2010, ഡിസംബർ 31, വെള്ളിയാഴ്‌ച



മോഹം

എന്റെ മോഹങ്ങള്‍ക്ക്‌ കടലിന്റെ ആഴമോ ..
ആകാശത്തിന്‍റെ പരപ്പോ ഇല്ലായിരുന്നു
ഒരു കുന്നിക്കുരുവോളം മാത്രം...

ഒരു കാലത്ത് കുന്നിക്കുരുവിന്റെ
ചുവന്ന തീക്ഷ്ണഭംഗിയെ മാത്രം
ഞാന്‍ സ്നേഹിച്ചു ..

ഇന്നെന്റെ ചുവന്ന മോഹങ്ങളെ കറുപ്പ്
പുതച്ചുമൂടിയിരിക്കുന്നു....

2010, ഡിസംബർ 27, തിങ്കളാഴ്‌ച

2010, ഡിസംബർ 18, ശനിയാഴ്‌ച

എന്റെ ജാലകത്തിലൂടെ..

ഇന്നും...പതിവുപോലെ...
പാതി തുറന്നിട്ട ജാലകപ്പാളിയിലൂടെ ഒരു തെന്നല്‍ ഒഴുകിയെത്തി..
പാറിപ്പറന്ന അളകങ്ങള്‍ മാടി ഒതുക്കി..
വിടര്‍ന്ന കണ്ണുകള്‍ വഴിയോര കാഴ്ചകളില്‍ ഉടക്കി നിന്നു..
ഉച്ചത്തില്‍ കൂവി അകലെ ഒരു തീവണ്ടി കടന്നുപോയി..
കൈവീശി ഞാനും അതിലെ യാത്രക്കാര്‍ക്കാശംസകള്‍ നേര്‍ന്നു...
അവരാരും കണ്ടില്ല എങ്കിലും..മുറ്റത്തു പൂത്ത്‌ നിന്ന പവിഴമല്ലിയപ്പോള്‍
ഒരുപിടി പൂക്കള്‍ പൊഴിച്ച് മന്ദഹസിച്ചു ..

ഉദയാര്‍ക്ക കിരണങ്ങള്‍ അഴിവാതിലിലൂടെ അരിച്ചിറങ്ങി..
പാല്‍ക്കാരനും,പത്രക്കാരനും പതിവുപോലെ ജോലി കഴിച്ചു
സൈക്കിള്‍ മണിയുതിര്‍ത്തു കടന്നുപോയി...

കാക്കകള്‍ കരയും മുന്‍പേ അമ്മ മുറ്റം തൂത്തുവാരി..തളിച്ച്..
തുളസിക്ക് നീര്‍ കൊടുത്തു..സ്കൂള്‍ ബസുകള്‍ ഓരോന്നായി
നിരത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു..

വഴിയില്‍ തിരക്ക് കൂടുകയാണ്..ബഹളങ്ങളും..
പാവയ്ക്കാ,വെണ്ടയ്ക്ക,കത്രിക്ക,അങ്ങിനെ പഴം,
പച്ചക്കറി വില്‍പ്പനക്കാരനും കടന്നുപോയി...

ഒരു ചീര വില്പ്പനക്കാരി തമിഴത്തി മുറുക്കാന്‍
നീട്ടി തുപ്പി പടിവാതിലില്‍ വന്നു മുട്ടി..
അമ്മ വേണ്ടെന്നു ആംഗ്യം കാണിച്ചു ..
അവളും കുണുങ്ങി കുണുങ്ങി ഒച്ചവെച്ചു നടന്നു നീങ്ങി..
പോകുന്നതിനിടയില്‍ ജനല്പ്പാളിയിലേക്ക്
നോക്കി കൈവീശാന്‍ അവള്‍ മറന്നില്ല..

സന്തോഷത്തോടെ ഞാനും കൈകള്‍ ആഞ്ഞു വീശി...
അമ്മ എനിക്കുള്ള കാപ്പിയുമായി മുറിയിലേക്ക് വന്നു..
മുറ്റത്തു സ്കൂട്ടെര്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ അച്ഛന്‍
ജോലിക്ക് പോകുന്നെന്നു മനസ്സിലായി..

പണ്ടൊക്കെ രാവിലെ തന്നെ വന്നു കണ്ടു യാത്ര പറഞ്ഞിട്ടേ
അച്ഛന്‍ പോകുമായിരുന്നുള്ളൂ..അത് പിന്നെ ഉമ്മറ പടിയിലെ ഒച്ച മാത്രമായി..
അവസാനം അതും നിലച്ചു..

എല്ലാവര്‍ക്കും ഞാനൊരു ബാധ്യതയായോ?
തന്‍റെ പ്രായത്തിലുള്ള പെങ്കുട്ടികള്‍ക്കൊക്കെ കുട്ടികളായി..കുടുംബമായി..
താനിപ്പോഴും ഒരു പരാശ്രയ ജീവിയായി മാറിയതിന്‍ ദുഃഖം
അവരിലും സന്തോഷം മരവിക്കാന്‍ കാരണമായി ...

പതിവ് തെറ്റാതെ അമ്മ ബക്കറ്റില്‍ ചൂട് വെള്ളവുമായി വന്നു..
എന്നെ കുളിപ്പിക്കാന്‍..വസ്ത്രങ്ങള്‍ മാറ്റി..
പുതിയവ ഉടുപ്പിക്കുമ്പോള്‍ എന്നും എന്തിനോ അമ്മയുടെ കണ്ണുകള്‍ നിറയും..
നേരത്തെ എന്തിനാണ് അമ്മ കരയുന്നതെന്ന് ചോദിക്കുമായിരുന്നു..

