2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച


നഷ്ടങ്ങള്‍ 


 നഷ്ടങ്ങള്‍ എത്ര ചെറുതാണെങ്കിലും വേദനയാണ്‌. കരുതിവച്ചിരുന്നതെന്തോ കൈവിട്ടു പോകുന്നു. ആ സംഗതിയോടുള്ള ഇഷ്ടംകൊണ്ടല്ലേ ഞാനത്‌ സ്വന്തമാക്കിയത്‌. എന്നിട്ടിപ്പോള്‍ അതെന്റേതല്ലാതാകുന്നു. കുഞ്ഞും നാളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ലൊട്ടുലൊടുക്ക്‌ സാമാനങ്ങള്‍, ഒരു പക്ഷിത്തൂവല്‍,ഒഴുകാൻ മറന്നൊരു കടലാസു തോണി..
പൊട്ടിയ സ്ലേറ്റ്, പെൻസിൽ..
വക്കുപൊട്ടിയ കണ്ണൻ ചിരട്ട..
ചിതറിയ മഴവില്ലിന്റെ വളപ്പൊട്ടുകൾ....
.... എവിടെയോ കളഞ്ഞു പോകുന്നു. എനിക്കുചുറ്റുമുള്ള ലോകം തന്നെ ഇല്ലാതാകുന്നതുപോലെ. എന്നിട്ടും ഒരു സത്യമുണ്ട്‌. വേഗം, ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വേഗം ഞാനവയൊക്കെ മറന്നുപോയി. ഇത്തിരി നൊമ്പരത്തിന്റെ ഓര്‍മ്മ പോലും പാടെ ഇല്ലാതായി.

പക്ഷേ ഇപ്പോള്‍ ഞാനൊരു നഷ്ടത്തിലാണ്‌. സമയത്തിനു മായ്ക്കാന്‍ വയ്യാത്ത ഒരു നഷ്ടം. ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണെനിക്ക്‌ നഷ്ടമായിരിക്കുന്നത്‌. ഒരു സ്വപ്നം! ഏറെ മധുരതരവും, സുഖകരവുമായ ഒരു സ്വപ്നം. എത്ര സങ്കടനേരത്തും കണ്ണീരിലും ആ സ്വപ്നത്തിന്റെ നനുത്തവിരലുകള്‍ എന്റെ കണ്ണുനീരൊപ്പിയിരുന്നു. നിലാവില്ലാത്ത രാത്രിയില്‍ കടലില്‍ ആകാശത്തിനും വെള്ളത്തിനുമിടയില്‍ ഒഴുകിയലഞ്ഞിരുന്ന എനിക്കുമുന്‍പില്‍ അങ്ങുദൂരെയെങ്കിലും തെളിഞ്ഞു കത്തിയിരുന്ന ഒരിത്തിരി വെട്ടമായിരുന്നു ആ സ്വപ്നം. അതിന്ന് കെട്ടുപോയിരിക്കുന്നു.

ഞാനെത്രയോ തവണ കണ്ണടച്ചും തുറന്നും നോക്കി. ഇല്ല... ഒരു കണികപോലും അവശേഷിച്ചിട്ടില്ല. തികച്ചും അനന്തതയിലെക്കുള്ള ഒരൊളിച്ചോട്ടം. ഒരു യാത്രപോലും പറായാതെ.... പകരം വയ്ക്കാനാവില്ല. തിരിച്ചു കിട്ടാനും പോണില്ല. ഹോ കാലമേ, വസന്ത ശിശിരങ്ങളെ തേരിലേറ്റി നീ എന്റെ തലയ്ക്കു മീതെ പാഞ്ഞു പോകുമ്പോള്‍ ഞാനറിയാതെ മോഹിക്കുന്നു. ഏതോ ഒരു നിലാ പൗര്‍ണ്ണമിയില്‍ നീ എടുത്തുകൊണ്ടുപോയ ആ സ്വപ്നം ഒരു നിമിഷത്തേയ്ക്കെങ്കിലും ഒന്നു തിരിച്ചുതരില്ലേ?

ചിതറിത്തെറിച്ച സ്വപ്നങ്ങളെ
തിരിച്ചെടുക്കാന്‍ ഞാന്‍ മെനക്കെട്ടില്ല;
കൈവിട്ടതിനെ തിരികെ നേടാനും.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