2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

അപ്പൂപ്പന്‍ താടി


എവിടുന്നോ പറന്നു വന്ന്‍

സ്വന്തമെന്നു കൊതിപ്പിച്ച്

എങ്ങോട്ടോ പറന്നു പോകുന്നു

നിന്നില്‍ തങ്ങി നില്‍ക്കുന്നത്

നിന്റെ മിടുക്ക് പോലിരിക്കും

ചേര്‍ത്തു പിടിച്ചോളൂ

ഒരു കുഞ്ഞു കാറ്റ് മതി

അത് മറ്റാര്‍ക്കോ സ്വന്തമാകാന്‍

ചിലപ്പോള്‍ ആര്‍ക്കുമില്ലാതാവാന്‍......


2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ചില കാക്ക നൊമ്പരങ്ങള്‍

ഒരിക്കല്‍ മാത്രമേ നിങ്ങള്‍ എന്നെ കൈകൊട്ടി വിളിക്കാറുള്ളൂ...
ചിലപ്പോള്‍ ഏതെങ്കിലും
പുഴയുടെ ഓരത്ത്...
അതുമല്ലെങ്കില്‍ തൊടിയിലെ -
മരണം മണക്കുന്ന-
ചാര തറയില്‍...
ചിലപ്പോള്‍ കടലോരത്ത്...

മുറ്റത്ത്‌ വെറുതെ-
ഇറങ്ങുമ്പോളും, കറങ്ങുമ്പോളും-
നീട്ടി തുപ്പിയും...
ഉറക്കെ ആട്ടി പായ്ച്ചും-
കറുപ്പിനെ വെറുക്കുന്നവര്‍...‍
അപ്പോള്‍ ഞങ്ങള്‍
ചിലപ്പോള്‍ മരണത്തെ
സ്നേഹിച്ചു പോകും-
തെറ്റാണെന്ന് അറിഞ്ഞിട്ടും.

ബലി തറയില്‍ അല്ലാതെ-
അല്പം ദയ, ഒരു നോട്ടം,
ഒരു വര്‍ത്തമാനം-
ചിലപ്പോഴൊക്കെ അല്പം മധുരം -
അറിഞ്ഞുകൊണ്ട്.
അത്രയൊക്കെയേ -
ഞങ്ങള്‍ ആഗ്രഹിക്കാറുള്ളൂ..

2011, ഫെബ്രുവരി 5, ശനിയാഴ്‌ച

മാതാപിതാക്കളുടെ പരിലാളനകളില്‍ നിറഞ്ഞു നിന്ന വര്‍ണാഭമായ ശൈശവ കാലത്തെ കുറിച്ച് പറയാന്‍ നമുക്കെല്ലാവര്‍ക്കും ഒരുപാട് കഥകളുണ്ട്.. ഇവര്‍ക്കുമുണ്ട്‌ പറയാനേറെ കഥകള്‍..


അനുദിനം വന്നു വീഴുന്ന

അനാഥമായ പിറവികളുടെ

ഉപേക്ഷിക്കപ്പെടുന്ന കുരുന്നു ജന്മങ്ങളുടെ

വരിയുടഞ്ഞ നിഷ്കളങ്ക ജീവിതങ്ങളുടെ

നിറം കെട്ട കഥകള്‍..

അന്നോളം രുചിച്ചറിഞ്ഞിട്ടില്ലാത്ത

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം

സ്വപ്നത്തിലൊരുമാത്ര നുണഞ്ഞു പുഞ്ചിരിച്ചും

അമ്മ വന്നൊരുമ്മ തരുമെന്ന്

വെറുതെ കൊതിച്ചു

കൈവിരലുണ്ടു മയങ്ങിയും

അറിയാതെയുറക്കത്തില്

അരികിലൊരു

മുലഞെട്ട് തിരഞ്ഞു

അര്‍ദ്ധരാത്രിയില്‍ ഞെട്ടിയുണര്‍ന്നു കരഞ്ഞും

ആരാലും ‍താലോലിക്കപ്പെടാത്ത

കൊച്ചു കുറുമ്പുകളുടെ

കുസൃതികളുടെ

നിഷ്കളങ്കമായ നിസ്സഹായതകളുടെ

എണ്ണമറ്റ കഥകള്‍..