എന്‍റെ കാലം കഴിഞ്ഞാല്‍ ഇതൊക്കെ ആര് ചെയ്യും
എന്നാ ചോദ്യത്തിന് മുന്നില്‍ ഞാന്‍ നിശബ്ദയായി..
ഒരു നെടുവീര്‍പ്പോടെ അമ്മ മുറി വിട്ടു പുറത്തിറങ്ങി..

തളര്‍ന്ന കാലുകള്‍ അനക്കുവാന്‍ വയ്യാതെ നിരങ്ങി നിരങ്ങി ഞാനും
ജാലകതിനരികിലെക്ക്...തുറന്നിട്ട ജനല്‍ ഇന്നെന്‍റെ ലോകമാണ്..

ഈ ഭൂമി തന്‍ സൌന്ദര്യം മുഴുവനും എന്‍റെ മുന്നില്‍
ഒരു ജാലകകാഴ്ചയില്‍ ഒതുങ്ങുന്നു..ഒരു വീല്‍ ചെയര്‍ കിട്ടിയെങ്കില്‍...

അത് തള്ളുവാന്‍,എന്നെ ഈ ലോകം ഒന്ന് ചുറ്റിനടന്നു
കാണിക്കുവാന്‍ ഒരു തോഴി എന്നരികെ എത്തിയെങ്കില്‍...

വൃഥാ മോഹിച്ചു പോകുന്നു പലപ്പോഴും...
ഒടുവില്‍ ഈ ജാലകത്തെ ഞാന്‍ ജീവനേക്കാള്‍ സ്നേഹിച്ചു പോകുന്നു.......

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

.
 ചിലപ്പോള്‍ ഞാന്‍ ...
ആകാശം നഷ്ടപെട്ട കിളികളെ പോലെ ....
ആത്മാവ്‌നഷ്ടപെടുത്തി...
മറഞ്ഞിരിക്കും

ചിലപ്പോള്‍ ഞാന്‍ ...
ഖസാക്കിലെ തുമ്പികളെ പോലെ...
പ്രണയം ‌നഷ്ടപെടുത്തി...
നൊമ്പരങ്ങളുമായി സല്ലപിക്കും

 ചിലപ്പോള്‍ ഞാന്‍ ...
തൊടിയിലെ തൊട്ടാവാടികളെ പിണക്കി...
എന്റെ നഷ്ടപെട്ട ബാല്യം -
തിരികെയെടുക്കും

 ചിലപ്പോള്‍ ഞാന്‍ ...
മഞ്ഞുതുള്ളികളെ പ്രണയിച്ച് ...
അതിലലിഞ്ഞു ചേരാന്‍ ...
കൊതിക്കും

ചിലപ്പോള്‍ ഞാന്‍ ...
പ്ര കാശ പൂരിതമായ ...
നാളകളെ ഓര്‍ത്ത്...
തിരശ്ചീനമായ് പറക്കും

ചിലപ്പോള്‍ ഞാന്‍ ...
എനിക്കും എനിക്കുമിടയിലെ -
ദൂരം അളന്നു ...
ഭ്രാന്തമായ് പൊട്ടി ചിരിക്കും .

ഇപ്പോള്‍ ഞാന്‍ ...
എന്റെ നൊമ്പരങ്ങള്‍ വിറ്റ്
വില പറയുകയാണ് ...

2010, ഡിസംബർ 5, ഞായറാഴ്‌ച


ഞാനെന്ന വാക്കിലെ മൂര്‍ച്ച തീരുമ്പോള്‍

അറുത്തെടുക്കുക എന്‍റെ നാവ്‌......

ഞാനെന്ന വരികള്‍ക്ക് തീവ്രത കുറയുമ്പോള്‍

വലിച്ചെറിയുക എന്റെ തൂലിക.....

ഞാനെന്ന അക്ഷരങ്ങള്‍ക്ക് മാറ്റു കുറയുമ്പോള്‍

മറക്കുക എന്നിലെ തൂലികാധാരിയെ...

എന്നിലെ ഭാഷ മരിക്കുന്നയന്നു

മറക്കുക എന്നെതന്നെയും,

ഞാനെന്ന ഭാവത്തെയും;;

2010, നവംബർ 24, ബുധനാഴ്‌ച

കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍,
കൌതുകം നിറഞ്ഞ നോട്ടവുമായി എന്റെ പ്രതിരൂപം..
കുഞ്ഞുനാളില്‍ അമ്മ കുളിപ്പിച്ച് ,കണ്ണെഴുതി, പൊട്ടു തൊടുവിച്ചു,മുടി പിന്നിയിട്ടു തന്ന ശേഷം കണ്ണാടിയുടെ മുന്നില്‍ പോയി ചന്തം ആസ്വദിക്കുന്ന,ആ കുഞ്ഞുകുട്ടിയായോ ഞാന്‍..? സംശയം തീരാന്‍ കണ്ണാടിയോട് ചോദിച്ചപ്പോള്‍.
''അതെ'' ആ കുഞ്ഞുകുട്ടിയാണെന്ന മറുപടി..
അല്ല, കണ്ണാടി കള്ളം പറയുന്നു,
അന്നത്തെ ആ നിഷ്കളങ്കതയും, കുസൃതികളും എവിടെ,
കുട്ടിക്കാലത്തെ കുതൂഹലതയും , പ്രസരിപ്പും എവിടെപോയി മറഞ്ഞു...??
പിന്നെയും ഒരു പുഞ്ചിരിയോടെ മറുപടി..
എല്ലാം നിന്നില്തന്നെയുണ്ട്‌, ജീവിത പാച്ചിലിനിടയില്‍ നീ ശ്രദ്ധിക്കാഞ്ഞിട്ടാണ്..പെണ്ണേ!....
ഈ ജീവിതം കൊണ്ട് നീ സംത്രിപ്തയാണോ??..
മിഴിയില്‍ നിറഞ്ഞ ഒരു കണ്ണീര്‍കണം ഒളിപ്പിച്ചും,
തൊണ്ടയില്‍ കുടുങ്ങിയ ഒരു ഗദ്ഗദത്തെ അടക്കിയും
ഞാന്‍ മറുപടി പറഞ്ഞു ..''അതെ''...
ഒരു കള്ളച്ചിരിയോടെ കണ്ണാടി മറുപടി തന്നു..
''അല്ല, ഇപ്പോള്‍ നീയാണ് കളവു പറയുന്നത്.''..

