല്ലാത്ത,അന്നവളുടെതിനെക്കാള്‍ മോശം ജീവിത സാഹചര്യങ്ങള്‍ ഉണ്ടായിരുന്ന എത്രയോ പേര്‍ നല്ല നിലയില്‍ എത്തിയതായി എനിക്കറിയാം..
ഇനി ഒരിക്കല്‍ കൂടി അവളെ കണ്ടുമുട്ടുന്നത് വരെ ,
ജീവിതമെന്തെന്ന്‍ മനസ്സിലാക്കാന്‍ സമയം ലഭിക്കും മുന്‍പേ കഴിഞ്ഞു പോയ വിവാഹമായിരിക്കാം ഇതിനെല്ലാം പിന്നിലെന്ന് ഊഹിക്കുകയെ എനിക്ക് നിവൃത്തി ഉള്ളൂ. അങ്ങനെയെങ്കില്‍; പഠനം, നല്ലൊരു ജോലി അതിനപ്പുറം വിവാഹം എന്ന് ചിന്തിക്കുന്ന പെണ്‍കുട്ടികളും, മാതാപിതാക്കളും മാത്രം നമുക്കിടയില്‍ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആശിക്കുന്നു!!.....

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

ഞാവല്‍പ്പഴം

മധുരവും പുളിയും ചവർപ്പും മറന്നു
നാവില്‍ നീല നിറം ബാക്കിയാക്കിയപ്പോള്‍
മനസ്സിന്റെ ഇടനാഴിയില്‍ കൊഴിഞ്ഞു പോയത്
പച്ചപ്പ്‌ മാറാത്ത സ്വപ്നങ്ങളും
ഉണങ്ങാത്ത പുഞ്ചിരിയും...

2013, ജനുവരി 3, വ്യാഴാഴ്‌ച

ഞാനും നീയും

ഞാനും നീയും
ഇന്നലെ പെയ്ത മഴയിലെ
വെറും കുമിളകള്‍!
എന്റെ സാന്നിദ്ധ്യം നിനക്കും
നിന്റെ സാന്നിദ്ധ്യം എനിക്കും
അനുഭവിക്കാത്ത വണ്ണം
പൊട്ടിയൊലിച്ചവര്‍....

ഞാനും നീയും
ആമ്പലും സൂര്യനും പോല്‍!
പരസ്പരം നോക്കാന്‍ മടിച്ചവര്‍.
വെയിലേല്‍ക്കാതെ വാടിക്കരിഞ്ഞപ്പോള്‍
ഒരു തുള്ളി പോലും കുടിക്കാന്‍
മറന്നവര്‍.

ഞാനും നീയും
അരയാലിന്റെ വേരുപോല്‍!
കെട്ടിപ്പിണഞ്ഞ് പുണരേണ്ടവര്‍.
എന്നിട്ടും അങ്ങ് ദൂരെ
മഴയുടെ ഞരക്കവും കേട്ട്
ഇടിയും മിന്നലും പോല്‍
വഴിമാറി നടന്നവര്‍....