2013, നവംബർ 19, ചൊവ്വാഴ്ച

ലാങ്കി ലാങ്കി പൂക്കൾ



ചില പുസ്തകങ്ങള്‍ വായിച്ചിരിക്കുമ്പോള്‍ അതില്‍ നിന്ന് ചിന്തയിലേക്കും,സ്വപ്നങ്ങളിലെയ്ക്കും വഴുതി വീഴുന്ന പുതിയ ശീലത്തിലാണ് ഞാന്‍....
പണ്ട് ഒരു മണിക്കൂര്‍ കൊണ്ട് വായിച്ചു തീരുന്നവ, ഇപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് മാത്രം തീര്‍ക്കാന്‍ കഴിയുന്നതിനു കാരണവും ഇതാണ്....
ജീവിതമെന്ന മഹാത്ഭുതം....ഒക്കെ കഴിഞ്ഞു എന്ന് നമ്മള്‍ ചിന്തിക്കുന്നിടത്താകും പലതിന്റെയും തുടക്കം...ദുഖത്തിന്റെ അന്തമില്ലാത്ത കടല്‍ എന്ന് കരുതി മുങ്ങി മരിക്കാന്‍ മനസ്സ് കൊണ്ട് തയ്യാറെടുക്കുമ്പോള്‍ കാല്‍ കീഴില്‍ ഉറപ്പുള്ള മണ്ണ്
ഓരോ നിമിഷവും ജീവിതം പുതിയ പാഠങ്ങള്‍ നല്‍കുന്നു....

നഗരത്തിന്റെ തിരക്കില്‍,ജോലിയുടെ ഓട്ടത്തില്‍ എനിക്കെന്നെ നഷ്ടമായി എന്ന് കരുതിയിരുന്ന കാലം ഉണ്ടായിരുന്നു....നഗരമോ ഗ്രാമമോ ഒന്നുമല്ല നമ്മുടെ കണ്ണും കാതും തുറന്നു വച്ചാല്‍ മാത്രം മതി എന്നതാണ് സത്യം..
മനസ്സുകൊണ്ട് ശ്രമിച്ചാല്‍ നമുക്കു ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ സാധിക്കും...ജീവിതം മനോഹരമാക്കുന്നത് ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങള്‍ ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍....

ഈയിടെയായി അതിരാവിലെ പ്രണയം നിറച്ച ഒരു കുയില്‍ നാദം കേള്‍ക്കാറുണ്ട് ..
മഞ്ഞു മൂടിയ ഈ തണുത്ത രാവില്‍, തീര്‍ത്തും അപ്രതീക്ഷിതമായി എനിക്കായി ഒരു കുയില്‍ പാടുന്നു. ആഹ്ലാദത്തോടെ..........കുസൃതിയോടെ, ഞാനും തിരിച്ചു പാടി.....കൂ.........കൂ...........!
വാശിയോടെ അതും തിരിച്ചു കൂവുന്നതു കേള്‍ക്കാന്‍ എന്തു രസം..
ഗ്രാമത്തിലാണേല്‍,..ഉറക്കെ കൂവുമായിരുന്നു... ഇപ്പോള്‍,അമ്മ ഓര്‍മിപ്പിക്കും, ''ഇത് നമ്മുടെ ഗ്രാമമല്ല.,,ഹൌസിംഗ് കോളണിയില്‍ അടുത്തടുത്ത്‌ വീടുകളുണ്ട്.''

പ്രഭാതങ്ങളില്‍ വിളിച്ചുണര്‍ത്താന്‍ ഇമ്പം നിറഞ്ഞ കുയില്‍ നാദം!
മനസ്സില്‍ സംഗീതവും സന്തോഷവും നിറയാന്‍ വേറെയെന്തു വേണം?