ഇപ്പോള്‍ എനിക്കൊരു സംശയം, സത്യം ഏതാണ്?
കണ്ണാടിയിലെ ഞാനോ, ഈ ഞാനോ?.

2010, നവംബർ 4, വ്യാഴാഴ്‌ച

തൂവല്‍


പറക്കമുറ്റാത്ത അവളുടെ തൂവല്‍ ചിറകുകള്‍ ഓരോന്നും
ആകാശത്തെ സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു.....
ചിറകുകള്‍ പതിയെപ്പതിയെ അനക്കി തുടങ്ങിയപ്പോള്‍
അമ്മക്കിളി ഒരു താങ്ങായി അവളെ പ്രോത്സാഹിപ്പിച്ചു... .
പതിയെ പിച്ചവച്ചു കുഞ്ഞി ചിറകുകള്‍ ഉയര്‍ത്തി അവള്‍ മുന്നോട്ടാഞ്ഞു....ആദ്യ ശ്രമം വിജയകരമായി പരാജയപ്പെട്ടു.....ദാ കിടക്കുന്നു ...!!
അമ്മക്കിളി ചിറകുകൊണ്ടു വിരിച്ച മെത്തയില്‍....

ഉത്സാഹത്തോടെ അവള്‍ പിടഞെഴുന്നേറ്റു നിന്നു......
ചിറകുകള്‍ക്ക് അല്പം ആക്കം കൂട്ടി അവള്‍ വീണ്ടും ഒന്നുകൂടി ശ്രമിച്ചു..അല്പം ഒന്ന് ഉയര്‍ന്നു പൊങ്ങി വീണ്ടും താഴേക്ക്....
അവള്‍ക്കതൊരു ആവേശമായി മാറി,..വീണ്ടും തളരാതെ ചിറകടിച്ചു ..അമ്മക്കിളി തന്റെ ചിറകുകള്‍ വിടര്‍ത്തി അവള്‍ക്കു മുകളിലേക്കുയരാന്‍ പ്രേരിപ്പിച്ചു...അവള്‍ നിർത്താതെ തന്റെ കുഞ്ഞി ചിറകുകള്‍ വേഗത്തില്‍ ചലിപ്പിച്ചു ..മെല്ലെ മെല്ലെ അവള്‍ വായുവിലേക്കുയർന്ന് ആകാശം കണ്ടു....നീലിമയുടെ ആകർഷണീയത അവളുടെ ആവേശം ഇരട്ടിച്ചു...ഈ ലോകം കീഴടക്കാന്‍ പോകുന്ന ആവേശം ..
അവള്‍ അതിശയത്തോടെ താഴേക്ക്‌ നോക്കി ....
ഇതുവരെ നോക്കി കണ്ട തന്റെ ലോകം കാല്‍കീഴില്‍ കാണുന്ന പോലെ അവള്‍ക്ക് ‌തോന്നി... ചിറകുകള്‍ അവളുടെ വലിപ്പത്തെക്കാള്‍ ശക്തി സംഭരിച്ചിരുന്നു...ക്രമേണ അവളുടെ ഭാരം നഷ്ടപ്പെടുന്നതവളറിഞ്ഞു....
ചിറകുകളുടെ വേഗം അവളെ വാനോളം ഉയര്‍ത്തി ....
കുഞ്ഞായി മാറുന്ന ഭൂമിയിലെ പച്ചപ്പാടങ്ങളും പുല്‍മേടുകളും
അവള്‍ക്കു അന്നോളമിലാത്ത കൌതുകമായി കണ്ണുകളില്‍ വിടര്‍ന്നു . ..ഒന്നുമല്ലാതെ വായുവിൽ ഇങ്ങനെ ഒഴുകി നടക്കാൻ എന്തു രസം..പഞ്ഞിക്കെട്ടു പോലെ വെളുത്ത മേഘങ്ങള്‍, ഒന്നവയില്‍ ഒളിച്ചിരിക്കാന്‍ പറ്റിയെങ്കില്‍....