ഇരുട്ടിന്റെ മറവില്‍

ആളൊഴിഞ്ഞ റയില്‍പ്പാളത്തിനരികില്‍

അമ്പലപ്പറമ്പില്‍

പഴകിയ എച്ചില്‍ക്കൂനകളില്‍ വെച്ച്

അറുത്തുമാറ്റപ്പെടുന്ന പൊക്കിള്‍ക്കൊടി ബന്ധങ്ങളെ

ചോരത്തുണിയില്ത്തുടിക്കുന്ന

ജീവന്റെ അവശേഷിപ്പുകളെ

തെരുവു നായ്ക്കള്‍ കടിച്ചു കുടയുന്ന

പരുന്തും പ്രാപ്പിടിയനും റാഞ്ചുന്ന

ഇടനെഞ്ചു തകരും കഥകള്‍...

കഥകള്‍ നമ്മോടു ചിലതൊക്കെ പറയുന്നുണ്ട്...

പറയാതെ പറയുന്ന ചില പറയാത്ത കഥകള്‍...

പറയാന്‍മാത്രം ബാക്കിവെച്ചു നാo നിര്‍ത്തുമീ തുടരുന്ന ജീവന്റെ തുടിപ്പിന്‍ കഥകള്‍...


2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

അമ്മയോടു മാത്രം ......

മടങ്ങട്ടെ ഞാൻ.... 

ഒരിയ്ക്കൽകൂടി നിൻ ഗർഭപാ(തത്തിനുള്ളിലെ കൊച്ചറക്കുള്ളിലേക്ക്.....

ഒന്നുറങ്ങണമെനിക്ക്...

എല്ലാ സുരക്ഷിതത്വവും ഒരു പൊക്കിള്‍ക്കൊടി ബന്ധത്തിലൂടെ അനുഭവിച്ചറിഞ്ഞ് ,

കൺകളടച്ച് ചുരുണ്ടുകൂടിക്കിടന്ന്.........

എല്ലാം മറന്നൊന്നുറങ്ങണം......

ശാപവാക്കുകൾ ശകാരവർഷങ്ങൾ.....

പുച്ഛങ്ങൾ പരിഹാസങ്ങൾ....

കാതടപ്പിക്കുന്നൊച്ചകൾ.......

ചോരചിന്തുന്ന കാഴ്ച്ചകൾ....

എല്ലാം മറന്നൊന്നുറങ്ങണം....

ഈ മരുഭൂവിൽ ഇനി വയ്യ!

വിഷം കുടിച്ച്.....

വിഷം കഴിച്ച്......

വിഷം ശ്വസിച്ച്......

ചത്തിട്ടും ചാകാതെ....

ജന്മജന്മാന്തരങ്ങളിലെ വിഴുപ്പേന്തി.....

ഉറക്കമില്ലാതിനിയും എ(തനാൾ.....

അമ്മേ...ഇനി വയ്യ!

കാൽകൾ തളരുന്നു

കൈകൾ വിറയ്ക്കുന്നു....

മിഴികൾ തളരുന്നു.....

എല്ലാം മറന്നൊന്നുറങ്ങണം.....

ഇവിടെയീ തൊട്ടിലിൻ കുളിർമയിൽ....

നിൻനെഞ്ചിടിപ്പിൻ താരാട്ടിൽ......

നിൻ ജീവശ്വാസത്തിലലിഞ്ഞ്.......

എല്ലാം മറന്നൊന്നുറങ്ങട്ടെ......

കൺകളടച്ച്...ചുരുണ്ടുകൂടിക്കിടന്ന്......

ഒരിയ്ക്കൽകൂടി....