2011, ഡിസംബർ 20, ചൊവ്വാഴ്ച

മയില്‍‌പീലി പോലെ....





















ഒരു മയില്‍‌പീലി പോലെ ഏതു നിറമെന്നു തിരിച്ചറിയാന്‍ കഴിയാത്ത ഒരു ദിവ്യാനുഭൂതിയാണ്‌ പ്രണയം.എവിടെ തുടങ്ങുമെന്നോ എവിടെ അവസാനിക്കുമെന്നോ പറയുവാന്‍ കഴിയാത്ത ഒരു പ്രതിഭാസം...
ഒരേ സമയം ശബ്ദം കൊണ്ട് പ്രണയിക്കുകയും പ്രകാശ വേഗം കൊണ്ട് മറക്കുകയും ചെയ്യുന്നു....മഴയായി മഞ്ഞായ് വേനലായ് ഋതുക്കളില്‍ നമ്മെ പുണരുന്നതും ഒടുവില്‍ വിയര്‍പ്പു തുള്ളികളില്‍ കണ്ണുനീര്‍ പടര്‍ത്തി അകന്നു പോകുന്നതും അക കണ്ണ് കൊണ്ട് നാo അറിയുന്നു....

2011, ഡിസംബർ 19, തിങ്കളാഴ്‌ച

ഏറെയില്ലെങ്കിലും ഇന്നും..
ഭാരം തന്നെയാണ്
നിന്റെ ഓർമ്മകൾ ,
പെയ്യുന്നില്ലെങ്കിലും ഇന്നും..
മഞ്ഞു തന്നെയാണ്
നിന്റെ വാക്കുകൾ,
നേരമില്ലെങ്കിലും ഇന്നും..
നോവ്‌ തന്നെയാണ്
നമ്മുടെ പ്രണയവും...

പെണ്ണ്
-----------
ആരോ വരച്ചിട്ട
ലക്ഷ്മണ രേഖക്കുള്‍
നീറി നീറി പുകയുന്ന
സ്വപ്നം ...

2011, ഡിസംബർ 17, ശനിയാഴ്‌ച


കൊലുസണിഞ്ഞ കുഞ്ഞി കാലൊച്ച കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പറന്നതാണ് മരുഭൂമിയിലേക്ക്
...അവധിക്കു നാട്ടിലേത്തിയപ്പോ കണ്ടതാണ് പിന്നെ .... മകള്‍ അഞ്ജു അങ്ങ് വളര്‍ന്നു..
അഞ്ചു വയസായി.....

കപ്പടാ മീശയുള്ള പാല്‍ക്കാരന്‍ കേശവച്ചാരെ നോക്കുന്ന ഭീതിയോടെ ആണ് അവള്‍ സ്വന്തം അച്ഛനെ ഒളിച്ചും പാത്തും നോക്കിയിരുന്നത് ...
ഒന്ന് അടുത്ത് ഇടപഴകി താനവളുടെ ശത്രുവല്ല എന്നവള്‍ തിരിച്ചറിഞ്ഞപോഴേക്കും അവധി കഴിയാറായിരുന്നു ... ...
ജന്മം കൊണ്ട് മാത്രം അവകാശപ്പെടാനാവുന്ന ആ ബന്ധം ഒരച്ഛനും മകളും എന്ന നിലയിലേക്ക് ഉയര്‍ന്നപ്പോള്‍ അയാളും എന്തൊക്കയോ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു ...

പ്രാരാബ്ദങ്ങളുടെ നൂലാമാലകള്‍ ഒരു വശത്ത്...
യാത്ര തിരിക്കാനുള്ള അവസാന നിമിഷത്തില്‍ വിങ്ങുന്ന മനസ്സോടെ തന്‍റെ പൊന്നോമനയെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ഇടറുന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു.....

''ഇനി അടുത്ത പ്രാവശ്യം പപ്പാ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ മോള്‍ക്ക്‌ എന്താ.. കൊണ്ട് വരേണ്ടേ...??????
എന്ത് വേണമെങ്കിലും ചോദിച്ചോളൂ...പപ്പാ കൊണ്ട് വരും.....


അവളുടെ നിഷ്കളങ്കത ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട്
ചോദിച്ചു...

"എന്നും കാണാന്‍ പറ്റുന്ന ഒരു പപ്പയെ കൊണ്ട് വരമോ"......!!!!

ആ വാക്കുകള്‍ അയാളുടെ ഹൃദയഭിത്തികളെ ഭേദിച്ച് ആഴ്ന്നിറങ്ങുമ്പോഴേക്കും , തന്നെ എയര്‍പോര്‍ട്ടിലേക്ക്
യാത്ര അയക്കാനുള്ള വാഹനത്തിന്‍റെ ഹോണ്‍ മുഴങ്ങുകയായിരുന്നു...!!!!!!!!!

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച


മറവിയെന്ന താക്കോല്‍കൂട്ടങ്ങള്‍ കൊണ്ടെത്ര പൂട്ടിയിട്ടിട്ടും ഓര്‍മ്മപ്പൂട്ടുകള്‍ തുറന്നു കൊണ്ടേയിരുന്നു ...

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….
.നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്നങ്ങള്‍ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്.....

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച


നഷ്ടങ്ങള്‍ 


 നഷ്ടങ്ങള്‍ എത്ര ചെറുതാണെങ്കിലും വേദനയാണ്‌. കരുതിവച്ചിരുന്നതെന്തോ കൈവിട്ടു പോകുന്നു. ആ സംഗതിയോടുള്ള ഇഷ്ടംകൊണ്ടല്ലേ ഞാനത്‌ സ്വന്തമാക്കിയത്‌. എന്നിട്ടിപ്പോള്‍ അതെന്റേതല്ലാതാകുന്നു. കുഞ്ഞും നാളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ലൊട്ടുലൊടുക്ക്‌ സാമാനങ്ങള്‍, ഒരു പക്ഷിത്തൂവല്‍,ഒഴുകാൻ മറന്നൊരു കടലാസു തോണി..
പൊട്ടിയ സ്ലേറ്റ്, പെൻസിൽ..
വക്കുപൊട്ടിയ കണ്ണൻ ചിരട്ട..
ചിതറിയ മഴവില്ലിന്റെ വളപ്പൊട്ടുകൾ....
.... എവിടെയോ കളഞ്ഞു പോകുന്നു. എനിക്കുചുറ്റുമുള്ള ലോകം തന്നെ ഇല്ലാതാകുന്നതുപോലെ. എന്നിട്ടും ഒരു സത്യമുണ്ട്‌. വേഗം, ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വേഗം ഞാനവയൊക്കെ മറന്നുപോയി. ഇത്തിരി നൊമ്പരത്തിന്റെ ഓര്‍മ്മ പോലും പാടെ ഇല്ലാതായി.

