2009, മേയ് 10, ഞായറാഴ്‌ച

ഇന്നലെയുടെ അര്‍ത്ഥതലങ്ങള്‍ ഭയന്ന്
പണ്ടേ പടിയടച്ച്‌ പിണ്ഡം വെച്ചവ:

ആത്മഹത്യയും ഭ്രാന്തും
പടിപ്പുരയില്‍ മുട്ടിവിളിച്ചുകൊണ്ടേയിരുന്നു...

വാതില്‍ കടക്കുന്ന നിമിഷത്തില്‍
അവ വ്യാഖ്യാനങ്ങള്‍ എഴുതിത്തുടങ്ങും..

ഡയറിത്താളില്‍ കുറിച്ചിട്ട കവിതയില്‍ നിന്ന്
പ്രണയ നൈരാശ്യം ചികെഞ്ഞെടുക്കും..

അടഞ്ഞു കിടക്കുന്ന മുറികളില്‍ കയറിയിറങ്ങി
അനാഥത്വത്തെ തട്ടിയുണര്‍ത്തും..

കരിന്തിരി കത്തുന്ന വിളക്കില്‍ നിന്ന്
ദാരിദ്ര്യം കണ്ടെടുക്കും...

അതിനാല്‍ ഞാന്‍ പടിപ്പുരവാതില്‍
എന്നെന്നേക്കുമായി അടച്ചു;
നിലാവില്‍ ഉണങ്ങാനിട്ട
സ്വപ്നങ്ങള്‍ക്ക് കാവലിരുന്നു...