വശങ്ങളിലേക്ക് തലചെരിച്ചുകൊണ്ടവള്‍.. .തനിക്കു ജന്മം നല്‍കി തന്നെ വാനോളം ഉയര്‍ത്തിയ തന്റെ പൊന്നമ്മക്കിളിയെ സ്‌നേഹത്തോടെ നോക്കി ...
ആ കണ്ണുകളില്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അലകള്‍ അവള്‍ക്കു കാണാന്‍ കഴിഞ്ഞു..വിണ്ണിലെ വെണ്മേഘങ്ങള്‍ തീര്‍ത്ത മേല്‍ക്കൂരക്കു കീഴെ അവള്‍ താഴെ പച്ചപരവതാനി വിരിച്ച തന്റെ ജന്മഗ്രഹത്തെ
ആവോളം കണ്ടാസ്വദിച്ചു...പഞ്ഞിക്കെട്ടുകള്‍ക്കിടയില്‍
ഒളിച്ചു നിന്ന് സൂര്യഭഗവാന്‍ അവളെ നോക്കി പുഞ്ചിരി തൂകി ..
തന്റെ കുഞ്ഞി ചിറകുകള്‍ ചൂടില്‍ തളരാന്‍ തുടങ്ങിയപ്പോള്‍..അവള്‍ക്കു താങ്ങായി അമ്മക്കിളി അവളോടൊപ്പം ചേര്‍ന്ന് ചിറകിട്ടടിച്ചു ...അതവള്‍ക്ക് ആ ചൂടില്‍ വളരെ ആശ്വാസമായി...മെല്ലെ അവര്‍ ഇരുവരും ഒരു ഉയര്‍ന്ന മരച്ചില്ലയില്‍ വിശ്രമിക്കാനായി പറന്നിറങ്ങി...അഭിമാനവും സന്തോഷവും നിറഞ്ഞ മനസോടെ അവള്‍ അമ്മക്കിളിയോടൊട്ടി ചേര്‍ന്നിരിന്നു...അമ്മക്കിളിയുടെ ചിറകുകള്‍ അപ്പോളേക്കും അവളെ വാത്സല്യത്തോടെ ചേര്‍ത്ത്പിടിച്ചിരുന്നു..... തന്റെ മകള്‍ ആദ്യമായി ഈ ഭൂമിയെ കാല്‍ച്ചുവട്ടില്‍ കണ്ടതിന്റെ അഭിമാനം ആ കണ്ണുകളിലും നിറഞ്ഞു നിന്നിരുന്നു...

കാതടപ്പിക്കുന്ന ശബ്ദം കേട്ട് ചിറകുകള്‍ക്കിടയില്‍ തളര്‍ന്നു തലചാച്ചിരുന്ന അവള്‍ ഞെട്ടി ഉണര്‍ന്നു ...അവള്‍ക്കു ഒന്നും മനസ്സിലായില്ല ..തന്നെ ചേര്‍ത്ത് പിടിച്ചിരുന്ന ചിറകുകള്‍ വിറക്കുന്നുണ്ടായിരുന്നു....ആ ചിറകുകള്‍ക്കിടയിലൂടെ തന്റെ അമ്മയുടെ മുഖത്തേക്ക് ഭയം നിറഞ്ഞ കണ്ണുകളാല്‍ അവള്‍ നോക്കി...ആ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു ...മിനുമിനുത്ത തൂവലിലൂടെ നനഞ്ഞിറങ്ങിയ ചുടുചോര അവളുടെ കുഞ്ഞിച്ചിറകിലേക്ക് പടന്നിറങ്ങി,, ..ഇടറുന്ന സ്വരത്തില്‍ തന്റെ അമ്മ എന്തോ പിറുപിറുക്കുന്നതായവള്‍ക്കു തോന്നി..തന്നെ വാത്സല്യത്തോടെ പുതപ്പിച്ച ആ ചിറകുകള്‍ അവളുടെ ദേഹത്തുനിന്നു വഴുതിപോകുന്നുണ്ടായിരുന്നു ....
ഭയം നിറഞ്ഞ കണ്ണുകളോടെ ചുറ്റും പരതുമ്പോഴേക്കും ചില്ലയില്‍ നിന്ന് തന്റെ അമ്മക്കിളി താഴേക്ക് വീണിരുന്നു...
തന്നെ വാനോളം പിടിച്ചുയര്‍ത്തിയ ആ ചിറകുകള്‍ ഇതാ നിശ്ചലമായിരിക്കുന്നു ...അവള്‍ കിതപ്പോടെ ചിറകുകള്‍ അടിച്ചു...അടുത്ത ഊഴം തന്റെതാണോ.....
അവള്‍ ഭയപ്പാടോടെ ചുറ്റും നോക്കി "രക്ഷപ്പെടുക മകളെ"
അമ്മയുടെ മനസ്സ് അവളോടു മന്ത്രിക്കുന്നപോലെ തോന്നിയവള്‍ക്ക്‌....

അവള്‍ തന്റെു കുഞ്ഞിച്ചിറകുകള്‍ ചലിപ്പിച്ചു പറന്നുയര്‍ന്നു..
ഒന്നും അവള്‍ക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല ..അവളുടെ
കുഞ്ഞിച്ചിറകുകളിലെ തളര്‍ച്ച അവള്‍ മറന്നിരിക്കുന്നു...
ആ കുഞ്ഞു മനസ് വിങ്ങുന്നുണ്ടായിരുന്നു ...
ഈ ആകാശത്തേക്ക് തന്നെ കയ്പിടിച്ചുയര്‍ത്തിയ തന്റെ രക്ഷിതാവ്,കൈക്കുള്ളില്‍ ഭദ്രമായിരുന്ന തന്റെ വിരൽത്തുമ്പ്, പെട്ടെന്ന് പിടി വിട്ടു പോയിരിക്കുന്നു...ഭൂമിയിൽ ഞാ൯ കണ്ട ദൈവം, തന്നെ വിട്ടു പോയിരിക്കുന്നു ...
വിധിയുടെ ക്രൂരത അവളുടെ ഇളം മനസ്സിനെ തുളച്ചു കയറിക്കൊണ്ടിരുന്നു... ഭയം നിഴലിച്ച കണ്ണുകളും നീറുന്ന മനസ്സുമായ് അതിവേഗം കുഞ്ഞിച്ചിറകുകള്‍ ചലിപ്പിച്ച് ഉരുകുന്ന ചൂടില്‍ അവള്‍ എങ്ങോട്ടെന്നിലാതെ പറന്നു.... ഏതൊക്കെയോ വഴിയിലുടെ ഒഴുകി. അമ്മ നഷ്ടമായി എന്ന സത്യം അംഗീകരിച്ചു കൊടുക്കാതെ വയ്യ എന്ന അവസ്ഥ എത്തിയപ്പോള്‍ മനസ്സ് ശൂന്യം......

