2012, ഡിസംബർ 30, ഞായറാഴ്‌ച


 കുപ്പിവളകള്‍

 കുപ്പിവളകള്‍പോലെ ആയിരുന്നു ജീവിതം. എത്ര സുന്ദരമായി ഞാനണിഞ്ഞ കുപ്പിവളകള്‍ എന്റെ കയ്യില്‍ നിന്നും അറിയാതെ എപ്പോഴോ ഓരോന്നായ് പൊട്ടിതകര്‍ന്നു മണ്ണിലേക്കു വീണു...

എന്നാലും കാലമുരുണ്ടപ്പോള്‍ മഴ കഴുകിയെടുത്ത മണ്‍പുതപ്പില്‍ നിന്നും മുളച്ചുപൊന്തി പലയിടത്തായി ചിതറിക്കിടന്നിരുന്ന പാതിപൊട്ടിയ വളപ്പൊട്ടുകള്‍ പെറുക്കിയെടുത്ത് ഒത്തവര്‍ണം ഒത്തുനോക്കി സ്നേഹം നിറച്ച ഒരു ചിമ്മിനി വിളക്കത്തുരുക്കിവളച്ച് ഒരു മാലയാക്കിയെന്റെ സുന്ദരമായ ജീവിതം ഞാന്‍ വീണ്ടെടുത്തു...

പൊട്ടി തകര്‍ത്തതൊന്നും കുപ്പിവളകള്‍ ആയിരുന്നില്ല...
എന്‍റെ കിനാക്കളുടെ ചില്ലു കൊട്ടാരമായിരുന്നു!
പക്ഷേ ...ചിലത് നഷ്ടപെടുത്താതെ ചിലത് നേടാനാവില്ലല്ലോ?..

2012, ഡിസംബർ 19, ബുധനാഴ്‌ച

എത്ര കഠിനമായ
ഏകാന്തതയുടെ വേലിയേറ്റത്തിലും ,
അദൃശ്യമായ് വന്നെന്‍റെ
നൊമ്പരത്തിന്‍ നെറുകയില്‍
ചുംബനത്തിന്‍ സിന്ദൂരം തൊട്ടുപോകുന്ന
പ്രിയപ്പെട്ടവനെ, എനിക്കറിയാം ...
നിനക്കെന്നോട് എത്രയാണ്.. ഇഷ്ടമെന്ന്.. !

ഇന്നും, ഒരു മൌനത്തിന്റെ രണ്ടു യുഗങ്ങളിൽ
പെയ്തു തോര്‍ന്നു നാം മരിക്കുന്നു....
ഒരിക്കലും ഒരുമിച്ചൊരു മഴവില്ലു വരയ്ക്കാനാകാതെ.....


വേര്‍പാടിന്റെ വേദനയില്‍
നീര്‍ച്ചാലുകള്‍ കവിളില്‍ തടമെടുക്കുമ്പോഴാണ്
ഞാനാദ്യമായി അവനെ അറിഞ്ഞുതുടങ്ങിയത്‌,

മറുവാക്കുരിയാടാതെ എന്റെ വാക്കുകള്‍ക്കു
കാതോര്‍ത്തിരുന്നവനെന്നും
നല്ലൊരു കേള്‍വിക്കാരനായിരുന്നു...

എന്നിട്ടും,
വാചാലതയില്‍ നിന്നും മൌനത്തിലേക്ക്‌
എന്നെ കൈപിടിച്ച് നടത്തിച്ചതവനായിരുന്നു..

യാമങ്ങളിലെന്റെ തേങ്ങലും കണ്ണുനീരും
ആരുമറിയാതിരിക്കാന്‍ അവനെന്നെ ചേര്‍ത്തുപിടിച്ചു,

അവനിന്നറിയാം..,എനിക്കു തുണയായ്..
സാന്ത്വനമായ് മറ്റാരുമില്ലെന്ന്..

എങ്കിലും,
അവന്റെ മടിത്തട്ടില്‍ നിന്നും മണ്ണിലേക്കൂര്‍ന്നിറങ്ങുവാന്‍
ഞാനാഗ്രഹിക്കുന്നുണ്ടെന്നറിയാത്ത ഭാവം
നടിക്കുകയാണോ
അവന്‍ ...?

ഞാനും നീയും
തമ്മിലുള്ള..
അകലത്തിലൊഴുകുന്ന
പുഴയാണെന്‍
കവിത .....