പക്ഷേ ഇപ്പോള്‍ ഞാനൊരു നഷ്ടത്തിലാണ്‌. സമയത്തിനു മായ്ക്കാന്‍ വയ്യാത്ത ഒരു നഷ്ടം. ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണെനിക്ക്‌ നഷ്ടമായിരിക്കുന്നത്‌. ഒരു സ്വപ്നം! ഏറെ മധുരതരവും, സുഖകരവുമായ ഒരു സ്വപ്നം. എത്ര സങ്കടനേരത്തും കണ്ണീരിലും ആ സ്വപ്നത്തിന്റെ നനുത്തവിരലുകള്‍ എന്റെ കണ്ണുനീരൊപ്പിയിരുന്നു. നിലാവില്ലാത്ത രാത്രിയില്‍ കടലില്‍ ആകാശത്തിനും വെള്ളത്തിനുമിടയില്‍ ഒഴുകിയലഞ്ഞിരുന്ന എനിക്കുമുന്‍പില്‍ അങ്ങുദൂരെയെങ്കിലും തെളിഞ്ഞു കത്തിയിരുന്ന ഒരിത്തിരി വെട്ടമായിരുന്നു ആ സ്വപ്നം. അതിന്ന് കെട്ടുപോയിരിക്കുന്നു.

ഞാനെത്രയോ തവണ കണ്ണടച്ചും തുറന്നും നോക്കി. ഇല്ല... ഒരു കണികപോലും അവശേഷിച്ചിട്ടില്ല. തികച്ചും അനന്തതയിലെക്കുള്ള ഒരൊളിച്ചോട്ടം. ഒരു യാത്രപോലും പറായാതെ.... പകരം വയ്ക്കാനാവില്ല. തിരിച്ചു കിട്ടാനും പോണില്ല. ഹോ കാലമേ, വസന്ത ശിശിരങ്ങളെ തേരിലേറ്റി നീ എന്റെ തലയ്ക്കു മീതെ പാഞ്ഞു പോകുമ്പോള്‍ ഞാനറിയാതെ മോഹിക്കുന്നു. ഏതോ ഒരു നിലാ പൗര്‍ണ്ണമിയില്‍ നീ എടുത്തുകൊണ്ടുപോയ ആ സ്വപ്നം ഒരു നിമിഷത്തേയ്ക്കെങ്കിലും ഒന്നു തിരിച്ചുതരില്ലേ?

ചിതറിത്തെറിച്ച സ്വപ്നങ്ങളെ
തിരിച്ചെടുക്കാന്‍ ഞാന്‍ മെനക്കെട്ടില്ല;
കൈവിട്ടതിനെ തിരികെ നേടാനും.......

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഉണരുന്നത്

വീണ്ടും കരഞ്ഞു

തളര്‍ന്നുറങ്ങാന്‍!

കൊതിക്കുന്നു പലതും

കൊതിപ്പിക്കുന്നു പലരും!

ഒരു ചെറു പുഞ്ചിരിയാല്‍

ഞാനിന്നറിയുന്നു;

ജീവിതം പലപ്പോഴും

ഒരു നല്ല ചോദ്യ ചിഹ്നം ''?''

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

നീ മാത്രമെനിക്ക് ഭാവനയുടെ ചിലങ്കകള്‍ സമ്മാനിച്ചു , ഒരു കൊട്ടാരം നര്‍ത്തകിയെപ്പോലെ ഞാന്‍ മതിമറന്നു നൃത്തം ചെയ്തു....എന്റെ മനസ്സില്‍ ആനന്ദമായിരുന്നു ..പക്ഷേ..അരികില്‍ നിന്നും നീ മാത്രം മാഞ്ഞതും ഋതുക്കള്‍ മാറിയതും , ഞാനറിഞ്ഞില്ല ...... എന്റെ കാല്‍ചിലങ്കകളുടെ ശബ്ദം മാത്രം ഞാന്‍ കേട്ടു...

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

കാറ്റിന്
സ്നേഹത്തിന്റെ കുളിരാണ്.
ഓര്‍മ്മകള്‍ തികട്ടുമ്പോള്‍,
പ്രണയത്തിന്റെ ചുടു നിശ്വാസങ്ങള്‍ക്ക്
കുളിരു പകരുവാന്‍ വെമ്പല്‍
കൊള്ളുന്ന പോലെ.
പൂക്കളില്‍ തഴുകി,
ഓളങ്ങളില്‍ തഴുകി,
എന്നടുത്തെത്തുമ്പോള്‍
ആ കുളിരില്‍ ഞാന്‍ ലയിച്ചു
പോയെങ്കില്‍ എന്നാശിച്ചു പോകും. ..

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

വാക്കുകള്‍ ഹൃദയത്തിന്റെ
താളിലെഴുതുമ്പോള്‍
തുടിക്കുന്നൊരീ മനസ്സിന്റെ കാഴ്ചയില്‍
നിറങ്ങള്‍ നിറയുന്നു...

ചില്ലുടഞ്ഞ കണ്ണാടിയില്‍
കാണുന്ന വ്യത്യസ്ത
മുഖങ്ങള്‍ പോലെ,
പല പല ചിന്തയില്‍
ചുട്ടെടുത്ത അക്ഷരങ്ങള്‍.

ഉള്ളിന്റെ ഉള്ളില്‍ എവിടൊക്കെയോ
പുകയുന്ന നഷ്ടബോധം

കുറിക്കുന്നു ഞാനിവിടെ...

നിന്നെ മറന്നെന്നു കരുതി  

ആശ്വസിക്കുമ്പോഴും ,

ഇടയ്ക്ക് ,

നിന്‍റെ മേല്‍വിലാസമന്യേഷിച്ച്,

ഒറ്റയ്ക്കും തെറ്റക്കുമായി 

ചില വാക്കുകള്‍ 

എന്‍റെ വീട്ടുപടിക്കലെത്താറുണ്ട് . 

ഇരുമ്പു പട്ടയടിച്ച,

         അടച്ചിട്ട വാതിലിനു മുന്‍പില്‍ 

         നിന്ന് പരുങ്ങാറുണ്ട് 

         കണ്ണുകളില്‍ ദൈന്യം നിറച്ച് 

       കാത്തു കാത്തിരിക്കാറുണ്ട് .

       ഒരു ദിവസം ഒരു പൂ പോലെ 

       വാടി തളര്‍ന്നു വീഴും .

