2012, ഡിസംബർ 30, ഞായറാഴ്‌ച


 കുപ്പിവളകള്‍

 കുപ്പിവളകള്‍പോലെ ആയിരുന്നു ജീവിതം. എത്ര സുന്ദരമായി ഞാനണിഞ്ഞ കുപ്പിവളകള്‍ എന്റെ കയ്യില്‍ നിന്നും അറിയാതെ എപ്പോഴോ ഓരോന്നായ് പൊട്ടിതകര്‍ന്നു മണ്ണിലേക്കു വീണു...

എന്നാലും കാലമുരുണ്ടപ്പോള്‍ മഴ കഴുകിയെടുത്ത മണ്‍പുതപ്പില്‍ നിന്നും മുളച്ചുപൊന്തി പലയിടത്തായി ചിതറിക്കിടന്നിരുന്ന പാതിപൊട്ടിയ വളപ്പൊട്ടുകള്‍ പെറുക്കിയെടുത്ത് ഒത്തവര്‍ണം ഒത്തുനോക്കി സ്നേഹം നിറച്ച ഒരു ചിമ്മിനി വിളക്കത്തുരുക്കിവളച്ച് ഒരു മാലയാക്കിയെന്റെ സുന്ദരമായ ജീവിതം ഞാന്‍ വീണ്ടെടുത്തു...

പൊട്ടി തകര്‍ത്തതൊന്നും കുപ്പിവളകള്‍ ആയിരുന്നില്ല...
എന്‍റെ കിനാക്കളുടെ ചില്ലു കൊട്ടാരമായിരുന്നു!
പക്ഷേ ...ചിലത് നഷ്ടപെടുത്താതെ ചിലത് നേടാനാവില്ലല്ലോ?..

2012, ഡിസംബർ 19, ബുധനാഴ്‌ച

എത്ര കഠിനമായ
ഏകാന്തതയുടെ വേലിയേറ്റത്തിലും ,
അദൃശ്യമായ് വന്നെന്‍റെ
നൊമ്പരത്തിന്‍ നെറുകയില്‍
ചുംബനത്തിന്‍ സിന്ദൂരം തൊട്ടുപോകുന്ന
പ്രിയപ്പെട്ടവനെ, എനിക്കറിയാം ...
നിനക്കെന്നോട് എത്രയാണ്.. ഇഷ്ടമെന്ന്.. !

ഇന്നും, ഒരു മൌനത്തിന്റെ രണ്ടു യുഗങ്ങളിൽ
പെയ്തു തോര്‍ന്നു നാം മരിക്കുന്നു....
ഒരിക്കലും ഒരുമിച്ചൊരു മഴവില്ലു വരയ്ക്കാനാകാതെ.....


വേര്‍പാടിന്റെ വേദനയില്‍
നീര്‍ച്ചാലുകള്‍ കവിളില്‍ തടമെടുക്കുമ്പോഴാണ്
ഞാനാദ്യമായി അവനെ അറിഞ്ഞുതുടങ്ങിയത്‌,

മറുവാക്കുരിയാടാതെ എന്റെ വാക്കുകള്‍ക്കു
കാതോര്‍ത്തിരുന്നവനെന്നും
നല്ലൊരു കേള്‍വിക്കാരനായിരുന്നു...

എന്നിട്ടും,
വാചാലതയില്‍ നിന്നും മൌനത്തിലേക്ക്‌
എന്നെ കൈപിടിച്ച് നടത്തിച്ചതവനായിരുന്നു..

യാമങ്ങളിലെന്റെ തേങ്ങലും കണ്ണുനീരും
ആരുമറിയാതിരിക്കാന്‍ അവനെന്നെ ചേര്‍ത്തുപിടിച്ചു,

അവനിന്നറിയാം..,എനിക്കു തുണയായ്..
സാന്ത്വനമായ് മറ്റാരുമില്ലെന്ന്..