ഞാന്‍ സ്വപ്നങ്ങൾ
വിൽക്കാനായെത്തിയവൾ..
വെന്തുരുകി
അഴുകിത്തുടങ്ങിയ
സ്വപ്‌നങ്ങള്‍
വഴിയോരത്ത്
വില്‍ക്കാന്‍ വച്ചിരിക്കുന്നു...

2012, ഡിസംബർ 18, ചൊവ്വാഴ്ച

പ്രണയം


നഷ്ടപെട്ടതിന്റെയാഴം
ഒരു വാക്കില്‍
ഒതുക്കാനാവുമെങ്കില്‍ ..
തീര്‍ച്ചയായും അത്
മൂന്നക്ഷരമുള്ള
നിന്റെ പേര്
തന്നെയാണ് ...
ഒരിക്കലും നഷ്ട്ടമാവാത്തതും
നിന്റെ പേര്...
പേര് പോലെ തന്നെ
മൂന്നക്ഷരമുള്ള
" പ്രണയം".....

2012, ഡിസംബർ 1, ശനിയാഴ്‌ച


ഒരു പുതിയ ജീവിതത്തിലേക്കുള്ളൊരു പറിച്ചു നടല്‍,
അങ്ങനെയാണ് ഓരോ ദിവസവും പുനര്‍ജനിക്കുന്നത്...
പക്ഷെ വേരുകള്‍ അതു നമ്മളെ തുടങ്ങിയിടത്തു തന്നെ
കൊണ്ടെത്തിക്കുമ്മെന്നു കാലം വീണ്ടും വീണ്ടും തെളിയിച്ചു തരുന്നു....
ഒരു പക്ഷെ ശരീരം കൊണ്ടല്ലെങ്കില്‍ മനസുകൊണ്ടെങ്കിലും
പഴയ ഓര്‍മ്മകളിലെക്കു അറിയാതെ സഞ്ചരിച്ചെന്നു വരും...
അവിടെ ചിലപ്പൊഴൊക്കെ എനിക്കു കാലത്തെ
തോല്പിക്കാന്‍ കഴിയുമെന്ന ഭാവത്തില്‍ പലപ്പോഴും
മനസ്സു തലയുയര്‍ത്തി നില്‍ക്കും..
വികലമായ മനസ്സിന്റെ മിഥ്യയായ ബോധം......

ഇനി ഇങ്ങനെയൊന്നു എഴുതാന്‍ കഴിയുമെന്നു കരുതിയതല്ല.
പക്ഷെ കാലം മായ്ക്കാത്ത മുറിവുകളില്ലല്ലൊ?
കാലത്തിന്റെ ആ നന്മയുടെ ശക്തി,
അതിനെ ഈശ്വരനെന്നു വിളിക്കാം.
എല്ലാ ബന്ധനങ്ങളുടെ വേരുകളേയും
ശിഥിലീകരിക്കുന്ന ആ ശക്തി....
അവിടേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു
എല്ലാം എന്നു ഇപ്പൊഴെനിക്കു തോന്നുന്നു..

അതല്ലെങ്കില്‍ എന്തിനും ഒരു കാരണം വേണമല്ലോ?
ഇവിടെ ഈ നിമിഷം വരെ എത്തി നില്‍ക്കാന്‍ വേണ്ടി
സംഭവിച്ച കാരണങ്ങള്‍ മാത്രമായിരുന്നു കഴിഞ്ഞതെല്ലാം....
അങ്ങനെ വിശ്വസിക്കുവാനാണു ഇന്നെനിക്കു തോന്നുന്നത്....
ആ വിശ്വാസത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തതയുണ്ട്‌... സമാധാനമുണ്ട്‌...

ഞാന്‍ മുന്പു ഏറേ ഭയപ്പെട്ടിരുന്ന എകാന്തതയാണു
ഇപ്പോഴത്തെ എന്റെ ഏറ്റവും സുഖകരമായ അനുഭൂതി....
ചിലപ്പോള്‍ അതില്‍ വസന്തത്തിന്റെ സംഗീതം കേള്‍ക്കാം,
ഭംഗിയുള്ള ചിത്രശലഭങ്ങളുടെ നൃത്തങ്ങള്‍ കാണാം...

ഇപ്പോള്‍ ഈ വേരുകള്‍ക്കു ഇടയില്‍ ജീവിക്കുമ്പോഴും അവ എന്നെ ബന്ധിക്കുന്നില്ല...... ബന്ധിക്കാതിരിക്കട്ടെ.......