ഒരു നിമിഷം കൊണ്ടുണ്ടായ അവളുടെ വലിയ നഷ്ടം..
ക്രൂരതകള്‍ നിറഞ്ഞ ഈ ലോകത്തില്‍ അതിജീവനത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുതന്ന തന്റെ് അമ്മക്കിളിയെ ഓര്‍ത്ത്.. പിടക്കുന്ന കുഞ്ഞുമനസ്സുമായി അവള്‍ ലക്ഷ്യമില്ലാത്ത യാത്ര തുടര്‍ന്നു . ....

ഭൂമിയുടെ മാറിലേക്ക് അവളുടെ കുന്നിക്കുരു കണ്ണിലൂടെ ഒഴുകിത്തീര്‍ന്ന ചുടുകണ്ണീര്‍ പതിക്കുന്നുണ്ടായിരുന്നു.....

2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

വിഷം അല്ല വിഷയം.

ഞാനിപ്പോള്‍ ദാരിദ്ര്യത്തിലാണ്...
വിശപ്പോ ദാഹമോ അല്ല വിഷയം.
ആശയ ദാരിദ്ര്യമാണിന്നെന്റെ പ്രശ്നം...
എഴുത്തിന്റെ ബാക്കിയെന്നോണം അക്ഷരങ്ങള്‍
അസ്ത്രങ്ങളായി എന്നിലേക്ക്‌ തന്നെ ഉറ്റു നോക്കുന്നു..
വേണമെങ്കില്‍ ഹസാരെയോടൊപ്പം നടന്നു മഷി വറ്റിക്കാം..
എങ്കില്‍ ഞാന്‍ ആരാഷ്ട്രീയത്തിലെത്തി എന്ന് മുദ്ര കുത്തപ്പെടാം..
പ്രണയമായാല്‍ ചോദ്യം എന്റെ പ്രണയത്തിലേക്കും,
ജീവിതമായാല്‍ എന്തിനിത്ര നിരാശാബോധമെന്നും,
മരണമായാല്‍ ഇത്ര നേരത്തെ മരണത്തെ കൂട്ടുപിടിക്കാനെന്നും...
മടുത്തു, എനിക്ക് വിഷം വേണം
ക്ഷമിക്കണം വിഷയം വേണം...
അല്ലെങ്കില്‍ എനിക്കായി തൂലികയൊരു കൊലക്കയര്‍ ഒരുക്കും.
എങ്ങും എത്താത്ത വഴിയില്‍ ക്ഷണത്തില്‍ മാഞ്ഞു പോകാന്‍ വയ്യ.......... ..

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച


ഗുല്‍മോഹര്‍ ... ഈ പേര് പണ്ടെവിടെയോ കേട്ടിട്ടുണ്ട്... എവിടെ എന്നോര്‍മയില്ല... പക്ഷെ വളരെ കാലങ്ങള്‍ക്ക് ശേഷം... ഇപ്പോള്‍ പറഞ്ഞാല്‍ കുറച്ചു കാലങ്ങള്‍ക്ക് മുന്പ് ജയരാജ്‌ ന്റെ "ഗുല്‍മോഹര്‍" എന്ന സിനിമ ഇറങ്ങിയപ്പോള്‍ ഈ പേര് കുറച്ചുകൂടെ പരിചിതമായി... ഇന്ന് ആ സിനിമ കണ്ടു..അങ്ങേനെയാണ് വാകയാണ് ഈ പേരുകേട്ട ഗുല്‍മോഹര്‍ എന്ന് മനസിലായത്... ഞാന്‍ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ എന്ന് കരുതിയ വാകപ്പൂവുകള്‍ ഗുല്‍മോഹര്‍ എന്ന പേരില്‍ ഗൂഗിളില്‍ നിറഞ്ഞു കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷവും പിന്നെ എന്റേത് മാത്രം ആയിരുന്നതിപ്പോള്‍ എന്ന ഒരു possessiveness ഉം തോന്നി... ...


ഞാന്‍ ഡിഗ്രീ പഠിച്ച എന്റെ കോളേജ്... ഒരു കുന്നിന്റെ മുകളില്‍ പള്ളിയോടു ചേര്‍ന്ന ആ കോളേജ്... ഇരു വഴികളില്‍ നിറയെ ഈ ഗുല്‍മോഹര്‍ എന്ന വാക മരമായിരുന്നു...ഏപ്രില്‍- മെയ്‌ മാസങ്ങളില്‍...പരീക്ഷയുടെ ചൂടും പ്രകൃതിയുടെ ചൂടും കൂടുമ്പോള്‍ എല്ലാം തണുപ്പിക്കാന്‍ പൂക്കുന്ന ഈ ഗുല്‍മോഹര്‍ മരങ്ങള്‍..കുന്നു കയറി കോളേജ് ലേക്ക് നടന്നു പോവുമ്പോള്‍.. ചുവന്ന വാകപ്പോവിന്റെ ഇതളുകള്‍ നിലത്തു നിറയെ ഉണ്ടായിരുന്നു... പടവുകളിലും..മരത്തിന്റെ തറകളിലുമായി നിറയെ...5 ഇതളുകളില്‍...4 എണ്ണം ചുവപ്പും ഒന്ന് വെള്ളയില്‍ ചുവപ്പ് കുത്തുകള്‍ പതിഞ്ഞതും ...അതില്‍ ചവിട്ടി നടക്കുവാന്‍ പലപ്പോഴും ഒരു സങ്കടം തോന്നിയിട്ടുണ്ട്....ഇന്നും തോന്നാറുമുണ്ട്....

പഠിത്തത്തിന്റെ ഒരു ഞെരുങ്ങിയ കാലങ്ങളില്‍ ഒരു നിമിഷം അതൊന്ന്നോക്കി നില്‍ക്കുവാന്‍ മാത്രമെ കഴിഞ്ഞിരുന്നുള്ളൂ...

