2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച


ഗുല്‍മോഹര്‍ ... ഈ പേര് പണ്ടെവിടെയോ കേട്ടിട്ടുണ്ട്... എവിടെ എന്നോര്‍മയില്ല... പക്ഷെ വളരെ കാലങ്ങള്‍ക്ക് ശേഷം... ഇപ്പോള്‍ പറഞ്ഞാല്‍ കുറച്ചു കാലങ്ങള്‍ക്ക് മുന്പ് ജയരാജ്‌ ന്റെ "ഗുല്‍മോഹര്‍" എന്ന സിനിമ ഇറങ്ങിയപ്പോള്‍ ഈ പേര് കുറച്ചുകൂടെ പരിചിതമായി... ഇന്ന് ആ സിനിമ കണ്ടു..അങ്ങേനെയാണ് വാകയാണ് ഈ പേരുകേട്ട ഗുല്‍മോഹര്‍ എന്ന് മനസിലായത്... ഞാന്‍ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ എന്ന് കരുതിയ വാകപ്പൂവുകള്‍ ഗുല്‍മോഹര്‍ എന്ന പേരില്‍ ഗൂഗിളില്‍ നിറഞ്ഞു കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷവും പിന്നെ എന്റേത് മാത്രം ആയിരുന്നതിപ്പോള്‍ എന്ന ഒരു possessiveness ഉം തോന്നി... ...


ഞാന്‍ ഡിഗ്രീ പഠിച്ച എന്റെ കോളേജ്... ഒരു കുന്നിന്റെ മുകളില്‍ പള്ളിയോടു ചേര്‍ന്ന ആ കോളേജ്... ഇരു വഴികളില്‍ നിറയെ ഈ ഗുല്‍മോഹര്‍ എന്ന വാക മരമായിരുന്നു...ഏപ്രില്‍- മെയ്‌ മാസങ്ങളില്‍...പരീക്ഷയുടെ ചൂടും പ്രകൃതിയുടെ ചൂടും കൂടുമ്പോള്‍ എല്ലാം തണുപ്പിക്കാന്‍ പൂക്കുന്ന ഈ ഗുല്‍മോഹര്‍ മരങ്ങള്‍..കുന്നു കയറി കോളേജ് ലേക്ക് നടന്നു പോവുമ്പോള്‍.. ചുവന്ന വാകപ്പോവിന്റെ ഇതളുകള്‍ നിലത്തു നിറയെ ഉണ്ടായിരുന്നു... പടവുകളിലും..മരത്തിന്റെ തറകളിലുമായി നിറയെ...5 ഇതളുകളില്‍...4 എണ്ണം ചുവപ്പും ഒന്ന് വെള്ളയില്‍ ചുവപ്പ് കുത്തുകള്‍ പതിഞ്ഞതും ...അതില്‍ ചവിട്ടി നടക്കുവാന്‍ പലപ്പോഴും ഒരു സങ്കടം തോന്നിയിട്ടുണ്ട്....ഇന്നും തോന്നാറുമുണ്ട്....

പഠിത്തത്തിന്റെ ഒരു ഞെരുങ്ങിയ കാലങ്ങളില്‍ ഒരു നിമിഷം അതൊന്ന്നോക്കി നില്‍ക്കുവാന്‍ മാത്രമെ കഴിഞ്ഞിരുന്നുള്ളൂ...

ഇന്നിവിടെ ബാംഗ്ലൂരില്‍ .. റോഡിന്‍റെ ഇരു വശങ്ങളിലും ഈ പറയുന്ന വാക എന്ന ഗുല്‍മോഹര്‍ പൂക്കുമ്പോള്‍ .... പൂക്കള്‍ പൊഴിഞ്ഞു വീഴുമ്പോള്‍....ഒറ്റപ്പെട്ട ആ ഇതള്‍ കാണുമ്പോള്‍.... ഒരുപാട് ഓര്‍മ്മകള്‍...
പ്രണയിച്ചു നടക്കാന്‍ സുഖമുള്ള ഒരു പൂവിരിച്ച തണലുകളിലൂടെ റഫീക്ക് അഹമ്മദിന്റെ 'മെയ്‌ മാസമേ.. നിന്‍ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ"...കേട്ട് വെറുതെയിങ്ങനെ നടക്കുന്നു......

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

''നോസ്റ്റാള്‍ജിയ''


 പഴയ ഡയറിക്കുള്ളില് ‍ ഇരിപ്പുണ്ടിന്നും
സ്വന്തം പേര് മറന്നു മയങ്ങിയൊരു ഇന്‍ലന്റ്റ് ..
കുറിക്കാതെ പോയ
ഒരുപിടി ചിന്താശകലങ്ങളുടെ ഭാരവും പേറി
അതെന്നോട്‌ മൂകം എന്തോ മൊഴിയുന്നുണ്ട്....

നാഴികകള്‍ താണ്ടി സ്നേഹത്തിന്റെ, 
സൌഹൃദത്തിന്റെ സൌരഭ്യവും പേറി
ഇളം തെന്നല്‍ പോലെ പടിവാതില്‍ക്കല്‍ വന്നു 
വിളിക്കാറുണ്ടായിരുന്ന ആ സന്ദേശo 
ഞാനിന്നെന്തേ മറന്നു പോയെന്നാവാം..
അല്ലെങ്കില്‍ ചാഞ്ഞും ചെരിഞ്ഞും കറുപ്പിച്ചും നിറം കൊടുത്തും
ദിനവും എന്റെ മെയില്‍ ബോക്സിലൂടെ
ഒഴുകി നീങ്ങാറുള്ള ഇമെയില്‍ സന്ദേശങ്ങളോളം വേഗം
അതിനില്ലാതെ പോയെന്ന പരിഭവമാകാം..
എങ്കിലും എന്റെ പ്രിയപ്പെട്ട ഇന്‍ലന്റ്റ്,
നിന്നോടു ഞാനൊന്ന് പറയട്ടെ
ഒരിക്കല്‍ നിന്റെ ഉള്ളടക്കം
എന്റെ ഹൃദയസ്പന്ദനങ്ങളായിട്ടുണ്ട് ..
നിന്റെ വരവും കാത്ത് വഴിക്കണ്ണുമായി
എത്രയോ പകലുകളില്‍ ഞാനുരുകിയിട്ടുണ്ട് ..
ഇന്നുമെന്റെ പഴയ പഠനമുറിയിലെ മേശവലിപ്പില്
‍ ആരുമറിയാതെ കാത്ത് വെച്ചിട്ടുണ്ട്
അമൂല്യമായ നിന്റെയൊരു ശേഖരം ..!

ചിതലരിക്കാത്ത ഒരുപിടി ഓര്‍മ്മകളുടെ
''നോസ്റ്റാള്‍ജിയ'' എന്ന പേരു ചൊല്ലി നിന്നെയും ഞാന്‍ വിളിച്ചോട്ടെ..??