       പിന്നെയെങ്ങോട്ടോ 

        മറയും .

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച



എഴുതാന്‍ ഒരു വിഷയമില്ല
എന്ന ചിന്തയായിരുന്നു...മനസ്സില്
...അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കറണ്ട്‌പോക്ക്.....

വൈകുന്നേരങ്ങളിലെ കാറ്റും മഴയും കറണ്ട്‌ പോക്കും ഒരു ശീലമായപ്പോൾ മെഴുകുതിരിയെ ആശ്രയിക്കാതെ വയ്യ....

മെഴുകുതിരികള്‍ എടുത്തു നടന്നു.
അടുക്കളയിൽ ചെന്നിട്ടു ഭഗീരഥപ്രയത്നം തന്നെ വേണ്ടി വന്നു തീപ്പെട്ടി തപ്പിയെടുക്കാൻ.. "അമ്മയ്ക്കിതോന്നെടുത്തു എളുപ്പം കിട്ടുന്നിടത്തു വെച്ചൂടെ...?"


കട്ടിലിന്റെ തലവശത്ത് തന്നെ മെഴുകുതിരി പ്രതിഷ്ടിച്ചു. അതിന്റെ ഇഴപിരിഞ്ഞു നിന്നിരുന്ന രണ്ടു നാരുകൾ ഒരുമിച്ചു കത്തുന്നത് കാണാൻ നല്ല കൗതുകം . ഒരിക്കലും പിരിയാത്ത സുഹൃത്തുക്കളാണെന്ന് തോന്നിപ്പോകും. ഈ നാരുകളാണ് മെഴുകുതിരിക്കു ജീവൻ നല്കുന്നത്. വ്യക്തമായി പറഞ്ഞാൽ മെഴുകുതിരിയുടെ ആത്മാവ്. തിരികൾ കത്തിത്തീരുന്നതിനനുസരിച്ചു അത് അതിന്റെ മെഴുകു ആവരണം പോഴിച്ചുകൊന്ടെയിരുന്നു. ഒന്നാലോചിച്ചാൽ മനുഷ്യന്റെ അവസ്ഥയും ഇത് തന്നെയല്ലേ...? ആത്മാവ് നശിച്ചു പോകുമ്പോൾ അതും അതിന്റെ ബാഹ്യമായ ആവരണം ഉപേക്ഷിക്കുന്നു.


അയ്യോ...!. മെഴുകുതിരി മുക്കാൽ ഭാഗത്തോളം കത്തിത്തീർന്നിരിക്കുന്നു. എത്ര പെട്ടന്നാ ല്ലേ...!
ഒരു മെഴുകുതിരിയുടെ ജനനവും മരണവും, എല്ലാം നിമിഷങ്ങൾ കൊണ്ട് തീര്ന്നു പോകുന്നു... സമീപത്തെ മേശമേൽ വെച്ച മെഴുകുതിരി എന്നെ നോക്കി ചിരിക്കുന്നപോലെ... ഇനി അവന്റെ ഊഴമാ...
സ്വയം എരിഞ്ഞുമറ്റുള്ളവര്ക്ക് പ്രകാശമാകുന്നവർ

നമിക്കാതെ വയ്യ...!
ഏകാന്തതയുടെ ചുവ മാത്രമുള്ള ദിവസങ്ങള്‍..
പറയുവാനോ പറയുന്നത് കേള്‍ക്കുവനോ 
 മറ്റൊരാളില്ലാത്ത നിമിഷങ്ങള്‍..
വേദന അമര്‍ന്നു കണ്ണിലൂടെ ഒലിച്ചിറങ്ങിയ 
നിശബ്ദമായി നീറുന്ന നിമിഷങ്ങള്‍... 
പ്രതീക്ഷകള്‍ക്ക് നാളെ എന്നൊന്നില്ലാത്ത ദിനങ്ങള്‍...
മഴ തോരുവോളം നാല് ചുവരുകള്‍ ...
സാക്ഷി നിര്‍ത്തി തേങ്ങി കരഞ്ഞു.. ആരും കേള്‍ക്കാതെ കാണാതെ.....

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച



എവിടെ നിന്നായിരുന്നു എന്‍റെ നഷ്ട്ടങ്ങള്‍ ആരംഭിച്ചത് ?.... 
സ്വന്തമായി ഒരു ജീവിതം വേണ്ട എന്ന് തീരുമാനിച്ച നിമിഷങ്ങളിലോ ?
അതോ ദുഖങ്ങള്‍ എല്ലാം എനിക്ക് തന്നിട്ട് എല്ലാ സന്തോഷങ്ങളും അവര്ക്കു നല്‍കണേ എന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നപ്പോളോ... ഇല്ല അറിയില്ല.....

ഇപ്പോള്‍ നഷ്ട്ടങ്ങള്‍ കണക്ക് എടുക്കാന്‍ പോലും കഴിയാത്ത വിധം വളര്‍ന്നിരിക്കുന്നു. .. ഇതു എന്തുകൊണ്ട് സംഭവിച്ചു ??
ഇപ്പോളും എല്ലാ നഷ്ട്ടങ്ങളും എന്നെ മാത്രം തേടി വരുന്നു എന്തുകൊണ്ട് ??

ഉത്തരം ഇല്ലാത്ത ഇത്തരം ഒരായിരം ചോദ്യങ്ങള്‍ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു അസ്ഥികള്‍ പൊടിഞ്ഞു നുറുങ്ങുന്ന വേദനയിലും മനസ്സില്‍ ഈ ചോദ്യങ്ങള്‍ വീണ്ടും കടന്നുവന്നുകൊണ്ടേ ഇരിക്കുന്നു ....

ഈ ലോകം എനിക്ക് മാത്രം എന്തുകൊണ്ട് നഷ്ട്ടങ്ങള്‍ മാത്രം തരുന്നു എന്നവള്‍ ജനാല ഇഴകളിലൂടെ അവള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഇരുട്ടിന്റെ ആത്മാവിനോട് ചോദിച്ചുകൊണ്ടേ ഇരുന്നു .... ആ ആത്മാവും അവള്‍ക്ക് ഒരു ഉത്തരവും കൊടുക്കാതെ വീണ്ടും കൂരിരുട്ടിലേക്ക് ഒളിച്ചു..

കൊഴിഞ്ഞു വീഴുന്ന അവളുടെ റോസാചെടികളുടെ ഇലകളോടും അവള്‍ ചോദിച്ചു , എന്നെ പോലെ നിങ്ങള്‍ക്കും സ്വപ്നങ്ങള്‍ നിലച്ചുവ്വോ ? അതാണോ നിങ്ങളും............ ?