ഇന്നിവിടെ ബാംഗ്ലൂരില്‍ .. റോഡിന്‍റെ ഇരു വശങ്ങളിലും ഈ പറയുന്ന വാക എന്ന ഗുല്‍മോഹര്‍ പൂക്കുമ്പോള്‍ .... പൂക്കള്‍ പൊഴിഞ്ഞു വീഴുമ്പോള്‍....ഒറ്റപ്പെട്ട ആ ഇതള്‍ കാണുമ്പോള്‍.... ഒരുപാട് ഓര്‍മ്മകള്‍...
പ്രണയിച്ചു നടക്കാന്‍ സുഖമുള്ള ഒരു പൂവിരിച്ച തണലുകളിലൂടെ റഫീക്ക് അഹമ്മദിന്റെ 'മെയ്‌ മാസമേ.. നിന്‍ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ"...കേട്ട് വെറുതെയിങ്ങനെ നടക്കുന്നു......

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

''നോസ്റ്റാള്‍ജിയ''


 പഴയ ഡയറിക്കുള്ളില് ‍ ഇരിപ്പുണ്ടിന്നും
സ്വന്തം പേര് മറന്നു മയങ്ങിയൊരു ഇന്‍ലന്റ്റ് ..
കുറിക്കാതെ പോയ
ഒരുപിടി ചിന്താശകലങ്ങളുടെ ഭാരവും പേറി
അതെന്നോട്‌ മൂകം എന്തോ മൊഴിയുന്നുണ്ട്....

നാഴികകള്‍ താണ്ടി സ്നേഹത്തിന്റെ, 
സൌഹൃദത്തിന്റെ സൌരഭ്യവും പേറി
ഇളം തെന്നല്‍ പോലെ പടിവാതില്‍ക്കല്‍ വന്നു 
വിളിക്കാറുണ്ടായിരുന്ന ആ സന്ദേശo 
ഞാനിന്നെന്തേ മറന്നു പോയെന്നാവാം..
അല്ലെങ്കില്‍ ചാഞ്ഞും ചെരിഞ്ഞും കറുപ്പിച്ചും നിറം കൊടുത്തും
ദിനവും എന്റെ മെയില്‍ ബോക്സിലൂടെ
ഒഴുകി നീങ്ങാറുള്ള ഇമെയില്‍ സന്ദേശങ്ങളോളം വേഗം
അതിനില്ലാതെ പോയെന്ന പരിഭവമാകാം..
എങ്കിലും എന്റെ പ്രിയപ്പെട്ട ഇന്‍ലന്റ്റ്,
നിന്നോടു ഞാനൊന്ന് പറയട്ടെ
ഒരിക്കല്‍ നിന്റെ ഉള്ളടക്കം
എന്റെ ഹൃദയസ്പന്ദനങ്ങളായിട്ടുണ്ട് ..
നിന്റെ വരവും കാത്ത് വഴിക്കണ്ണുമായി
എത്രയോ പകലുകളില്‍ ഞാനുരുകിയിട്ടുണ്ട് ..
ഇന്നുമെന്റെ പഴയ പഠനമുറിയിലെ മേശവലിപ്പില്
‍ ആരുമറിയാതെ കാത്ത് വെച്ചിട്ടുണ്ട്
അമൂല്യമായ നിന്റെയൊരു ശേഖരം ..!

ചിതലരിക്കാത്ത ഒരുപിടി ഓര്‍മ്മകളുടെ
''നോസ്റ്റാള്‍ജിയ'' എന്ന പേരു ചൊല്ലി നിന്നെയും ഞാന്‍ വിളിച്ചോട്ടെ..??
 

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച


വര്‍ഷങ്ങളിലായി വാക്കും പൊരുളും
തമ്മില്ലുള്ള തര്‍ക്കം ഇന്നും തുടരുന്നു...

താന്‍ വിചാരിക്കാത്തിടത്ത് പൊരുള്‍
ഒളിയമ്പുകള്‍ തുരുതുരാ പായിച്ചുകൊണ്ടിരിക്കുന്നുവെന്നു വാക്ക്.

തനിക്കു പിടിതരാതെ വാക്ക് മുന്‍പേ
പായുന്നുവെന്ന് പൊരുള്‍.

ഒടുവില്‍ ഒരുമിച്ച്‌ ഇനി മുന്നോട്ടില്ലെന്ന് ഉറപ്പിച്ച്‌
പിന്തിരിഞ്ഞ വാക്ക് പൊരുളിനെ കണ്ടില്ല....

മുന്നില്‍, തനിക്കു മുന്‍പേ പിന്തിരിഞ്ഞ
തന്റെ നിഴല്‍ മാത്രം. .....

അടങ്ങാത്ത കടലിലെ തിരമാലകള്‍ നോക്കി അവൾ ഇരുന്നു....ഒപ്പം അവനും.
എത്ര നേരം അവർ ഇരുവരും ആ ഇരുപ്പ് തുടർന്നുവെന്നു അവർക്കിരുവർക്കും നിശ്ചയം ഉണ്ടായിരുന്നില്ല ...
പ്രക്ഷുബ്ധമായ കടൽ പോലെ ആയിരുന്നു അവളുടെ മനസ്സ് . നഷ്ടബോധം,അപമാനം, ഇനിയെന്ത് എന്നുള്ള ആധി ,വഞ്ചിക്കപ്പെട്ടവളുടെ നിസ്സഹായാവസ്ഥ അങ്ങനെ പല പല വികാരങ്ങൾ അവളെ ശ്വാസം മുട്ടിച്ചു ....

എങ്ങനെ ഈ കുരുക്കിൽ നിന്നും രക്ഷപ്പെടും എന്നത് മാത്രമായിരുന്നു അപ്പോൾ അവന്റെ ചിന്ത...ഒരു നേരം പോക്കിനായി തുടങ്ങിയതാണ്‌.. ഇത്രയും കൊണ്ടെത്തിച്ചത് അവളാണ്,താനല്ല അവൻ സ്വയം കുറ്റ വിമുക്തനാകുവാൻ പരിശ്രമിച്ചു പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്.. .

ഒടുവിൽ ഒരു നീണ്ട മൌനത്തിനു ശേഷം ഒന്നും പറയാതെ അവൻ എഴുന്നേറ്റു അകലേക്ക്‌ നടന്നകന്നു .ചക്രവാള സീമയിൽ നിന്നും മിഴികൾ അയച്ചവൾ അവന്റെ ആ പോക്ക് നോക്കി ഇരുന്നു... ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ .....


തിരമാലകൾ അവളുടെ കാൽപ്പാദങ്ങളിൽ ഉരുമ്മി ഉമ്മ വെച്ച് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു ....കരയാൻ പോലുമാവാതെ തരിച്ചിരുന്ന അവളുടെ മനസ്സ് പിന്നോട്ട് പാഞ്ഞു.

ഒരിക്കൽ ഈ തിരമാലകൾ കണക്കെ അവൻ തന്നിലേക്ക് ആർത്തിരംബിയതാണ്‌.. .ആ അലകളിൽ നനഞ്ഞ പൂഴി പോലെ താൻ സ്വയം കുഴഞ്ഞതാണ്.. .അവന്റെ സ്നേഹം പതഞ്ഞൊഴുകിയപ്പോൾ അതിൽ ഒലിച്ചു പോയ ഒരു മണ്‍തിട്ട മാത്രമാണ് താൻ... .

അപ്പോൾ അടിവയറ്റിൽ നിന്നും ഒരു അനക്കം, കൈകൾ വയറ്റിൽ ചേർത്തു വെച്ചപ്പോൾ അങ്ങനെ തോന്നിപ്പോയി .അനക്കം വെച്ച് തുടങ്ങാൻ സമയമായില്ല .അതിനു ഇനിയും മാസങ്ങൾ എടുക്കും.അവളുടെ കണ്ണുകളിൽ വീണ്ടും ഒരു സമുദ്ര തിരയിളകി ...

തണുത്ത അലുമിനിയം മേശ പുറത്ത് നഗ്നയായി നിർവികാരതയോടെ കിടക്കുമ്പോൾ അവളറിഞ്ഞു തന്റെയുള്ളിലെ സമുദ്രം ഉൾ വലിയുകയാണ്‌... വയറിനുള്ളിൽ കത്രികയുടെ മൂർച്ച തുളഞ്ഞു കയറിയപ്പോൾ ആ കുഞ്ഞു ജീവന്റെ തുടിപ്പും അവളോടൊപ്പം പിടഞ്ഞിരിക്കണം.. .ഒരു സുനാമി കണക്കെ ചുവന്ന കടലിൽ ആ മാംസ പിണ്ഡം ഇനി വേസ്റ്റ് പെട്ടിയിൽ ....

കൂട്ടുകാരിയോടൊപ്പം ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ പാർക്കിംഗ് ഏരിയയിൽ പരിചയമുള്ള കാർ ...അവളുടെ ഹൃദയം ഒന്ന് നുറുങ്ങി ...നവവധുവിനോടൊപ്പം അവൻ.. .....എത്ര നിയന്ത്രിച്ചിട്ടും വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകി .....ഒരിക്കലും നിലക്കാത്ത തിരമാലകൾ പോലെയാണ് തനിക്കിനി കണ്ണുനീർ എന്ന സത്യം അവൾ തിരിച്ചറിഞ്ഞു .....

2010, ജൂലൈ 29, വ്യാഴാഴ്‌ച

രാത്രിയുടെ റാണി വിരിഞ്ഞപ്പോള്‍...


പാതിരാത്രിയില്‍
വളരെ വൈകി വിടര്‍ന്ന, നിശാഗന്ധി ഞാന്‍,
ആകൃഷ്ടനായി നീ എന്‍ സൗരഭ്യത്തില്‍,
എന്റെ വെണ്മയില്‍,

എന്റെ വശ്യഗന്ധത്തില്‍
നീ മതി മറന്നു പോയി, സ്വയം മറന്നു പോയി..

നിന്റെ അധരങ്ങള്‍, എന്നില്‍ ഒരു കോടി ഹിമകണങ്ങള്‍ ചൊരിഞ്ഞു ..
ഓരോ ഹിമബിന്ദുവിലും നിന്‍ സ്നേഹത്തിന്‍ കൈയ്യൊപ്പ് പതിഞ്ഞു....
പതിഞ്ഞത് എന്‍ ഹൃദയത്തിലും.

നിന്‍ നാസിക ദ്വാരങ്ങളിലൂടെ ഞാന്‍
നിന്‍ ഹൃദയത്തില്‍ കയറികൂടി, ഞാന്‍ പോലും അറിയാതെ..

പക്ഷെ എനിക്ക് എന്നില്ലേക്ക് മടങ്ങിയെ തീരൂ..
ഒരു പുതുപുലരിയെ വരവേല്‍ക്കാനായി.

നിന്‍ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവു..
ഈ വശ്യഗന്ധം നീ മറന്നേ തീരൂ...
മഞ്ഞു പെയ്യുന്ന, നിലാവാലലങ്കൃതമായ നിശയുടെ
മടിത്തട്ടില്‍ സമര്‍പ്പിക്കു നിന്റെ മധുരസ്മൃതികളെ
അവയെന്നും എന്റെ ദളങ്ങളാല്‍ പൂജിക്കപെടും
മടങ്ങു നീ ഇനി സസന്തോഷം.....!

2010, മേയ് 19, ബുധനാഴ്‌ച


അവള്‍ക്ക് കീഴടക്കാന്‍
യശസ്സിന്റെ കൊടുമുടികളൊന്നും ഇല്ലായിരുന്നു;
മോഹിച്ചത് അവന്റെ ഹൃദയം മാത്രമാണ്.
പ്രണയത്തിന്റെ കോട്ട പിടിച്ചെടുത്ത്,
കവാടം കൊട്ടിയടച്ച്,
മറ്റാരും കയറില്ലെന്നുറപ്പാക്കിക്കഴിഞ്ഞാണ്
അവള്‍ വിശ്രമിച്ചത്!

അവനവള്‍ക്ക് നഗരങ്ങള്‍ കാട്ടിക്കൊടുത്തു;
അവിടെയെല്ലാം മുഴങ്ങുന്നത്
സ്വാതന്ത്രത്തിന്റെ ചിറകടിയൊച്ചയാണെന്ന് ധരിപ്പിച്ചു!
അവന്റെ അര്‍ദ്ധമാവാന്‍ കൊതിച്ച്‌
അവളവനിലേക്ക് ചാഞ്ഞു.

പുതുമകളെല്ലാം പഴമ തീണ്ടിയപ്പോള്‍,
അവള്‍ ആണ്മയുടെ നിയമങ്ങള്‍ വായിച്ച്‌ കേട്ടു!
അനന്തരം,
അവന്റെ അഹന്തയ്ക്ക് അടിമപ്പെട്ടും,
അവന്റെ പരമ്പരകളെ പെറ്റുപോറ്റിയും,
അവയ്ക്ക് വച്ചുവിളമ്പിയും, വിഴുപ്പലക്കിയും
തുലയട്ടെ തന്റെ ജീവിതമെന്ന്
അവളവളെത്തന്നെ ശപിച്ചു!! ..

2010, മാർച്ച് 29, തിങ്കളാഴ്‌ച


പൂവേ....
ഇന്നു നിന്‍ സൌന്ദര്യത്തില്‍
മതിമറന്നെല്ലാവരും നിന്നെ
സ്വന്തമാക്കുവാന്‍ കൊതിക്കുന്നു..
നിന്‍ മനസ്സറിയുന്ന ഞാനോ
കാത്തുരക്ഷിക്കുവാനും...

2010, മാർച്ച് 28, ഞായറാഴ്‌ച

എന്റെ സ്വപ്നങ്ങള്‍....

ഒരു കുഞ്ഞു പൂ പോലെ ദിവസങ്ങളോളം വാടാതെ നിന്ന്..ഒടുവിലൊരു ഇതള്‍ പോലും ബാക്കിയില്ലാതെ അടര്‍ന്നു വീണ് മണ്ണടിഞ്ഞ പൂവിന്റെ അവസാനവും, എന്റെ സ്വപ്നങ്ങളും ഒരുപോലെയായിരുന്നു........

2010, ജനുവരി 3, ഞായറാഴ്‌ച


അവളുടെ ജീവിതം അതൊരു കൌതുകo മാത്രമായിരുന്നു.............എനിക്ക്..


എന്റെ കയ്യെത്തും ഉയരത്തില്‍ മഞ്ചാടി മരത്തിന്റെ ചില്ലയില്‍ അവള്‍ ഒരു കുഞ്ഞികൂട് കൂട്ടി......
തന്നെക്കാള്‍ നീളമുള്ള കുഞ്ഞു കൊമ്പുകളും നാരുകളും അവള്‍ ദൂരെനിന്നുo ആവേശത്തോടെ കൊണ്ട് വന്ന്... ഒന്നിന് മീതെ ഒന്നായി അവ കൂട്ടി ചേര്‍ക്കുമ്പോള്‍ അവള്‍ക്ക് ഉത്സാഹം ആയിരുന്നു....!!
..ഒരു പുത്തന്‍ പ്രതീക്ഷയുടെ തളിര്‍നാമ്പിന്റെ പ്രകാശം അവളുടെ ഓരോ ചേഷ്ടയിലും നിറഞ്ഞു നിന്നിരുന്നു....
ചാടിയും മറിഞ്ഞും അവള്‍ തന്റെ സൃഷ്ടിയെ മാറി മാറി നോക്കുന്നുണ്ടായിരുന്നു.....
മനസിലെ സ്വപ്നങ്ങള്‍ക്ക് അവള്‍ ഒരു പുത്തന്‍ ഭാവം തന്നെ ചമക്കുകയായിരുന്നു ...ഊണും ഉറക്കവും അവളുടെ പ്രശ്നമേ ആയിരുന്നില്ല.....ഒരേ ഒരു ലക്ഷ്യം ..

എന്തെല്ലാം കാര്യങ്ങള്‍ ഇനി തീര്‍ക്കാനുണ്ട് ..അവള്‍ വാശിയോടെ ഓരോന്ന് ചെയ്തു തീര്‍ത്തു ..
മിനുക്ക്‌ പണികള്‍ കഴിഞ്ഞു ...
അവള്‍ തന്റെ പുത്തന്‍ വീടിന്റെ ചന്തം മാറി നിന്ന് നോക്കി...ഇനി കുട്യോള്‍കൊക്കെ....ഇഷ്ടാവോ എന്തോ ?????? അവള്‍ മനസ്സില്‍ മന്ത്രിച്ചു, ..

കണ്ണുകളില്‍ സന്തോഷത്തിന്റെ അലയുമായി തന്റെ പൊന്നോമനകള്‍ക്ക് പട്ടുമെത്ത വിരിക്കാന്‍ പിന്നെയും അവള്‍ അകലേക്ക്‌ പറന്നു.........മനസ്സില്‍ ഒരുപാടു പ്രതീക്ഷയോടെ വീണ്ടും........