എങ്കിലും,
അവന്റെ മടിത്തട്ടില്‍ നിന്നും മണ്ണിലേക്കൂര്‍ന്നിറങ്ങുവാന്‍
ഞാനാഗ്രഹിക്കുന്നുണ്ടെന്നറിയാത്ത ഭാവം
നടിക്കുകയാണോ
അവന്‍ ...?

ഞാനും നീയും
തമ്മിലുള്ള..
അകലത്തിലൊഴുകുന്ന
പുഴയാണെന്‍
കവിത .....

ഞാന്‍ സ്വപ്നങ്ങൾ
വിൽക്കാനായെത്തിയവൾ..
വെന്തുരുകി
അഴുകിത്തുടങ്ങിയ
സ്വപ്‌നങ്ങള്‍
വഴിയോരത്ത്
വില്‍ക്കാന്‍ വച്ചിരിക്കുന്നു...

2012, ഡിസംബർ 18, ചൊവ്വാഴ്ച

പ്രണയം


നഷ്ടപെട്ടതിന്റെയാഴം
ഒരു വാക്കില്‍
ഒതുക്കാനാവുമെങ്കില്‍ ..
തീര്‍ച്ചയായും അത്
മൂന്നക്ഷരമുള്ള
നിന്റെ പേര്
തന്നെയാണ് ...
ഒരിക്കലും നഷ്ട്ടമാവാത്തതും
നിന്റെ പേര്...
പേര് പോലെ തന്നെ
മൂന്നക്ഷരമുള്ള
" പ്രണയം".....

2012, ഡിസംബർ 1, ശനിയാഴ്‌ച


ഒരു പുതിയ ജീവിതത്തിലേക്കുള്ളൊരു പറിച്ചു നടല്‍,
അങ്ങനെയാണ് ഓരോ ദിവസവും പുനര്‍ജനിക്കുന്നത്...
പക്ഷെ വേരുകള്‍ അതു നമ്മളെ തുടങ്ങിയിടത്തു തന്നെ
കൊണ്ടെത്തിക്കുമ്മെന്നു കാലം വീണ്ടും വീണ്ടും തെളിയിച്ചു തരുന്നു....
ഒരു പക്ഷെ ശരീരം കൊണ്ടല്ലെങ്കില്‍ മനസുകൊണ്ടെങ്കിലും
പഴയ ഓര്‍മ്മകളിലെക്കു അറിയാതെ സഞ്ചരിച്ചെന്നു വരും...
അവിടെ ചിലപ്പൊഴൊക്കെ എനിക്കു കാലത്തെ
തോല്പിക്കാന്‍ കഴിയുമെന്ന ഭാവത്തില്‍ പലപ്പോഴും
മനസ്സു തലയുയര്‍ത്തി നില്‍ക്കും..
വികലമായ മനസ്സിന്റെ മിഥ്യയായ ബോധം......

ഇനി ഇങ്ങനെയൊന്നു എഴുതാന്‍ കഴിയുമെന്നു കരുതിയതല്ല.
പക്ഷെ കാലം മായ്ക്കാത്ത മുറിവുകളില്ലല്ലൊ?
കാലത്തിന്റെ ആ നന്മയുടെ ശക്തി,
അതിനെ ഈശ്വരനെന്നു വിളിക്കാം.
എല്ലാ ബന്ധനങ്ങളുടെ വേരുകളേയും
ശിഥിലീകരിക്കുന്ന ആ ശക്തി....
അവിടേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു
എല്ലാം എന്നു ഇപ്പൊഴെനിക്കു തോന്നുന്നു..

അതല്ലെങ്കില്‍ എന്തിനും ഒരു കാരണം വേണമല്ലോ?
ഇവിടെ ഈ നിമിഷം വരെ എത്തി നില്‍ക്കാന്‍ വേണ്ടി
സംഭവിച്ച കാരണങ്ങള്‍ മാത്രമായിരുന്നു കഴിഞ്ഞതെല്ലാം....
അങ്ങനെ വിശ്വസിക്കുവാനാണു ഇന്നെനിക്കു തോന്നുന്നത്....
ആ വിശ്വാസത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തതയുണ്ട്‌... സമാധാനമുണ്ട്‌...

ഞാന്‍ മുന്പു ഏറേ ഭയപ്പെട്ടിരുന്ന എകാന്തതയാണു
ഇപ്പോഴത്തെ എന്റെ ഏറ്റവും സുഖകരമായ അനുഭൂതി....
ചിലപ്പോള്‍ അതില്‍ വസന്തത്തിന്റെ സംഗീതം കേള്‍ക്കാം,
ഭംഗിയുള്ള ചിത്രശലഭങ്ങളുടെ നൃത്തങ്ങള്‍ കാണാം...

ഇപ്പോള്‍ ഈ വേരുകള്‍ക്കു ഇടയില്‍ ജീവിക്കുമ്പോഴും അവ എന്നെ ബന്ധിക്കുന്നില്ല...... ബന്ധിക്കാതിരിക്കട്ടെ.......



2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

കൈക്കുന്ന വായിലൂടെ ഞാന്‍
ഉപ്പിട്ട കണ്ണുനീര്‍ കുടിച്ചിറക്കുമ്പോഴും..
കണ്ടുമുട്ടാറുണ്ട് ഞാന്‍...
എന്റെ കണ്ണീര്‍ തുള്ളികളില്‍
നിന്റെ കാണാ കണ്ണുനീര്‍...
കരഞ്ഞു ഞാന്‍ തീര്‍ക്കുന്ന
വേദനകള്‍ നീ കരയാതെ
കരഞ്ഞു തീര്‍ക്കുന്നത് ഞാനറിയുന്നു ...
നിന്നിലെ വേദനകള്‍ കനം തൂങ്ങുമ്പോള്‍
എനിക്കാശ്വാസവാക്കുകളുമായി നീ
ചാരത്തിരിക്കുവാന്‍ കൊതിച്ചിടുമ്പോഴും ..
നിന്റെ വാക്കില്‍ ഒളിഞ്ഞിരിക്കും
ദു:ഖമേഘങ്ങളെന്നില്‍ എന്തിന്റെയെല്ലാമോ
കാണാകയങ്ങള്‍ സൃഷ്ട്ടിച്ചു വീണ്ടും
പേമാരിയായ് എന്നില്‍ പെയ്തു തുടങ്ങും.....

2012, സെപ്റ്റംബർ 2, ഞായറാഴ്‌ച

നീ ആകാശവും,
ഞാന്‍ കടലുമായിരുന്നെങ്കില്‍ ,
ഞാന്‍ വറ്റിവരളും വരെ,
നീ മാഞ്ഞില്ലാതാകും വരെ,
കണ്ണില്‍ കണ്ണില്‍ നോക്കി
നമുക്കു കാലത്തെ
തോല്‍പ്പിക്കാമായിരുന്നു ...
തമ്മില്‍ സ്പര്‍ശിക്കാനാവില്ല എങ്കിലും
എനിക്കു പറയാനുള്ള വാക്കുകള്‍
തിരകളായി നിന്നിലേയ്ക്കുയര്‍ത്തുകയും,
നിന്റെ സ്നേഹം എന്നും
എന്നിലേയ്ക്ക് മഴയായ് പൊഴിക്കുകയും,
ഞാന്‍ നിന്നോടൊപ്പം
ശിരസ്സുയര്‍‌ത്തി നില്‍ക്കുമ്പോള്‍
നിലാവ് ഒരു സുവര്‍‌ണ്ണകമ്പളം കൊണ്ട്
നമ്മളെ പുതപ്പിക്കുമായിരുന്നു....
നക്ഷത്രങ്ങളില്ലാത്ത രാത്രിയില്‍
മനസ്സിന്റെ ചില്ലയില്‍ നമുക്കൊരു
കവിത എഴുതാമായിരുന്നു .....

