2013, നവംബർ 26, ചൊവ്വാഴ്ച

 























പുളിയിലക്കരച്ചേല ഞൊറിഞ്ഞുടുത്ത്,
നെറ്റിയില്‍ സിന്ദൂരപ്പൊട്ടു കൊണ്ടൊരു
പൂര്‍ണചന്ദ്രനെ തീര്‍ത്ത്,
പ്രണയം തുടിക്കുമീ മോതിര-
വിരല്‍ ചേര്‍ത്തൊരീറന്‍ ചന്ദനപ്പൊട്ടും വരച്ച്,
നനവുണങ്ങാത്ത മുടിയില്‍ അരുമയായ്
തുളസിക്കതിരൊന്നിറുത്തും വെച്ച്,
മഞ്ഞു പെയ്യുന്നോരീ നാട്ടു വയല്‍ വരമ്പിലൂടെ
നിന്നോമല്‍ കൈയും കോര്‍ത്ത്‌ പോരണമെനിക്ക്.

ഓലചൂട്ടൊന്നു വീശി വീശി,
കൈകള്‍ നിറയെ കരിവള കിലുക്കി,
നഗ്ന പാദങ്ങളാലീ നനുത്ത മണ്ണിനെ തൊട്ട്,
വിശ്വാസങ്ങളുറങ്ങുന്ന കാവിലെ
ഉണര്‍ത്തു പാട്ടിന്‍റെ രാത്രിയുത്സവം കാണാന്‍.

മാക്കവും, കതിവന്നൂര്‍ വീരനും,
പേരറിയാത്ത കടുത്ത ചായങ്ങളും
നിറഞ്ഞാടുന്നൊരാ കളിയാട്ട രാവിന്‍
ചമയങ്ങള്‍ കൊണ്ടു മിഴി നിറഞ്ഞു തൂവാന്‍.

കൌതുകത്തോടെ, ഭയത്തോടെ,
നിന്‍റെ തോളുരുമ്മി നിന്ന്
കരിമഷിക്കണ്ണുകളിളക്കി,
വിസ്മയത്തോടെ, ഭക്തിയോടെ..
തുടി കൊട്ടില്‍ സ്വയം മറന്നീ
ചായങ്ങളുടെ ലഹരിയില്‍ മുങ്ങിത്താഴണമെനിക്ക്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