എല്ലാ ദുഖങ്ങളില്‍ നിന്നും ഒരു മോചനം .......... എന്‍റെ റോസാ ചെടിയുടെ ഇലകള്‍ പോലെ കൊഴിയാന്‍ എനിക്കുമൊരു മോഹo.......
നഷ്ട്ടത്തിന്റെ ഗുണന പട്ടിക ഇവിടെ തീരട്ടെ ..... ഇനിയും ആ നഷ്ട്ടങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വയ്യാതായിരിക്കുന്നു .... അവളുടെ മനസ്സ് മന്ത്രിച്ചു..
ഒരല്‍പം ആശ്വാസം തനിക്കു കിട്ടിയേ തീരു.. എന്ന ഉറച്ച തീരുമാനത്തില്‍ അവള്‍ നഷ്ട്ടങ്ങളുടെ കണക്കു പുസ്തകം താല്‍ക്കാലികമായി അടച്ചു വച്ചവള്‍ അന്നുo മയങ്ങി...

പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റ് മഞ്ഞില്‍ പൊതിഞ്ഞ കുളിര്‍ കാറ്റു കടന്നു വരുന്ന ജനാലക്കരികിലേക്ക് നടന്നു..
അടയാന്‍ മടിച്ചു നിന്ന ജനല്‍ പാളികളിലൂടെ പുറത്തേക്കു നോക്കവ്വേ ,തന്‍റെ റോസാചെടി മുഴുവന്‍ പൂക്കളാല്‍ സുന്ദരി ആയിരിക്കുന്നതവള്‍ കണ്ടു..
പൊഴിഞ്ഞു പോയ ഇലകള്‍ക്ക്‌ പകരം പുതിയ നാമ്പുകള്‍ തളിര്‍ത്തു നിക്കുന്നു.
പഴയ ഇലകള്‍ പൊഴിഞ്ഞു പോയില്ലായിരുന്നെങ്കില്‍ ഈ മനോഹരമായ പൂക്കള്‍ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ലെന്നവള്‍ ഓര്‍ത്തു..
ഒരുവേള തന്നിലും നഷ്ട്ടങ്ങളുടെ ഇലകള്‍ പൊഴിഞ്ഞു പോയി ഒരു പൂക്കാലം വന്നു ചേര്‍ന്നേക്കാം .. എന്നിലും വസന്തം ഒരു പൂക്കാലത്തിന്റെ പരാഗണം നടത്തിയേക്കാം ......

എവിടെയോ ഒരു ആശ്വാസത്തിന്റെ ചിറകടി മുഴങ്ങുന്നു

കണ്ണീരിന്റെ ഉപ്പുരസം വരണ്ട ചുണ്ടുകളിലേക്ക് എത്തും മുന്നേ അവള്‍ അത് തുടച്ചു മാറ്റി ...

അവളുടെ മനസ്സില്‍ മഞ്ഞു പെയ്യാന്‍ തുടങ്ങി, മനസ് കുളിരിന്റെ കൂടാരത്തില്‍ നുഴഞ്ഞു കയറുന്നു..

മനസ്സിലെ കുളിരിലേക്ക് കാതിലൂടെ അലറാം മുഴങ്ങാന്‍ തുടങ്ങി.. ഇനി ചൂടു പിടിക്കുന്ന ജീവിത തിരക്കിലെക്കുള്ള യാത്രയാണ് മനസിലെ നഷ്ട്ടത്തിന്റെ കണക്കു പുസ്തകം ചുവരിലെ അലമാരയില്‍ സൂക്ഷിച്ചു. .

അണിഞ്ഞൊരുങ്ങി അവള്‍ പുറത്തിറങ്ങി ......

അകക്കാടിന്റെ വന്യമായ
നിശബ്ദദയെക്കാള്‍
എനിക്ക് ഭയം
നിന്റെ മൌനമാണ്.

രാത്രിയുടെ രൌദ്ര ഭാവത്തെക്കാള്‍
ഭയം പകലിലെ ചില-
നിഴലനക്കങ്ങളാണ്

ശത്രുവിന്‍റെ പടയോരുക്കത്തെക്കാള്‍ ‍
ഭയം സൌഹൃദത്തിന്റെ
വിഷമയം പുരട്ടിയ പുഞ്ചിരിയാണ് 
 
കടലിന്റെ ആഴങ്ങളെ ക്കാള്‍ 
എനിക്ക് ഭയം
നിന്റെ  മനസ്സിനെയാണ്.

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഞാന്‍ സംസാരിക്കുന്നതും
നീ സംസാരിക്കുന്നതും
ഒരേ ഭാഷ
എന്നിട്ടും
നീ പറയുന്നതെനിക്കും
ഞാന്‍ പറയുന്നത് നിനക്കും
മനസിലാവാതെ
പോവുന്നതെങ്ങനെ ???????.....

പൂജക്കെടുക്കാത്ത പൂ ഞാന്‍
ആരാലും ചൂടപ്പെടാത്തവള്‍
ആണ്ടിലൊരിക്കല്‍ ..
ഒരിക്കല്‍ മാത്രം വാഴിക്കപെടും ഞാനൊരു രാജകുമാരിയായി
അന്ന് എന്നെ കൂട്ടാതെ പൂവടയില്ല...
എന്‍റെ സാന്നിധ്യമില്ലാതെ ആര്‍പ്പു വിളികളുമില്ല
എന്നും ശുഭ്ര വസ്ത്ര ധാരിയായി ..
പ്രൌഡിയോടെ നിലകൊള്ളുന്നു ഞാന്‍
പക്ഷെ ....എത്രനാള്‍...???.....!!

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച


"എഴുതുമ്പോഴെല്ലാം ...

അവസാനത്തെ വരിയാണ് എന്നെ കുഴക്കുന്നത്
കാരണം അത് നിന്നെ കുറിച്ചാണ് ...
അതുകൊണ്ട് അത് ഏറ്റവും ഭംഗി ഉള്ളതാവണം
അവസാനത്തെ വരികളില്‍ നീയുള്ളത് കൊണ്ടാണ്
ആദ്യത്തെ വരികള്‍ക്ക് ഭംഗിയുണ്ടാകുന്നതും
പിന്നെ ഞാന്‍ എന്തെങ്കിലും എഴുതുന്നതും..... "


മുഖപടം മാറ്റുമ്പോള്‍
വെളുത്ത തലയോട്ടികള്‍
മാത്രം!

