2010, നവംബർ 24, ബുധനാഴ്‌ച

കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍,
കൌതുകം നിറഞ്ഞ നോട്ടവുമായി എന്റെ പ്രതിരൂപം..
കുഞ്ഞുനാളില്‍ അമ്മ കുളിപ്പിച്ച് ,കണ്ണെഴുതി, പൊട്ടു തൊടുവിച്ചു,മുടി പിന്നിയിട്ടു തന്ന ശേഷം കണ്ണാടിയുടെ മുന്നില്‍ പോയി ചന്തം ആസ്വദിക്കുന്ന,ആ കുഞ്ഞുകുട്ടിയായോ ഞാന്‍..? സംശയം തീരാന്‍ കണ്ണാടിയോട് ചോദിച്ചപ്പോള്‍.
''അതെ'' ആ കുഞ്ഞുകുട്ടിയാണെന്ന മറുപടി..
അല്ല, കണ്ണാടി കള്ളം പറയുന്നു,
അന്നത്തെ ആ നിഷ്കളങ്കതയും, കുസൃതികളും എവിടെ,
കുട്ടിക്കാലത്തെ കുതൂഹലതയും , പ്രസരിപ്പും എവിടെപോയി മറഞ്ഞു...??
പിന്നെയും ഒരു പുഞ്ചിരിയോടെ മറുപടി..
എല്ലാം നിന്നില്തന്നെയുണ്ട്‌, ജീവിത പാച്ചിലിനിടയില്‍ നീ ശ്രദ്ധിക്കാഞ്ഞിട്ടാണ്..പെണ്ണേ!....
ഈ ജീവിതം കൊണ്ട് നീ സംത്രിപ്തയാണോ??..
മിഴിയില്‍ നിറഞ്ഞ ഒരു കണ്ണീര്‍കണം ഒളിപ്പിച്ചും,
തൊണ്ടയില്‍ കുടുങ്ങിയ ഒരു ഗദ്ഗദത്തെ അടക്കിയും
ഞാന്‍ മറുപടി പറഞ്ഞു ..''അതെ''...
ഒരു കള്ളച്ചിരിയോടെ കണ്ണാടി മറുപടി തന്നു..
''അല്ല, ഇപ്പോള്‍ നീയാണ് കളവു പറയുന്നത്.''..

ഇപ്പോള്‍ എനിക്കൊരു സംശയം, സത്യം ഏതാണ്?
കണ്ണാടിയിലെ ഞാനോ, ഈ ഞാനോ?.

2010, നവംബർ 4, വ്യാഴാഴ്‌ച

തൂവല്‍


പറക്കമുറ്റാത്ത അവളുടെ തൂവല്‍ ചിറകുകള്‍ ഓരോന്നും
ആകാശത്തെ സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു.....
ചിറകുകള്‍ പതിയെപ്പതിയെ അനക്കി തുടങ്ങിയപ്പോള്‍
അമ്മക്കിളി ഒരു താങ്ങായി അവളെ പ്രോത്സാഹിപ്പിച്ചു... .
പതിയെ പിച്ചവച്ചു കുഞ്ഞി ചിറകുകള്‍ ഉയര്‍ത്തി അവള്‍ മുന്നോട്ടാഞ്ഞു....ആദ്യ ശ്രമം വിജയകരമായി പരാജയപ്പെട്ടു.....ദാ കിടക്കുന്നു ...!!
അമ്മക്കിളി ചിറകുകൊണ്ടു വിരിച്ച മെത്തയില്‍....

