2011, മേയ് 29, ഞായറാഴ്‌ച

മാതാപിതാക്കളുടെ പരിലാളനകളില്‍ നിറഞ്ഞു നിന്ന വര്‍ണാഭമായ ശൈശവ കാലത്തെ കുറിച്ച് പറയാന്‍ നമുക്കെല്ലാവര്‍ക്കും ഒരുപാട്കഥകളുണ്ട്..


ഇവര്‍ക്കുമുണ്ട്‌ പറയാനേറെ കഥകള്‍..

അനുദിനം വന്നു വീഴുന്ന
അനാഥമായ പിറവികളുടെ
ഉപേക്ഷിക്കപ്പെടുന്ന കുരുന്നു ജന്മങ്ങളുടെ
വരിയുടഞ്ഞ നിഷ്കളങ്ക ജീവിതങ്ങളുടെ
നിറം കെട്ട കഥകള്‍..

അന്നോളം രുചിച്ചറിഞ്ഞിട്ടില്ലാത്ത
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം
സ്വപ്നത്തിലൊരുമാത്ര നുണഞ്ഞു പുഞ്ചിരിച്ചും
അമ്മ വന്നൊരുമ്മ തരുമെന്ന്
വെറുതെ കൊതിച്ചു
കൈവിരലുണ്ടു മയങ്ങിയും
അറിയാതെയുറക്കത്തില്
അരികിലൊരു
മുലഞെട്ട് തിരഞ്ഞു
അര്‍ദ്ധരാത്രിയില്‍ ഞെട്ടിയുണര്‍ന്നു കരഞ്ഞും
ആരാലും ‍താലോലിക്കപ്പെടാത്ത
കൊച്ചു കുറുമ്പുകളുടെ
കുസൃതികളുടെ
നിഷ്കളങ്കമായ നിസ്സഹായതകളുടെ
എണ്ണമറ്റ കഥകള്‍..

ഇരുട്ടിന്റെ മറവില്‍
ആളൊഴിഞ്ഞ റയില്‍പ്പാളത്തിനരികില്‍
അമ്പലപ്പറമ്പില്‍
പഴകിയ എച്ചില്‍ക്കൂനകളില്‍ വെച്ച്
അറുത്തുമാറ്റപ്പെടുന്ന പൊക്കിള്‍ക്കൊടി ബന്ധങ്ങളെ
ചോരത്തുണിയില്ത്തുടിക്കുന്ന
ജീവന്റെ അവശേഷിപ്പുകളെ
തെരുവു നായ്ക്കള്‍ കടിച്ചു കുടയുന്ന
പരുന്തും പ്രാപ്പിടിയനും റാഞ്ചുന്ന
ഇടനെഞ്ചു തകരും കഥകള്‍...

കഥകള്‍ നമ്മോടു ചിലതൊക്കെ പറയുന്നുണ്ട്...
പറയാതെ പറയുന്ന ചില പറയാത്ത കഥകള്‍...
പറയാന്‍മാത്രം ബാക്കിവെച്ചു നാo നിര്‍ത്തുമീ തുടരുന്ന ജീവന്റെ തുടിപ്പിന്‍ കഥകള്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