വാക്കുകള്‍ക്കും
നോക്കുകള്‍ക്കും
അര്‍ത്ഥമില്ലാത്തവര്‍

വര്‍ത്തമാന കാലത്തിലെ
അവിശുദ്ധ സന്തതികള്‍
രാഷ്ട്രീയ കോമരങ്ങള്‍ ......
മിഴി ദൂരത്തിൽ ഉണ്ടെങ്കിലും
നിൻ മിഴി വാക്കുകൾ
മുറിഞ്ഞു പോകുന്നതെന്താണ്...

നിന്നോട് പറയാനുള്ള
വാക്കുകളെല്ലാം -
തൊണ്ടയിൽ കുരുങ്ങി-
നിശ്ശബ്ദമായ് മരിക്കുന്നെതെന്താണ്...

ഓർമ്മകൾ
വിഷാദം പൊഴിക്കുന്ന
സന്ധ്യയും,
മഴയിൽ മനസ്സ് മുറിയുന്ന
പകലുകളും
ബാക്കി വെച്ചിട്ടെങ്ങോട്ടാണ്-
നീ മാഞ്ഞു പോകുന്നത്.

സ്വപ്നങ്ങളും ജീവിതവും
സമാന്തര രേഖയാകുമ്പോള്‍-
വാക്കുകൾ ഊർന്നു വീഴുന്ന
കവിതാ പുസ്തകത്തിൽ
കണ്ണുനീർ അടർന്ന്-
വീണു പടരുന്ന മഷി കറുപ്പ്...

ഉഷ്ണം മാറ്റാനൊരു-
ചെറു കാറ്റ്,
സുഗന്ധം പരത്താനൊരു-
ചെറു പൂവ്,
എന്റെ സ്വപ്നങ്ങളുടെ
കാഴ്ച്ചകളിപ്പോൾ
കണ്ണിന്റെ ദൂരത്തോളം
ചെറുതാണ്... ..

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

നാവിനു ബലമില്ല
കയ്യിനെ ബലം ഉണ്ടായിരുന്നുള്ളു..
നിര്‍ത്താതെ സoസാരിക്കാറില്ലായിരുന്നു..
പക്ഷെ,
വിരലുകള്‍
നിര്‍ത്താതെ സംസാരിച്ചു...
വായടപ്പിച്ചാലും
ഞാനിന്നു സംസാരിക്കും.
പതറാതെ ,
വിരല്‍തുമ്പു വിറക്കാതെ.
ഇടറാതെ
അടിതെറ്റി വീഴാതെ.
അത് കൊണ്ടാണല്ലോ ,
അന്ന്
നീ കല്ലെറിഞ്ഞപ്പോള്‍
ഞാനൊരു പുതിയ പേന വാങ്ങിയത് ......

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

അടയ്ക്കപ്പെട്ടോരെന്‍ ജനലഴിയ്ക്കപ്പുറം
ആരും കേള്‍ക്കാതെ പാഴാവുന്നു മഴയുടെ പറച്ചിലുകള്‍........

ഒരുപാട് പറയാനുണ്ടായിട്ടും ..
ഒന്നും പറയാതെ നിശബ്ദമായി തിരികെ പോയ മഴ....


ഓര്‍ക്കുവാന്‍ ഒന്നും ബാക്കിവയ്ക്കാതെ എങ്ങോ മറഞ്ഞു മാഞ്ഞ മഴ..

2011, ജൂലൈ 31, ഞായറാഴ്‌ച

സന്തോഷം മാത്രo നിറഞ്ഞ ഒരു ജീവിതo....
വെറുതെയെങ്കിലും ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും.?......

അതു മാത്രമാണ്ചിന്താവിഷയം എന്നായിരിക്കും പലരുടെയും ഉത്തരം..ചിന്തിക്കുക മാത്രമല്ല..പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു....

അതുകൊണ്ടുതന്നെ ലോകത്തില്‍ എവിടെയും നാട്യം മാത്രം സ്ഥാനം പിടിച്ചു.....അഭിനയത്തികവിന്‍റെ മൂര്‍ത്തീ ഭാവങ്ങളായി ഓരോരുത്തരും അഭിനയിക്കുന്നു...

ജീവിതമെന്ന അഭിനയത്തിലൂടെയേ ഈ സമൂഹത്തില്‍ ജീവിക്കാനാവൂ എന്ന പരമാര്‍ഥം മനസ്സിലാക്കിയേ പറ്റൂ. .....
പക്ഷേ ജീവിതം നൂറ് ശതമാനം അഭിനയമാകുമ്പോഴാണ് ചിലര്‍ തകരുന്നതും...


എല്ലാവര്‍ക്കും സന്തോഷവും,സമാധാനവും മാത്രം, രോഗങ്ങളോ, വേദനകളോ,മരണമോ ഇല്ലാത്ത, തമ്മില്‍ കലഹിക്കാത്ത ,പരസ്പരം കൊല ചെയ്യാത്ത ഒരു ലോകമായിരുന്നെങ്കില്‍.....

സ്ത്രീകളുടെപോലെ പുരുഷന്‍‌മാരുടെ കണ്ണുനീര്‍ ഒഴുകാതിരുന്നെങ്കില്‍...!എല്ലാവരും പരസ്പരം സ്നേഹിച്ചിരുന്നെങ്കില്‍ .....ജാതിമതങ്ങള്‍ ഇല്ലാതായെങ്കില്‍ ....
ഇതെല്ലാം എന്റെ സ്വപ്നം മാത്രമാണ്.

എന്തിനോ വേണ്ടി നിങ്ങളെപ്പോലെ ഞാനും വെറുതെയെന്നുപോലും അവകാശപ്പെടാന്‍ അനുവദിക്കാത്ത ഒരു നല്ല നാളെയെ സ്വപ്നം കാണുന്നു ...

നല്ലൊരു ലോകത്തെപ്പറ്റി സ്വപ്നം കണ്ടുറങ്ങിയാലും ഞാന്‍ വീണ്ടും ഉണരുന്നത്, വലിച്ചെറിയപ്പെടുന്നത്...നടനകാപട്യത്തിന്റെ തിരശീല പൊങ്ങിയ അരങ്ങത്ത് തന്നെ ........

എല്ലാം മറന്ന്‌ ആടി തീര്‍ക്കാവുന്നത്ര ആടിത്തിമര്‍ക്കുമ്പോഴുo.......ഭൂമിയില്‍ ജനിച്ചുപോയ ഒരു ആത്മാവ്..... വിലപിക്കുന്നതിത്ര മാത്രo.........