ഉത്സാഹത്തോടെ അവള്‍ പിടഞെഴുന്നേറ്റു നിന്നു......
ചിറകുകള്‍ക്ക് അല്പം ആക്കം കൂട്ടി അവള്‍ വീണ്ടും ഒന്നുകൂടി ശ്രമിച്ചു..അല്പം ഒന്ന് ഉയര്‍ന്നു പൊങ്ങി വീണ്ടും താഴേക്ക്....
അവള്‍ക്കതൊരു ആവേശമായി മാറി,..വീണ്ടും തളരാതെ ചിറകടിച്ചു ..അമ്മക്കിളി തന്റെ ചിറകുകള്‍ വിടര്‍ത്തി അവള്‍ക്കു മുകളിലേക്കുയരാന്‍ പ്രേരിപ്പിച്ചു...അവള്‍ നിർത്താതെ തന്റെ കുഞ്ഞി ചിറകുകള്‍ വേഗത്തില്‍ ചലിപ്പിച്ചു ..മെല്ലെ മെല്ലെ അവള്‍ വായുവിലേക്കുയർന്ന് ആകാശം കണ്ടു....നീലിമയുടെ ആകർഷണീയത അവളുടെ ആവേശം ഇരട്ടിച്ചു...ഈ ലോകം കീഴടക്കാന്‍ പോകുന്ന ആവേശം ..
അവള്‍ അതിശയത്തോടെ താഴേക്ക്‌ നോക്കി ....
ഇതുവരെ നോക്കി കണ്ട തന്റെ ലോകം കാല്‍കീഴില്‍ കാണുന്ന പോലെ അവള്‍ക്ക് ‌തോന്നി... ചിറകുകള്‍ അവളുടെ വലിപ്പത്തെക്കാള്‍ ശക്തി സംഭരിച്ചിരുന്നു...ക്രമേണ അവളുടെ ഭാരം നഷ്ടപ്പെടുന്നതവളറിഞ്ഞു....
ചിറകുകളുടെ വേഗം അവളെ വാനോളം ഉയര്‍ത്തി ....
കുഞ്ഞായി മാറുന്ന ഭൂമിയിലെ പച്ചപ്പാടങ്ങളും പുല്‍മേടുകളും
അവള്‍ക്കു അന്നോളമിലാത്ത കൌതുകമായി കണ്ണുകളില്‍ വിടര്‍ന്നു . ..ഒന്നുമല്ലാതെ വായുവിൽ ഇങ്ങനെ ഒഴുകി നടക്കാൻ എന്തു രസം..പഞ്ഞിക്കെട്ടു പോലെ വെളുത്ത മേഘങ്ങള്‍, ഒന്നവയില്‍ ഒളിച്ചിരിക്കാന്‍ പറ്റിയെങ്കില്‍....

വശങ്ങളിലേക്ക് തലചെരിച്ചുകൊണ്ടവള്‍.. .തനിക്കു ജന്മം നല്‍കി തന്നെ വാനോളം ഉയര്‍ത്തിയ തന്റെ പൊന്നമ്മക്കിളിയെ സ്‌നേഹത്തോടെ നോക്കി ...
ആ കണ്ണുകളില്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അലകള്‍ അവള്‍ക്കു കാണാന്‍ കഴിഞ്ഞു..വിണ്ണിലെ വെണ്മേഘങ്ങള്‍ തീര്‍ത്ത മേല്‍ക്കൂരക്കു കീഴെ അവള്‍ താഴെ പച്ചപരവതാനി വിരിച്ച തന്റെ ജന്മഗ്രഹത്തെ
ആവോളം കണ്ടാസ്വദിച്ചു...പഞ്ഞിക്കെട്ടുകള്‍ക്കിടയില്‍
ഒളിച്ചു നിന്ന് സൂര്യഭഗവാന്‍ അവളെ നോക്കി പുഞ്ചിരി തൂകി ..
തന്റെ കുഞ്ഞി ചിറകുകള്‍ ചൂടില്‍ തളരാന്‍ തുടങ്ങിയപ്പോള്‍..അവള്‍ക്കു താങ്ങായി അമ്മക്കിളി അവളോടൊപ്പം ചേര്‍ന്ന് ചിറകിട്ടടിച്ചു ...അതവള്‍ക്ക് ആ ചൂടില്‍ വളരെ ആശ്വാസമായി...മെല്ലെ അവര്‍ ഇരുവരും ഒരു ഉയര്‍ന്ന മരച്ചില്ലയില്‍ വിശ്രമിക്കാനായി പറന്നിറങ്ങി...അഭിമാനവും സന്തോഷവും നിറഞ്ഞ മനസോടെ അവള്‍ അമ്മക്കിളിയോടൊട്ടി ചേര്‍ന്നിരിന്നു...അമ്മക്കിളിയുടെ ചിറകുകള്‍ അപ്പോളേക്കും അവളെ വാത്സല്യത്തോടെ ചേര്‍ത്ത്പിടിച്ചിരുന്നു..... തന്റെ മകള്‍ ആദ്യമായി ഈ ഭൂമിയെ കാല്‍ച്ചുവട്ടില്‍ കണ്ടതിന്റെ അഭിമാനം ആ കണ്ണുകളിലും നിറഞ്ഞു നിന്നിരുന്നു...