2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

നിറങ്ങള്‍

എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍
നിറങ്ങളുടെ മോഹിപ്പിക്കുന്ന കൂട്ടം.
ഒരുപാട് തരം നിറങ്ങള്‍.....
ചുമപ്പും പച്ചയും നീലയും മഞ്ഞയും ....
കടുംനിറമുള്ള ചായങ്ങള്‍ കൊണ്ടൊരു ലോകം ...
നിറങ്ങളുടെയും ചായപെന്‍സില്‍ തുമ്പിന്റെയും
ഇടയില്‍ പറയാതെ പറയുന്ന
കുറെ നിറമുള്ള സ്വപ്‌നങ്ങള്‍ ....
ആ സ്വപ്നങ്ങളിലേക്ക്‌ ഞാനിന്നും
കണ്ണുംനട്ടു നോക്കിയിരിക്കുന്നു....

എന്നെങ്കിലും ഈ നിറങ്ങള്‍ക്ക്
രൂപങ്ങള്‍ ഉണ്ടാകുമോ ??
ആ രൂപങ്ങള്‍ക്ക്‌ നിറങ്ങള്‍
കൊണ്ടൊരു ജീവന്‍ പകരാനാകുമോ ??
അതോ ജലകണങ്ങളില്‍ ‌
അറിയാതെ വീണുപോയ
മഴവില്ല് പോലെ അര്‍ത്ഥമില്ലാത്ത
അപൂര്‍ണമായ വരകളായി മാത്രം
അവശേഷിക്കുമോ...
ഒട്ടും നിറം പിടിപ്പിക്കാത്ത
എന്റെ സ്വപ്‌നങ്ങളും?????

2012, ജൂലൈ 5, വ്യാഴാഴ്‌ച

ഞാനും നീയും
ഇന്നലെ പെയ്ത മഴയിലെ
വെറും കുമിളകള്‍!
എന്റെ സാന്നിദ്ധ്യം നിനക്കും
നിന്റെ സാന്നിദ്ധ്യം എനിക്കും
അനുഭവിക്കാത്ത വണ്ണം
പൊട്ടിയൊലിച്ചവര്‍....

ഞാനും നീയും
ആമ്പലും സൂര്യനും പോല്‍!
പരസ്പരം നോക്കാന്‍ മടിച്ചവര്‍.
വെയിലേല്‍ക്കാതെ വാടിക്കരിഞ്ഞപ്പോള്‍
ഒരു തുള്ളി പോലും കുടിക്കാന്‍
മറന്നവര്‍.

ഞാനും നീയും
അരയാലിന്റെ വേരുപോല്‍!
കെട്ടിപ്പിണഞ്ഞ് പുണരേണ്ടവര്‍.
എന്നിട്ടും അങ്ങ് ദൂരെ
മഴയുടെ ഞരക്കവും കേട്ട്
ഇടിയും മിന്നലും പോല്‍
വഴിമാറി നടന്നവര്‍....

2012, ജൂൺ 27, ബുധനാഴ്‌ച

എത്ര നാള്‍!

എത്ര നാള്‍
മണ്ണിനെ പുല്‍കാന്‍ കൊതിച്ചു...
എത്ര നാള്‍
വെയിലറ്റു മയങ്ങി കിടന്നു
എത്ര നാള്‍
മണ്ണില്‍ വീണുരുകിയലഞ്ഞു .....

എന്നിലും നനവ് പടര്‍ന്നു...
സൂര്യനെ നോക്കിയെന്‍റെ....
തുടിപ്പുമുണര്‍ന്നു....

പതിയെ ഉയര്‍ന്നും
കാറ്റില്‍ തളര്‍ന്നും
മഴയില്‍ നനഞ്ഞും
ഞാനും വളര്‍ന്നു .......

ഒരായിരം കിളികള്‍ക്ക്
കൂടൊരുക്കിയും
ശരീരവും മനസ്സും
എനിക്കുള്ളതൊക്കെയും
വേനല്‍പ്പകലില്‍
നടന്നു തളരുന്നോരെന്റെ
വേദന തിന്നുന്ന
മാനവര്‍ക്കു നല്‍കിയും

ഒരായിരം ശിഖരങ്ങളായ്
ഇന്നു ഞാനും വളര്‍ന്നു ............ !!!

2012, ജൂൺ 24, ഞായറാഴ്‌ച

കുന്നിക്കുരു


ചുവന്ന് തുടുത്ത കവിളില്‍

ഉരുണ്ട മറുകും കുത്തി,

കൊഴിഞ്ഞ ഇലകള്‍

പുതച്ചുറങ്ങുന്നൊരു

കുന്നിക്കുരു.

2012, ജൂൺ 3, ഞായറാഴ്‌ച

എല്ലാം പെട്ടെന്നായിരുന്നു!

എല്ലാം പെട്ടെന്നായിരുന്നു
ഈ ലോകം
ഇത്ര ചുരുങ്ങി പോയതും .
അനേകം മുറികളുള്ള തറവാട്ടില്‍ നിന്നും
നരകമാ നഗരത്തിലെ ഒറ്റമുറി ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ടതും .

എത്ര പെട്ടന്നാണ്
നാലാളറിഞ്ഞതും ,
പൂവും പ്രാർത്ഥനയുമായി
നാടാകെ തടിച്ചു കൂടി കൈ കഴുകിയതും .
പുതിയ കിടപ്പുമുറി കണ്ടു കൊതി തീര്‍ന്നതും..

പെട്ടന്നുതന്നെ
അവസാനത്തെ മുറിയില്‍ വാതിലടഞ്ഞതും
മുകളിൽ മണ്ണുവീണതും,
ലോകമെന്റെ കാല്‍ക്കീഴിലെന്നഹങ്കാരo നിലച്ചതും
ഓര്‍മ്മ തെളിച്ച മെഴുകുതിരികളെല്ലാം
കരഞ്ഞു തീർന്നുറച്ചതും ...
എല്ലാമെല്ലാo.....
പെട്ടന്നുതന്നെയായിരുന്നു....

2012, മാർച്ച് 25, ഞായറാഴ്‌ച



നിരാശ എന്റെ കവിത സ്വീകരിക്കുമ്പോള്‍

നന്ദി വാക്കുകള്‍ ഞാന്‍ നേരുന്നു

എനിക്ക് നിരാശ സമ്മാനിച്ചവര്‍ക്കും

പിന്നെ ആ സാഹചര്യങ്ങള്‍ക്കും............

2012, ജനുവരി 1, ഞായറാഴ്‌ച

ജീവിത പരീക്ഷ താളുകളില്‍ എന്നും.
ത്രിവര്‍ണ്ണങ്ങള്‍ മാത്രമെനിക്കു സ്വന്തം...

ചോദ്യ കടലാസിലെ വെളുപ്പും..
അതിലെന്നെ തുറിച്ചുനോക്കുന്ന
അക്ഷരങ്ങളുടെ കറുപ്പും...

ഉത്തര കടലാസിലെ
കുറ്റപ്പെടുത്തലിന്റെ ചുവപ്പും....

ഇന്നലെ...
നീ എഴുതി മടുത്ത..
ചുരുട്ടിയെറിഞ്ഞ..
ഇന്നലെകളുടെ ചുളിവു വീണ..
വെറുമൊരു കടലാസാണു ഞാന്‍....

ഇന്ന്‌...
നിന്‍റെ അടുപ്പിലെ
പുകയുന്ന കനലുകള്‍ക്ക്
ഞാനഗ്നിയായാളി പടര്‍ന്നപ്പോള്‍

എന്നില്‍
നീയെഴുതിയ വാക്കുകള്‍ക്ക്
മരണം...!!