''ആര്‍ക്കും വേണ്ടാത്ത മനുഷ്യ ജന്മങ്ങള്‍ ഇനി പിറക്കാതിരുന്നെങ്കില്‍'' ........

കാറ്റിനോട് സല്ലപിച്ചവള്‍-

സൗഹൃദം പങ്കിട്ടു.

മഴയോട് മത്സരിച്ചവള്‍-

സംഗീതം പഠിച്ചു.

നിലാവുള്ള രാത്രിയില്‍-

നിഴലിനെ

പ്രണയിച്ചവള്‍-

വഴിനിറയെ പകലിനെ-

പഴി പറഞ്ഞും

ചോദ്യങ്ങള്‍ ചോദിച്ചും-

ഉത്തരം മുട്ടിച്ചു.

ചിലപ്പോള്‍ അവള്‍ -

ഉറക്കെ ചിരിച്ചും ചിന്തിച്ചും-

ഉത്തരം കിട്ടാത്ത -

ഒരു ചോദ്യ ചിഹ്നമായും-

നിരത്തില്‍ നിറഞ്ഞു നിന്നു.

നിലാവ്, മഴ, കാറ്റ്, മഞ്ഞ് ...

പിന്നെ പിന്നെ അവള്‍ക്കിഷ്ടമയതെല്ലാം-

അന്യരുടെതായിരുന്നു. ....

തിരിഞ്ഞു നോക്കാതെ
നീ പോയ്‌ക്കൊൾക
മഥുരാ പുരിയിലെക്ക് ,
യാത്രാ മംഗളങ്ങൾ നേരുവാൻ
ഈ രാധ വഴിവക്കിലില്ല ,
ഓർത്തു വിലപിക്കുവാൻ
ഇവൾക്ക് മനസുമില്ല .
കാളിന്ദിയിൽ
നിൻറെ കരസ്പർശത്തിൻ
അവസാന ഓർമ്മയും
കഴുകിക്കളഞ്ഞിരിക്കുന്നു ഇവൾ
നടന്നു കൊൾക നീ
അവതാര ലക്ഷ്യത്തിലേക്ക് ........

2011, ജൂലൈ 30, ശനിയാഴ്‌ച

മാര്‍ച്ചിന്‍
അവസാന പടവിലിരുന്ന്
നീ എനിക്കായ് നീട്ടിയ
കടലാസു പൂക്കളില്‍
ഇന്നും മഷിയുണങ്ങീല...
ഒരു പച്ചമഷി വരയില്‍
കുരുങ്ങിക്കിടന്നെന്‍
വിദ്യാ വസന്തത്തിന്‍ മരം
ചിതലരിച്ചുവെങ്കിലും ...............
ഇതാ ഇവിടെ

ഇരുട്ടിൻറെ മാറാല തൂങ്ങിയ

ഈ നാല് ചുവരുകൾക്കുള്ളിൽ ,

പൊടി പിടിച്ചയീ തറയിൽ

എന്റെ പ്രണയത്തിന്റെ ജഡം .

ഉണങ്ങി കരിഞ്ഞ ഇലകളും,

കറുത്ത് പോയ ഇതളുകളുമായി ,

ഒരു ചുവന്ന ദിനത്തിന്റെ

ഓർമ്മയിൽ കുരുക്കിട്ട്

ശ്വാസം കിട്ടാതെ പിടഞ്ഞതിൻറെ

പാടുകളേതുമില്ലാതെ ,

യാതൊരു പരിഭവങ്ങളുമില്ലാതെ

മരിച്ചു കിടക്കുന്നു ..

2011, ജൂലൈ 29, വെള്ളിയാഴ്‌ച

അക്ഷരങ്ങൾ കണക്കു പറയുന്ന ഈ ഗ്രാഫിന്റെ ഒരറ്റത്ത് 
ഞാൻ ആത്മഹത്യ ചെയ്യുന്നു.....
ഇവിടെ ഒരു രാധ പുനര്‍ജനിക്കുന്നു ...
ഉപേക്ഷിക്കപെട്ടവളല്ല , ഉപേക്ഷിച്ചവൾ ....

2011, ജൂലൈ 28, വ്യാഴാഴ്‌ച

എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട് പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

2011, ജൂലൈ 24, ഞായറാഴ്‌ച

ഈ മഴയ്ക്കപ്പുറം പെയ്യുന്ന മിഴികളിൽ നോക്കിയോ നീ?
പെയ്ഴിതൊഴിയുന്നതത്രയും ആരുടെ വർണ്ണങ്ങളെന്നോർത്തുവോ നീ?
ഈ നീല മിഴികളിൽ മഷി പടർത്തിയതാരുടെ കരങ്ങളെന്നറിഞ്ഞുവോ നീ? ........

2011, ജൂലൈ 18, തിങ്കളാഴ്‌ച

ഞാനീ പെയ്തു കൂട്ടിയതു മുഴുവനും

നിൻറെയീ രണ്ടു കണ്ണിലൊളിപ്പിക്കാനെ

ഉണ്ടായിരുന്നുള്ളൂ !!!!....

2011, ജൂലൈ 16, ശനിയാഴ്‌ച

നഷ്ടപെട്ട ഗുൾമോഹറിനെ പറ്റി
വരും വസന്തവും എന്നോട് ചോദിക്കും
ഉത്തരമില്ലാതെ ഞാനുരുകുമ്പോൾ
വരിക നീ പേമാരിയായ്‌
എന്റെ കണ്ണുനീര് മറയ്ക്കുവാൻ .......................

2011, ജൂലൈ 15, വെള്ളിയാഴ്‌ച

എണ്ണാന്‍ മറന്ന മഞ്ചാടിക്കുരുക്കള്‍ എന്‍റെ നഷ്ടങ്ങള്‍ ആണ്..

വര്‍ണ്ണ പ്രപഞ്ചം തീര്‍ത്ത വളപ്പൊട്ടുകള്‍-
വഴിചിതറി പോയിരിക്കുന്നു...

എങ്കിലും പുസ്തകത്തില്‍-
ആകാശം കാണാത്ത മയില്‍പ്പീലി അപ്പോഴും ഉണ്ടായിരുന്നു....
പ്രസവ വേദനയുടെ കാലൊച്ച-
കേള്‍ക്കാത്തതിനാല്‍ തുറക്കാന്‍ ഭയമായിരുന്നു...

പുസ്തകം മാറോട് ചേര്‍ത്ത്
മനസുക്കൊണ്ട് മഞ്ചാടി എണ്ണാനും-
വളപ്പൊട്ടുകള്‍ കൊണ്ട്-
വര്‍ണ്ണം തീര്‍ക്കാനും തുടങ്ങിയിരുന്നു .

2011, ജൂലൈ 13, ബുധനാഴ്‌ച

ഞാന്‍ ഇന്നലെകള്‍ മറക്കാന്‍ തുടങ്ങിയത്‌
ഇന്നോ ഇന്നലെയോ എന്നെനിക്കോര്‍മയില്ല ....

നാളെയുടെ സ്വപ്നങ്ങള്‍ എന്നെ ഉറങ്ങാന്‍ കൊതിപ്പിക്കുന്നു,
ഇന്നലെയുടെ ഓര്‍മ്മകള്‍ എന്റെ ഉറക്കം കെടുത്തുന്നു....

2011, ജൂലൈ 7, വ്യാഴാഴ്‌ച

പ്രണയം ........

പ്രതീക്ഷയോടെ എടുത്ത്
പൊളിച്ചു ഉള്ളിലെത്തിയപ്പോഴേക്കും
ശൂന്യം ..

കൈ നാറിയതും
കണ്ണ് നിറഞ്ഞതും ബാക്കി ...

2011, ജൂലൈ 6, ബുധനാഴ്‌ച

കരഞ്ഞു തീര്‍ക്കാതെ
കരളില്‍ കാത്തു വച്ച
മൗനത്തിന്റെ രണ്ടു കണങ്ങളാണ് ...
നീയും നിന്റെ പ്രണയവും.
നിറഞ്ഞു പെയ്തിട്ടും
നീ അറിയാതെ പോയ
 മേഘമായ് ഞാനും.....

2011, ജൂലൈ 5, ചൊവ്വാഴ്ച

നീ...


 ഇന്നും..നീ എനിക്ക്..
 എഴുതാന്‍ കഴിയാത്ത
കവിതയുടെ വേദനയാകുന്നു ......
എന്‍റെ ഹൃദയ വ്യഥയുടെ
അപാരതയില്‍ നിന്‍റെ ശബ്ദം
തുഷാരമായി അലിഞ്ഞു ചേരുമ്പോള്‍ ....


എന്നും....ജീവിതവും മരണവുമില്ലാത്ത
ഭാവനയുടെ സരോവരത്തില്‍
ഹൃദയ വീണ മീട്ടി ഭ്രാന്തമായി പാടും ......
കേള്‍ക്കാന്‍ ആരുമില്ലാതെ .......

2011, ജൂലൈ 4, തിങ്കളാഴ്‌ച

കണ്ണന്റെ മാത്രം ......

എങ്കിലും
ഉത്തരം കിട്ടിയ പ്രാർത്ഥനകളെന്നിൽ
പ്രാര്‍ത്ഥനയുടെ പ്രതീക്ഷകൾ ബാക്കിയാക്കി.....

സ്നേഹം എന്ന് കേള്‍ക്കുമ്പോള്‍ ഓടിയെത്തുന്ന മുഖമെന്‍ കണ്ണന്റെ മാത്രം ,
പ്രണയമെന്‍ മനസ്സില്‍ തുടിക്കുമ്പോള്‍ തെളിയുന്ന പുഞ്ചിരി എന്‍ കണ്ണന്‍ ,
വിരഹമെന്‍ മനസ്സില്‍ വിങ്ങലാകുമ്പോള്‍ ഒരു തലോടലായ് എന്‍ കണ്ണന്റെ കുസൃതിയും ..
എന്നെന്നും എപ്പോളും എന്‍ കണ്ണന്‍ കൂട്ടിനുണ്ടല്ലോ .................

അസാധ്യമെന്നചിന്തയെ ജയിച്ചെനിക്കുവളരണം
അമൂല്യരത്നമമ്മതന്ന സ്നേഹമെന്നറിയണം
തികഞ്ഞഭക്തിയോടെ ജന്മനാടിനെനമിക്കണം
ഗുരുപദാംബുജങ്ങളെന്നുമുണ്മയായ് സ്മരിക്കണം
തിന്മബാഷ്പമാക്കുമാത്മ സൗഹൃദങ്ങളേകണം
നന്മപ്രോജ്ജ്വലിച്ചിടുന്ന ദീപമായ് വിളങ്ങണം
അറിവിനായടങ്ങിടാത്ത ദാഹമുള്ളിലെരിയണം
അറിഞ്ഞതേകമാത്രയെന്നൊരെളിമയില്‍ തെളിയണം
ശത്രുവെങ്കിലും കരം ഗ്രഹിക്കുവാന്‍ കഴിയണം
മിഴികള്‍ കൊണ്ടു മാനസം തലോടുവാന്‍ പഠിക്കണം
നാവില്‍ നല്ലവാക്കുകള്‍ സദാതുളുമ്പിനില്‍ക്കണം
നിറഞ്ഞപുഞ്ചിരിക്കുമുന്‍പിലായുധങ്ങള്‍തോല്ക്കണം ...

2011, ജൂൺ 25, ശനിയാഴ്‌ച

ഓര്‍ക്കും,നിന്നെ ഞാന്‍ എന്നുടലില്‍
ചാരം പൊതിയും നാള്‍ വരെയും.
പക്ഷെ,ഓര്‍ക്കരുതെന്നെനീ നിന്നുടലില്‍
വാര്‍ദ്ധക്യം വന്നണയും വരെയും" ..

2011, ജൂൺ 21, ചൊവ്വാഴ്ച

കനല്‍

സ്നേഹമെന്നുo..
ജ്വലിക്കുന്ന കനലാണ് ...
അണഞ്ഞു പോകാന്‍
തുടങ്ങുമ്പോള്‍
ഒരു ചെറു നിശ്വാസം
കൊണ്ട് പോലും
ആളി കത്തിക്കാന്‍
കഴിയുന്ന
ഒരു ജ്വാലയാണ് .....

2011, ജൂൺ 20, തിങ്കളാഴ്‌ച

2011, ജൂൺ 14, ചൊവ്വാഴ്ച

ഇന്ന് എന്ന സത്യത്തില്‍ നിന്നും, 

നാളെ എന്ന സങ്കല്പത്തിലേയ്ക്കുള്ള ദൂരം..

അത്ര തന്നെയുണ്ട്, അല്ലെങ്കില്‍ 

അതിനേക്കാളുണ്ട് എന്നില്‍ നിന്നും 

നീന്നിലേയ്ക്കുള്ള ദൂരം.....

2011, ജൂൺ 9, വ്യാഴാഴ്‌ച


നിൻറെ ഓരോ സ്നേഹ പ്രകടനത്തിലും

സ്വാർഥതയുടെ തണുപ്പുണ്ട്.