പെട്ടന്നാണ് ഞാന്‍ ഓര്‍ത്തത്, പാട്ടും പാടി കൊണ്ടിരുന്നാല്‍ മതിയോ
ഇന്ന് ഓഫീസില്‍ പോവേണ്ടേ എനിക്ക്‌?....
എത്ര തിരക്കിട്ട് ഓടിയാലും ,അത് കൂവുന്നതു കേള്‍ക്കുമ്പോള്‍ പിന്നെയും ഒരു ചെറുപുഞ്ചിരി വിടരും....

മഴത്തുള്ളികൾ ഉമ്മവെച്ച ലാങ്കി ലാങ്കി പൂക്കൾ മണക്കുന്ന വഴിയിലൂടെ നടക്കുമ്പോള്‍
മനസ്സ്‌ നിറയുമായിരുന്നു..എന്നും! മനംമയക്കുന്ന സുഗന്ധമൊന്നുമില്ലെങ്കിലും പൂത്തു നില്‍ക്കുന്ന ശീമക്കൊന്നമരങ്ങള്‍ അതിരിട്ടു നില്‍ക്കുന്ന റോഡിലൂടെ പോകുമ്പോള്‍, മനസ്സില്‍ പുഞ്ചിരി വിരിഞ്ഞു തുടങ്ങും..കാരണം തറവാട്ടുവീട്ടിലെ ഒഴിവുകാലത്തിലേക്ക് മനസ്സ് ചെന്നെത്തും..എത്രകാലത്തിനു ശേഷമാണ് സുന്ദരമായ റോസ്‌ നിറത്തിലുള്ള പൂക്കുലകള്‍ കാണുന്നത്!

തറവാട്ടിലെ തൊടിയിലാണ്...ആദ്യമായി, പൂത്തുനില്‍ക്കുന്ന ശീമക്കൊന്ന മരങ്ങള്‍ കാണുന്നത്, പച്ച ഇലകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന റോസ് നിറത്തിലുള്ള പൂക്കുലകള്‍ മനസ്സില്‍ ഉടക്കിയത് അന്ന് മുതലാണ്‌...തീരെ ശുശ്രുക്ഷിക്കാതെ,നമ്മുടെ ശ്രദ്ധ ലഭിക്കാതെ നമുക്ക് പൂക്കള്‍ തരുന്ന മരമാണ്,ശീമക്കൊന്ന...പിന്നീടു വീട്ടിലെ വളപ്പില്‍ അതിരില്‍ വേലിക്കു പകരം നിറയെ ശീമക്കൊന്നമരങ്ങള്‍ നിരന്നു....വളര്‍ന്നു....!

ആരും ശ്രദ്ധിക്കാതെ, വഴിപ്പോക്കാരുടെ കണ്ണിനു ഉത്സവമായി ചെടികളില്‍ നിറഞ്ഞ പൂക്കുലകള്‍ ഒരുപാടിഷ്ടമായിരുന്നു.. ഇപ്പോഴും അതങ്ങിനെ തന്നെ!
മെല്ലെ മെല്ലെ ഹൃദയം ആര്‍ദ്രമാക്കുന്ന ഈ പൂക്കള്‍ കാണാന്‍ എന്ത് ഭംഗി !മെല്ലെ കിനാവിന്റെ ജാലകങ്ങള്‍ തുറന്ന്..ഈ പൂക്കള്‍ എന്നില്‍ മോഹങ്ങള്‍ ഉണര്‍ത്തുന്നു. . കവിതയുടെ ഈരടികള്‍ പിറക്കുന്നു. .ഹൃദയമിടിപ്പുകള്‍ ഉച്ചത്തിലാകുന്നു...എങ്ങിനെയാ പറയേണ്ടത് എന്നെനിക്കറിയുന്നില്ല... എന്തുകൊണ്ട് ഈ പൂക്കളെ ഞാനിത്രയധികം ഇഷ്ടപെടുന്നു....എന്ന് ചിന്തിച്ചു തീര്‍ന്നില്ല...അപ്പോഴേക്കും ഓഫീസ്‌ എത്തിയിരുന്നു!

2 അഭിപ്രായങ്ങൾ: