2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച


വര്‍ഷങ്ങളിലായി വാക്കും പൊരുളും
തമ്മില്ലുള്ള തര്‍ക്കം ഇന്നും തുടരുന്നു...

താന്‍ വിചാരിക്കാത്തിടത്ത് പൊരുള്‍
ഒളിയമ്പുകള്‍ തുരുതുരാ പായിച്ചുകൊണ്ടിരിക്കുന്നുവെന്നു വാക്ക്.

തനിക്കു പിടിതരാതെ വാക്ക് മുന്‍പേ
പായുന്നുവെന്ന് പൊരുള്‍.

ഒടുവില്‍ ഒരുമിച്ച്‌ ഇനി മുന്നോട്ടില്ലെന്ന് ഉറപ്പിച്ച്‌
പിന്തിരിഞ്ഞ വാക്ക് പൊരുളിനെ കണ്ടില്ല....

മുന്നില്‍, തനിക്കു മുന്‍പേ പിന്തിരിഞ്ഞ
തന്റെ നിഴല്‍ മാത്രം. .....

അടങ്ങാത്ത കടലിലെ തിരമാലകള്‍ നോക്കി അവൾ ഇരുന്നു....ഒപ്പം അവനും.
എത്ര നേരം അവർ ഇരുവരും ആ ഇരുപ്പ് തുടർന്നുവെന്നു അവർക്കിരുവർക്കും നിശ്ചയം ഉണ്ടായിരുന്നില്ല ...
പ്രക്ഷുബ്ധമായ കടൽ പോലെ ആയിരുന്നു അവളുടെ മനസ്സ് . നഷ്ടബോധം,അപമാനം, ഇനിയെന്ത് എന്നുള്ള ആധി ,വഞ്ചിക്കപ്പെട്ടവളുടെ നിസ്സഹായാവസ്ഥ അങ്ങനെ പല പല വികാരങ്ങൾ അവളെ ശ്വാസം മുട്ടിച്ചു ....

എങ്ങനെ ഈ കുരുക്കിൽ നിന്നും രക്ഷപ്പെടും എന്നത് മാത്രമായിരുന്നു അപ്പോൾ അവന്റെ ചിന്ത...ഒരു നേരം പോക്കിനായി തുടങ്ങിയതാണ്‌.. ഇത്രയും കൊണ്ടെത്തിച്ചത് അവളാണ്,താനല്ല അവൻ സ്വയം കുറ്റ വിമുക്തനാകുവാൻ പരിശ്രമിച്ചു പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്.. .

ഒടുവിൽ ഒരു നീണ്ട മൌനത്തിനു ശേഷം ഒന്നും പറയാതെ അവൻ എഴുന്നേറ്റു അകലേക്ക്‌ നടന്നകന്നു .ചക്രവാള സീമയിൽ നിന്നും മിഴികൾ അയച്ചവൾ അവന്റെ ആ പോക്ക് നോക്കി ഇരുന്നു... ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ .....


തിരമാലകൾ അവളുടെ കാൽപ്പാദങ്ങളിൽ ഉരുമ്മി ഉമ്മ വെച്ച് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു ....കരയാൻ പോലുമാവാതെ തരിച്ചിരുന്ന അവളുടെ മനസ്സ് പിന്നോട്ട് പാഞ്ഞു.

ഒരിക്കൽ ഈ തിരമാലകൾ കണക്കെ അവൻ തന്നിലേക്ക് ആർത്തിരംബിയതാണ്‌.. .ആ അലകളിൽ നനഞ്ഞ പൂഴി പോലെ താൻ സ്വയം കുഴഞ്ഞതാണ്.. .അവന്റെ സ്നേഹം പതഞ്ഞൊഴുകിയപ്പോൾ അതിൽ ഒലിച്ചു പോയ ഒരു മണ്‍തിട്ട മാത്രമാണ് താൻ... .

അപ്പോൾ അടിവയറ്റിൽ നിന്നും ഒരു അനക്കം, കൈകൾ വയറ്റിൽ ചേർത്തു വെച്ചപ്പോൾ അങ്ങനെ തോന്നിപ്പോയി .അനക്കം വെച്ച് തുടങ്ങാൻ സമയമായില്ല .അതിനു ഇനിയും മാസങ്ങൾ എടുക്കും.അവളുടെ കണ്ണുകളിൽ വീണ്ടും ഒരു സമുദ്ര തിരയിളകി ...

തണുത്ത അലുമിനിയം മേശ പുറത്ത് നഗ്നയായി നിർവികാരതയോടെ കിടക്കുമ്പോൾ അവളറിഞ്ഞു തന്റെയുള്ളിലെ സമുദ്രം ഉൾ വലിയുകയാണ്‌... വയറിനുള്ളിൽ കത്രികയുടെ മൂർച്ച തുളഞ്ഞു കയറിയപ്പോൾ ആ കുഞ്ഞു ജീവന്റെ തുടിപ്പും അവളോടൊപ്പം പിടഞ്ഞിരിക്കണം.. .ഒരു സുനാമി കണക്കെ ചുവന്ന കടലിൽ ആ മാംസ പിണ്ഡം ഇനി വേസ്റ്റ് പെട്ടിയിൽ ....

കൂട്ടുകാരിയോടൊപ്പം ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ പാർക്കിംഗ് ഏരിയയിൽ പരിചയമുള്ള കാർ ...അവളുടെ ഹൃദയം ഒന്ന് നുറുങ്ങി ...നവവധുവിനോടൊപ്പം അവൻ.. .....എത്ര നിയന്ത്രിച്ചിട്ടും വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകി .....ഒരിക്കലും നിലക്കാത്ത തിരമാലകൾ പോലെയാണ് തനിക്കിനി കണ്ണുനീർ എന്ന സത്യം അവൾ തിരിച്ചറിഞ്ഞു .....