കാതടപ്പിക്കുന്ന ശബ്ദം കേട്ട് ചിറകുകള്‍ക്കിടയില്‍ തളര്‍ന്നു തലചാച്ചിരുന്ന അവള്‍ ഞെട്ടി ഉണര്‍ന്നു ...അവള്‍ക്കു ഒന്നും മനസ്സിലായില്ല ..തന്നെ ചേര്‍ത്ത് പിടിച്ചിരുന്ന ചിറകുകള്‍ വിറക്കുന്നുണ്ടായിരുന്നു....ആ ചിറകുകള്‍ക്കിടയിലൂടെ തന്റെ അമ്മയുടെ മുഖത്തേക്ക് ഭയം നിറഞ്ഞ കണ്ണുകളാല്‍ അവള്‍ നോക്കി...ആ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു ...മിനുമിനുത്ത തൂവലിലൂടെ നനഞ്ഞിറങ്ങിയ ചുടുചോര അവളുടെ കുഞ്ഞിച്ചിറകിലേക്ക് പടന്നിറങ്ങി,, ..ഇടറുന്ന സ്വരത്തില്‍ തന്റെ അമ്മ എന്തോ പിറുപിറുക്കുന്നതായവള്‍ക്കു തോന്നി..തന്നെ വാത്സല്യത്തോടെ പുതപ്പിച്ച ആ ചിറകുകള്‍ അവളുടെ ദേഹത്തുനിന്നു വഴുതിപോകുന്നുണ്ടായിരുന്നു ....
ഭയം നിറഞ്ഞ കണ്ണുകളോടെ ചുറ്റും പരതുമ്പോഴേക്കും ചില്ലയില്‍ നിന്ന് തന്റെ അമ്മക്കിളി താഴേക്ക് വീണിരുന്നു...
തന്നെ വാനോളം പിടിച്ചുയര്‍ത്തിയ ആ ചിറകുകള്‍ ഇതാ നിശ്ചലമായിരിക്കുന്നു ...അവള്‍ കിതപ്പോടെ ചിറകുകള്‍ അടിച്ചു...അടുത്ത ഊഴം തന്റെതാണോ.....
അവള്‍ ഭയപ്പാടോടെ ചുറ്റും നോക്കി "രക്ഷപ്പെടുക മകളെ"
അമ്മയുടെ മനസ്സ് അവളോടു മന്ത്രിക്കുന്നപോലെ തോന്നിയവള്‍ക്ക്‌....

അവള്‍ തന്റെു കുഞ്ഞിച്ചിറകുകള്‍ ചലിപ്പിച്ചു പറന്നുയര്‍ന്നു..
ഒന്നും അവള്‍ക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല ..അവളുടെ
കുഞ്ഞിച്ചിറകുകളിലെ തളര്‍ച്ച അവള്‍ മറന്നിരിക്കുന്നു...
ആ കുഞ്ഞു മനസ് വിങ്ങുന്നുണ്ടായിരുന്നു ...
ഈ ആകാശത്തേക്ക് തന്നെ കയ്പിടിച്ചുയര്‍ത്തിയ തന്റെ രക്ഷിതാവ്,കൈക്കുള്ളില്‍ ഭദ്രമായിരുന്ന തന്റെ വിരൽത്തുമ്പ്, പെട്ടെന്ന് പിടി വിട്ടു പോയിരിക്കുന്നു...ഭൂമിയിൽ ഞാ൯ കണ്ട ദൈവം, തന്നെ വിട്ടു പോയിരിക്കുന്നു ...
വിധിയുടെ ക്രൂരത അവളുടെ ഇളം മനസ്സിനെ തുളച്ചു കയറിക്കൊണ്ടിരുന്നു... ഭയം നിഴലിച്ച കണ്ണുകളും നീറുന്ന മനസ്സുമായ് അതിവേഗം കുഞ്ഞിച്ചിറകുകള്‍ ചലിപ്പിച്ച് ഉരുകുന്ന ചൂടില്‍ അവള്‍ എങ്ങോട്ടെന്നിലാതെ പറന്നു.... ഏതൊക്കെയോ വഴിയിലുടെ ഒഴുകി. അമ്മ നഷ്ടമായി എന്ന സത്യം അംഗീകരിച്ചു കൊടുക്കാതെ വയ്യ എന്ന അവസ്ഥ എത്തിയപ്പോള്‍ മനസ്സ് ശൂന്യം......

ഒരു നിമിഷം കൊണ്ടുണ്ടായ അവളുടെ വലിയ നഷ്ടം..
ക്രൂരതകള്‍ നിറഞ്ഞ ഈ ലോകത്തില്‍ അതിജീവനത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുതന്ന തന്റെ് അമ്മക്കിളിയെ ഓര്‍ത്ത്.. പിടക്കുന്ന കുഞ്ഞുമനസ്സുമായി അവള്‍ ലക്ഷ്യമില്ലാത്ത യാത്ര തുടര്‍ന്നു . ....

ഭൂമിയുടെ മാറിലേക്ക് അവളുടെ കുന്നിക്കുരു കണ്ണിലൂടെ ഒഴുകിത്തീര്‍ന്ന ചുടുകണ്ണീര്‍ പതിക്കുന്നുണ്ടായിരുന്നു.....