അടക്കിപിടിച്ച ശബ്ദത്തിൽ

ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന്

ഓരോ തവണ നീ പറയുമ്പോഴും

അതിലുമെത്രയോ വലിയ ശബ്ദത്തിൽ

മനസിലൂടൊരു തീവണ്ടി കടന്നു പോകും,

ഒരു വിഡ്ഢിയെ പോലെ ഞാൻ

നിന്നെ നോക്കി ചിരിക്കും ..

2011, ജൂൺ 1, ബുധനാഴ്‌ച

ഇനിയെന്ത് സുഗന്ധം??

സ്നേഹമെന്നു.. !.
പേരുള്ളൊരു പൂവ്‌ .....

ഋതുഭേദങ്ങളുടെ
സഹായമില്ലാതെ .....
വിടരുകയും വളരുകയും
ചെയ്യുന്ന ഒരേ ഒരു
പൂവ്‌ ........!.

അടര്‍ന്നു പോകുന്ന
പൂവിതള്‍ പോലവള്‍...

തളിര്‍ത്തു നില്‍ക്കുമ്പോള്‍ ,
പൂക്കുമ്പോള്‍ ,
വിടര്‍ന്നു പുഞ്ചിരിതൂകുമ്പോള്‍ ,
നല്ലതെന്നു ചൊല്ലി
അതിന്‍റെ സൌന്ദര്യം
ആസ്വദിക്കുന്നവര്‍ ...

അടര്‍ന്നു വീഴുമ്പോളവളെ ...
പെറുക്കി മാറ്റുന്നു ......

" മിഴിനീര്‍ തുമ്പില്‍ വിടരും
ഓര്‍മ്മതന്‍ പനിനീര്‍ പൂവുകള്‍ക്ക്
ഇനിയെന്ത് സുഗന്ധം ...???!

 

അതെ ; വാടി കരിഞ്ഞ്‌
അടര്‍ന്ന് പോകുന്ന പൂവിതള്‍ പോലെയാണ്
നാം മറ്റുള്ളവരുടെ മനസ്സില്‍ .....

2011, മേയ് 31, ചൊവ്വാഴ്ച

ജീവിത പൂവുകള്‍

ചില പൂവുകള്‍
അങ്ങിനെയാണ് ........

ചില പ്രണയവും .....
വിടരും മുന്‍പേ
പൊഴിയും ....

പൊഴിഞ്ഞു വീണ ദളങ്ങളില്‍
കാണാം
നോവിന്‍റെ നീര്‍ മുത്തുകള്‍ ......

ഓരോ ഇതളായി
നീ പൊഴിഞ്ഞത് മണ്ണില്‍ അല്ല
എന്‍റെ മനസിലായിരുന്നു ........

നിന്‍റെ സ്നേഹത്തിന്‍
അവസാന ദളവും കൊഴിഞ്ഞു വീണ
ഈ വഴിയില്‍ ..ഇനി ഞാന്‍ എകയാണ് ...
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ ..

ഞാന്‍ വരും ...
ചിതറി പോയ
എന്‍റെ സ്വപ്നങ്ങളുടെ താഴ്വരയില്‍ .

2011, മേയ് 30, തിങ്കളാഴ്‌ച

2011, മേയ് 29, ഞായറാഴ്‌ച

മാതാപിതാക്കളുടെ പരിലാളനകളില്‍ നിറഞ്ഞു നിന്ന വര്‍ണാഭമായ ശൈശവ കാലത്തെ കുറിച്ച് പറയാന്‍ നമുക്കെല്ലാവര്‍ക്കും ഒരുപാട്കഥകളുണ്ട്..


ഇവര്‍ക്കുമുണ്ട്‌ പറയാനേറെ കഥകള്‍..

അനുദിനം വന്നു വീഴുന്ന
അനാഥമായ പിറവികളുടെ
ഉപേക്ഷിക്കപ്പെടുന്ന കുരുന്നു ജന്മങ്ങളുടെ
വരിയുടഞ്ഞ നിഷ്കളങ്ക ജീവിതങ്ങളുടെ
നിറം കെട്ട കഥകള്‍..

അന്നോളം രുചിച്ചറിഞ്ഞിട്ടില്ലാത്ത
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം
സ്വപ്നത്തിലൊരുമാത്ര നുണഞ്ഞു പുഞ്ചിരിച്ചും
അമ്മ വന്നൊരുമ്മ തരുമെന്ന്
വെറുതെ കൊതിച്ചു
കൈവിരലുണ്ടു മയങ്ങിയും
അറിയാതെയുറക്കത്തില്
അരികിലൊരു
മുലഞെട്ട് തിരഞ്ഞു
അര്‍ദ്ധരാത്രിയില്‍ ഞെട്ടിയുണര്‍ന്നു കരഞ്ഞും
ആരാലും ‍താലോലിക്കപ്പെടാത്ത
കൊച്ചു കുറുമ്പുകളുടെ
കുസൃതികളുടെ
നിഷ്കളങ്കമായ നിസ്സഹായതകളുടെ
എണ്ണമറ്റ കഥകള്‍..

ഇരുട്ടിന്റെ മറവില്‍
ആളൊഴിഞ്ഞ റയില്‍പ്പാളത്തിനരികില്‍
അമ്പലപ്പറമ്പില്‍
പഴകിയ എച്ചില്‍ക്കൂനകളില്‍ വെച്ച്
അറുത്തുമാറ്റപ്പെടുന്ന പൊക്കിള്‍ക്കൊടി ബന്ധങ്ങളെ
ചോരത്തുണിയില്ത്തുടിക്കുന്ന
ജീവന്റെ അവശേഷിപ്പുകളെ
തെരുവു നായ്ക്കള്‍ കടിച്ചു കുടയുന്ന
പരുന്തും പ്രാപ്പിടിയനും റാഞ്ചുന്ന
ഇടനെഞ്ചു തകരും കഥകള്‍...

കഥകള്‍ നമ്മോടു ചിലതൊക്കെ പറയുന്നുണ്ട്...
പറയാതെ പറയുന്ന ചില പറയാത്ത കഥകള്‍...
പറയാന്‍മാത്രം ബാക്കിവെച്ചു നാo നിര്‍ത്തുമീ തുടരുന്ന ജീവന്റെ തുടിപ്പിന്‍ കഥകള്‍...

2011, മേയ് 28, ശനിയാഴ്‌ച

നീ എനിക്കായ് പെയ്യുന്ന മഴ...
ഞാന്‍ നിനക്കായ് ഒഴുകുന്ന പുഴ...
ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം.......